തിരു: വൈദ്യുതിവിതരണത്തില്‍ നിയന്ത്രണം വരുത്തി ജനങ്ങളെ വലയ്ക്കുന്നതിനിടെ വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനവും സ്തംഭനത്തിലേക്ക്. 2300 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല. വിവിധ ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. പുറമെനിന്ന് വൈദ്യുതി വാങ്ങി വിതരണംചെയ്യുന്ന ഇടനിലക്കാരന്റെ ജോലിയില്‍മാത്രം ഒതുങ്ങുന്ന ബോര്‍ഡിന് പ്രതിസന്ധി മുറിച്ചുകടക്കാന്‍ പദ്ധതികളുമില്ല. ലോഡ്ഷെഡിങ്ങിനു പുറമെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതിനിയന്ത്രണം 12 വരെ നീട്ടിയെന്നാണ് ബോര്‍ഡ് ഔദ്യോഗികമായി പറയുന്നതെങ്കിലും അനിശ്ചിതമായി നീളുമെന്നുറപ്പാണ്. ഒറീസയിലെ താല്‍ച്ചര്‍ നിലയത്തിലുണ്ടായ പ്രതിസന്ധിയാണ് കേന്ദ്രവിഹിതത്തില്‍ പെട്ടെന്ന് ഇടിവുണ്ടാക്കിയത്. എന്നാല്‍, താല്‍ച്ചറിലെ പ്രശ്നം തീര്‍ന്നാലും പ്രതിസന്ധി അവസാനിക്കില്ല. വേനല്‍ കടുക്കുന്നതോടെ കേന്ദ്രനിലയങ്ങളില്‍നിന്നുള്ള വിഹിതത്തില്‍ ഇനിയും കുറവുണ്ടാകും. വേനല്‍മഴ കിട്ടിയില്ലെങ്കില്‍ കേരളം വൈകാതെ പൂര്‍ണമായി ഇരുട്ടിലാകുമെന്നുറപ്പാണ്.
ദേശീയതലത്തില്‍ കടുത്ത ഊര്‍ജക്ഷാമം നിലനില്‍ക്കുമ്പോഴും കേന്ദ്രപദ്ധതികളെമാത്രം ആശ്രയിച്ച് വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിനു മാത്രമായി ഇപ്പോള്‍ മുടക്കുന്നത് മാസം 770 കോടിയാണ്. വൈദ്യുതിനിരക്കിനത്തില്‍ ലഭിക്കുന്നതാകട്ടെ 710 കോടിയും. 120 യൂണിറ്റുവരെ ഉപയോഗമുള്ളവരെ നിരക്കുവര്‍ധനയില്‍നിന്ന് ഒഴിവാക്കിയതിന്റെ സബ്സിഡി അടക്കമുള്ള കോടികള്‍ സര്‍ക്കാരില്‍നിന്ന് പിരിഞ്ഞുകിട്ടുന്നുമില്ല. വിവിധ ജലവൈദ്യുതപദ്ധതികളുടെ നിര്‍മാണവും നിലച്ചു. പുതുതായി ഒരു മെഗാവാട്ടുപോലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ല. 60 മെഗാവാട്ടുശേഷിയുള്ള പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ അടക്കം പത്തോളം പദ്ധതിയാണ് മുടങ്ങിക്കിടക്കുന്നത്. കൂടംകുളത്തുനിന്ന് കേരളത്തിന്റെ വിഹിതമായി അനുവദിച്ചുകിട്ടിയ 266 മെഗാവാട്ട് എത്തിക്കുന്നതിനുള്ള പ്രസരണ ലൈനിന്റെ പണി പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയാക്കാന്‍ ഇടപെടലുമില്ല. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം മുന്നില്‍ക്കണ്ട് തയ്യാറാക്കിയിരുന്ന പ്രസരണ മാസ്റ്റര്‍പ്ലാന്‍ ഉപേക്ഷിച്ച മട്ടാണ്. വിതരണമേഖലയും ഇപ്പോള്‍ അപകടാവസ്ഥയിലാണ്. സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണി മുടങ്ങി. കമ്പികളും പോസ്റ്റുകളും ഇല്ല. കമ്പോളത്തില്‍നിന്ന് കൊള്ളവിലയ്ക്ക് വാങ്ങുന്ന വൈദ്യുതി അളന്നുനല്‍കാന്‍ മീറ്റര്‍പോലും ലഭ്യമല്ല. 2011 മാര്‍ച്ചിനുശേഷം വൈദ്യുതിബോര്‍ഡ് മീറ്റര്‍ വാങ്ങിയിട്ടില്ല. വിറ്റ വൈദ്യുതിക്ക് ബില്‍ നല്കാന് സ്പോര്‍ട്ട് ബില്‍ ഫോറംപോലും സെക്ഷന്‍ ഓഫീസുകളില്‍ ലഭ്യമല്ല.
(ആര് സാംബന്)
40 ലക്ഷം മീറ്റര്‍ തകരാറില്‍
തൃശൂര്‍: സംസ്ഥാനത്ത് 40 ലക്ഷത്തോളം വൈദ്യുതി മീറ്ററുകള്‍ പ്രവര്‍ത്തനരഹിതം. ഇതില്‍ 35 ലക്ഷത്തോളം ഗാര്‍ഹിക ഉപയോക്താക്കളുടേത്്. 30 ലക്ഷം ഗാര്‍ഹിക മീറ്ററുകള്‍ കേടാണെന്ന് കെഎസ്ഇബി ഔദ്യോഗികമായി സമ്മതിക്കുന്നു. വ്യവസായ, വാണിജ്യ ഉപയോക്താക്കളെക്കൂടി കണക്കിലെടുത്താല്‍ 40 ലക്ഷത്തോളം മീറ്റര്‍ പ്രവര്‍ത്തനരഹിതമാണ്. ഇതോടെ വേനലില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട "ലാഭപ്രഭ" പദ്ധതിയും അവതാളത്തിലായി. വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്ന ഉപയോക്താക്കള്‍ക്ക് കെഎസ്ഇബി സമ്മാനങ്ങള്‍ നല്‍കുന്നതാണ് ലാഭപ്രഭ പദ്ധതി. സമ്മാനങ്ങള്‍ക്കും പ്രചാരണത്തിനുമായി എട്ടുകോടിയാണ് ചെലവഴിക്കുന്നത്. മീറ്ററുകള്‍ തകരാറായതിനാല്‍ പദ്ധതിയുടെ ഗുണം ലഭിക്കാത്ത സ്ഥിതിയാണ്. ലാഭപ്രഭയില്‍ ചേരാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. ജനകീയ പ്രചാരണങ്ങളില്ലാത്തതിനാല് ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും പദ്ധതിയില്‍ ചേരാനുമായിട്ടില്ല.
നിലവില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ശരാശരി തുക കണക്കാക്കിയാണ് മീറ്റര്‍ കേടുവന്ന ഉപയോക്താക്കള്‍ക്ക് ബില്‍ നല്‍കുന്നത്. കുറവ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇത് നഷ്ടമാണ്. കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് ലാഭവും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 40 ശതമാനം മീറ്ററുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇവ മാറ്റാന്‍ സര്‍ക്കാര്‍ കര്മപരിപാടിയുണ്ടാക്കി. പൂട്ടിക്കിടന്ന കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്ന പൊതുമേഖലാകമ്പനി തുറപ്പിച്ചു. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിമീറ്ററുകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിനു മീറ്റര്‍ പുനഃസ്ഥാപിച്ചു.
(വി എം രാധാകൃഷ്ണന്)
വൈദ്യുതി കാത്ത് അരലക്ഷം അപേക്ഷകര്‍
കാസര്‍കോട്: യുഡിഎഫ് സര്‍ക്കാര്‍ പുതിയ വൈദ്യുതി കണക്ഷനും നിഷേധിക്കുന്നു. ഫെബ്രുവരിവരെ പണമടച്ച 44,565 അപേക്ഷകര്‍ക്ക് കെഎസ്ഇബി കണക്ഷന് നല്‍കാനുണ്ട്. ഗാര്‍ഹിക, വ്യവസായ, വാണിജ്യ ഉപയോക്താക്കളുള്പ്പെടെയുള്ളവരുടെ അപേക്ഷയാണിത്. കൂടുതല്‍ കണക്ഷന് നല്‍കാനുള്ളത് കോഴിക്കോട് ജില്ലയിലാണ്- 7369. രണ്ടാമത് മലപ്പുറം- 7263. തിരുവനന്തപുരം- 4225, തൃശൂര്‍- 3903, കൊല്ലം- 3555, പാലക്കാട്- 3130, കണ്ണൂര്‍- 2852, എറണാകുളം- 2380, ആലപ്പുഴ- 1859, കാസര്‍കോട്- 1717, വയനാട്- 1790, ഇടുക്കി- 1632, കോട്ടയം- 1545, പത്തനംതിട്ട- 1339 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകര്‍.
കെടുകാര്യസ്ഥതയെത്തുടര്‍ന്നുണ്ടായ വൈദ്യുതി ഉല്‍പ്പാദനക്കുറവ്, വൈദ്യുതീകരണ സാമഗ്രികളുടെ അഭാവം, ജീവനക്കാരുടെ കുറവ് എന്നിവ പുതിയ കണക്ഷന് നല്കുന്നതില് തടസ്സമായി. അപേക്ഷ നല്‍കിയാലുടന്‍ വൈദ്യുതിയെന്നതായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. 22 ലക്ഷം കണക്ഷനാണ് കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് നല്‍കിയത്. വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ ഉത്തരേന്ത്യയില്‍നിന്ന് 500 മെഗാവാട്ടും കര്‍ണാടകത്തില്‍നിന്ന് 100 മെഗാവാട്ടും വൈദ്യുതിക്കായുള്ള ഹ്രസ്വകാല കരാറുമുണ്ടാക്കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ആ കരാര്‍ റദ്ദാക്കി. അന്ന് 11 ചെറുകിട വൈദ്യുതപദ്ധതികള്‍ ആസൂത്രണം ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ യാഥാര്ഥ്യമാക്കിയതുമില്ല. മസ്ദൂര്മുതലുള്ള തസ്തികകള്‍ നികത്താത്തതും കണക്ഷന് നല്‍കുന്നതിന് തടസ്സമാകുന്നു. പുതിയ തസ്തിക ഉണ്ടാക്കുകയോ പ്രൊമോഷന്‍വഴി തസ്തിക നികത്തുകയോ ചെയ്യുന്നില്ല.
(ജെയ്സണ്‍ ഫ്രാന്‍സിസ്)
deshabhimani 080413
Ninnepoleyulla oochalikalkku kodiyanu valuthu......... You are not interested for the development our country
ReplyDelete