രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗത്തിന്റെ അലകള്‍ അടങ്ങുംമുമ്പ് ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരിയെ നിഷ്ഠുരമായി ബലാത്സംഗംചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ ഗാന്ധിനഗറില്‍നിന്ന് നാലു ദിവസംമുമ്പ് കാണാതായ പെണ്‍കുട്ടിയെ മുറിയിലടച്ചിട്ട് അയല്‍വാസിയാണ് തുടര്‍ച്ചയായ ബലാത്സംഗത്തിനും കടുത്ത അക്രമങ്ങള്‍ക്കും ഇരയാക്കിയത്. ജനനേന്ദ്രിയത്തില്‍ എണ്ണക്കുപ്പിയും മെഴുകുതിരിയും അടക്കം കുത്തിക്കയറ്റിയ നിലയില്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ മുറിവുകളുമായി കുട്ടി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) മരണവുമായി മല്ലിടുകയാണ്. പരാതിയുമായി സമീപിച്ച തനിക്ക് കൈക്കൂലി നല്‍കി കേസ് ഒതുക്കാന്‍ പൊലീസ് ശ്രമിച്ചതായി കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു.
നിഷ്ഠുര കൃത്യത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ ഇനിയും കണ്ടെത്തിയിട്ടില്ല. അടുത്ത ദിവസങ്ങളിലായി ഡല്‍ഹിയില്‍ തുടര്‍ച്ചയായി ബലാത്സംഗങ്ങള്‍ നടക്കുമ്പോഴും നോക്കിനില്‍ക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇതില്‍ പങ്കെടുത്ത ഒരു യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍ അടിക്കുകയും മറ്റൊരു യുവതിയെ തള്ളിവീഴ്ത്തുകയും ചെയ്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. അഞ്ചു വയസ്സുകാരിക്ക് നേരെയുള്ള അക്രമത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഡല്‍ഹി പൊലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടി. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ കൊല്ലാന്‍ പ്രതി ശ്രമിച്ചതിന്റെ അടയാളമായി കഴുത്തില്‍ പാടുകളുണ്ട്. ബാഹ്യ ഉപകരണങ്ങള്‍ ശരീരത്തില്‍ കുത്തിക്കയറ്റിയത് അണുബാധയ്ക്ക് കാരണമായി. നെഞ്ചിലും കവിളിലും ചുണ്ടിലും മുറിവേറ്റ കുഞ്ഞിന് പനിക്കുന്നുണ്ട്. അടുത്ത 24 മുതല്‍ 48 മണിക്കൂര്‍വരെ നിര്‍ണായകമാണെന്ന് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച സ്വാമി ദയാനന്ദ് ആശുപത്രിയിലെ ഡോ. ആര്‍ കെ ബന്‍സല്‍ അറിയിച്ചു. പൂര്‍ണ ബോധം ഇല്ലാതെയും ഭയന്നുവിറച്ച നിലയിലുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വേദന ചെറുക്കാനുള്ള കുട്ടിയുടെ ശ്രമം പരിശോധന ദുഷ്കരമാക്കി. അനസ്തേഷ്യ നല്‍കി ബോധം കെടുത്തിയതിനുശേഷമാണ് 200 മില്ലിയുടെ എണ്ണക്കുപ്പിയും മൂന്ന് മെഴുകുതിരിയും പുറത്തെടുക്കാനായത്.
ഗാന്ധിനഗറില്‍ പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്ന അതേ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് പ്രതിയും താമസിച്ചിരുന്നത്. ഇവിടെനിന്ന് ബുധനാഴ്ച വൈകിട്ട് കുട്ടിയുടെ കരച്ചില്‍ ഉയര്‍ന്നുകേട്ടു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍, പരാതിയുമായി ചെന്ന തന്നോട് തികച്ചും മോശമായാണ് പൊലീസ് പെരുമാറിയതെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ജീവനോടെ തിരിച്ചുകിട്ടിയതില്‍ സന്തോഷിക്കാനായിരുയിരുന്നു പൊലീസിന്റെ ഉപദേശം. ആദ്യം കേസ് എടുക്കാന്‍ തയ്യാറായില്ല. പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കുട്ടിയെ നേരത്തെതന്നെ കണ്ടെത്താമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ദയാനന്ദ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധസംഘത്തിലെ യുവതിയെ കൈയേറ്റംചെയ്ത അസിസ്റ്റന്റ് കമീഷണര്‍ ബനിസിങ് അഹ്ലാവത്തിനെ സസ്പെന്‍ഡ് ചെയ്തു. ഗാന്ധിനഗര്‍ ഉള്‍പ്പെടുന്ന മേഖലയുടെ എംപിയും ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിതിനും സംസ്ഥാന ആരോഗ്യമന്ത്രി എ കെ വാലിയക്കും എതിരെ സ്വാമി ദയാനന്ദ ആശുപത്രിയില്‍ ശക്തമായ പ്രതിഷേധം ഉണ്ടായി. കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും അടക്കമുള്ള ജനക്കൂട്ടമാണ് മുന്നില്‍ രോഷാകുലരായത്.
deshabhimani 200413
No comments:
Post a Comment