Sunday, April 7, 2013

മന്ത്രിമാരുടെ 85 വിദേശയാത്രയില്‍ 50ഉം സ്വകാര്യം


സദാചാരപ്രശ്നത്തിലും ഗാര്‍ഹിക പീഡനക്കേസിലുംപെട്ട് രാജിവച്ച ഗണേശ്കുമാര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രകള്‍ വിവാദമാകുന്നു. മന്ത്രിമാരും ചീഫ്വിപ്പും അടക്കമുള്ളവര്‍ 85 തവണ വിദേശയാത്ര നടത്തിയതില്‍ 50ഉം സ്വകാര്യ ആവശ്യത്തിനാണ്. ശേഷിക്കുന്ന യാത്രയിലേറെയും രേഖകളില്‍ ഔദ്യോഗികമാണെങ്കിലും സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്കാണെന്നും തെളിയുന്നു. 620 ദിവസത്തെ യുഡിഎഫ് ഭരണത്തിനിടെ 369 ദിവസവും ഏതെങ്കിലുമൊരു മന്ത്രി വിദേശത്ത് എന്ന "റെക്കോഡും" ഇവര്‍ സ്ഥാപിച്ചു. ഗണേശും സുഹൃത്തും സഹമന്ത്രിയുമായ ഷിബുബേബിജോണും സ്വകാര്യയാത്രയില്‍ ഒരേസമയം ദുബായില്‍ തങ്ങിയതും ദുരൂഹത ഉണര്‍ത്തുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കാണ് മന്ത്രിമാരുടെ യാത്രകളേറെയുമെന്ന പ്രത്യേകതയുമുണ്ട്.

ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയെന്ന "ബഹുമതി" ഗണേശ് വിഷയത്തില്‍ മധ്യസ്ഥവേഷം കെട്ടിയ ഷിബു ബേബിജോണിന് അവകാശപ്പെട്ടതാണ്. 13 തവണയാണ് ഷിബു വിദേശയാത്ര നടത്തിയത്. ഇതില്‍ അഞ്ചും സ്വകാര്യ സന്ദര്‍ശനമാണ്. അതില്‍ നാലു തവണയും ദുബായിലേക്ക്. സിംഗപ്പൂര്‍, ജര്‍മനി, ബ്രിട്ടന്‍, ഖത്തര്‍, ജനീവ, സ്പെയിന്‍, ബഹ്റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേക്കും യാത്രചെയ്തു. ആറ് സ്വകാര്യയാത്ര അടക്കം ഏഴു വിദേശയാത്ര നടത്തിയ ഗണേശാണ് തൊട്ടുപിന്നില്‍. ആറു തവണയും ഗണേശ് ദുബായിലേക്കാണ് പോയത്. ഒരുതവണ ലണ്ടനിലേക്ക്. ഇതു മാത്രമാണ് ഔദ്യോഗികം. ഒളിമ്പിക്സ് കാണാനാണ് ലണ്ടനില്‍ പോയത്. കെ സി ജോസഫ് എട്ടു തവണയാണ് വിദേശപര്യടനം നടത്തിയത്്. ഷാര്‍ജ, ദമാം, ജിദ്ദ, അബുദാബി, ജപ്പാന്‍, ചൈന, സലാല, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഷാര്‍ജ, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് രണ്ടിലേറെ തവണ പോയി. കുഞ്ഞാലിക്കുട്ടിയുടെ ഏഴു വിദേശയാത്രയും സ്വകാര്യാവശ്യത്തിനാണ്. ഖത്തറിലേക്ക് നാലു തവണയും മാലിദ്വീപ്, സൗദി, ദുബായ് എന്നിവിടങ്ങളിലേക്ക് ഓരോ യാത്രയും നടത്തി. എം കെ മുനീര്‍ യുഎഇയിലേക്ക് മാത്രം നാലു തവണ പോയി. സൗദി അറേബ്യ, ജര്‍മനി, കുവൈത്ത് എന്നിവിടങ്ങളും സന്ദര്‍ശിച്ചു. കെ എം മാണി ദുബായിലേക്കുള്ള രണ്ട് സ്വകാര്യയാത്രയടക്കം അഞ്ചു യാത്ര നടത്തി. പാരീസ്, മാഡ്രിഡ്, ലണ്ടന്‍ എന്നിവിടങ്ങളിലേക്കായിരുന്നു മറ്റു യാത്രകള്‍. ചീഫ് വിപ്പ് പി സി ജോര്‍ജും അബുദാബി, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് സ്വകാര്യയാത്ര നടത്തി.

ദുബായിലേക്കുള്ള ഒരു സ്വകാര്യയാത്രയടക്കം ഏഴു യാത്രയാണ് അടൂര്‍ പ്രകാശ് നടത്തിയത്. ദുബായിലേക്ക് മൂന്നു തവണ പോയി. ദക്ഷിണാഫ്രിക്ക, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് ഔദ്യോഗികയാത്രയും. രണ്ടു തവണ ദുബായിലേക്കും സ്വിറ്റ്സര്‍ലന്‍ഡ്, ഇംഗ്ലണ്ട്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുമാണ് എ പി അനില്‍കുമാറിന്റെ യാത്ര. ദുബായിലേക്കുള്ള ഒരു യാത്ര സ്വകാര്യാവശ്യത്തിനാണ്. വി കെ ഇബ്രാഹിംകുഞ്ഞ് സൗദി അറേബ്യ, സ്പെയിന്‍, പോര്‍ച്ചുഗല്‍, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്കും പി ജെ ജോസഫ് ഇസ്രയേല്‍, ജര്‍മനി, വത്തിക്കാന്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ചു. വി എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, മഞ്ഞളാംകുഴി അലി, കെ പി മോഹനന്‍, ആര്യാടന്‍ മുഹമ്മദ്, കെ ബാബു എന്നിവരും സ്വകാര്യാവശ്യത്തിനാണ് വിദേശയാത്ര നടത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി കെ ജയലക്ഷ്മി, സി എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ വിദേശയാത്ര നടത്തിയില്ല.

deshabhimani 070413

No comments:

Post a Comment