Sunday, April 7, 2013
ദരിദ്രരുടെ എണ്ണം 90 കോടികൂടി വര്‍ധിക്കും
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകജനസംഖ്യയില്‍ 90 കോടി ജനങ്ങള്‍ വീണ്ടും ദാരിദ്ര്യത്തിന്റെ നീര്‍ച്ചുഴിയിലേക്ക് വലിച്ചെറിയപ്പെടുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) യുടെ റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ അടുത്ത നിരവധി വര്‍ഷങ്ങളില്‍ ഉയര്‍ന്ന നിലവാരത്തില്‍ത്തന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തൊട്ടാകെ 20 കോടിയില്‍പ്പരം ആള്‍ക്കാരാണ് തൊഴില്‍ രഹിതരായി (തൊഴില്‍ നഷ്ടപ്പെട്ടവര്‍) ഇപ്പോഴുള്ളത്. 2012 ല്‍ തൊഴിലെടുക്കുന്നവര്‍ ലോകജനസംഖ്യയുടെ 60 ശതമാനമായിരുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
2015 ആകുമ്പോഴേക്കും കൊടുംദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ സംഖ്യ (ദിവസം ഒരു ഡോളറില്‍ താഴെമാത്രം വരുമാനമുള്ളവര്‍) 1990 ലെ നിലവാരത്തില്‍ നിന്നും പകുതിയാക്കി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ത്തന്നെയാണ് വീണ്ടും ദരിദ്രനാരായണന്മാരുടെ സംഖ്യ വര്‍ധിക്കുമെന്ന ഭീഷണി ഉയരുന്നത്. നിര്‍മ്മാണ, സേവന മേഖലകളില്‍ പുറം ജോലികരാര്‍ നല്‍കുന്നത് കാരണം വികസിത രാജ്യങ്ങളില്‍ വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികള്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്. വികസിത രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം നിലവിലുള്ള വളര്‍ച്ചാ മാതൃകകള്‍ സുസ്ഥിരമല്ലെന്ന് തെളിഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍ വളര്‍ച്ചയുള്ള പുതിയ വിഭവങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു ചൈനയും ഇന്ത്യയുമുള്‍പ്പെടെ ലോകമൊട്ടാകെത്തന്നെ തൊഴില്‍ ശക്തി ഇരട്ടിയായതോടൊപ്പം തന്നെയുണ്ടായ ആഗോളവല്‍ക്കരണവും സാങ്കേതിക വിദ്യാമാറ്റവും 1980 കളിലും 1990 കളിലും സമ്പദ്ഘടനകളിലുണ്ടായ പരിവര്‍ത്തനങ്ങളും പൊതുവില്‍ ആഗോളവളര്‍ച്ചക്കും വര്‍ധിച്ച ക്ഷേമ നടപടികള്‍ക്കും വഴിയൊരുക്കിയിട്ടുണ്ടെങ്കിലും നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
janayugom 080413
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment