നെഹ്റു കുടുംബം ബൊഫോഴ്സ് കുംഭകോണത്തിന് ഏറെ മുമ്പുതന്നെ പ്രതിരോധ- വിമാനകരാറുകളുടെ ഇടനിലക്കാരായിരുന്നെന്നും വ്യക്തമാകുകയാണ്. ഇന്ത്യയില്‍ രണ്ട് കരാര്‍ നേടിയെടുക്കാന്‍ ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്റെ (ബിഎസി) ഇടനിലക്കാരനായാണ് അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ്ഗാന്ധി പ്രവര്‍ത്തിച്ചത്. സഞ്ജയ് ഗാന്ധിയ്ക്ക് നിര്‍ണായക ഓഹരി ഉടമസ്ഥത ഉണ്ടായിരുന്ന മാരുതിയുടെ പേരിലായിരുന്നു ഇടപാട്. ഈ കാലയളവില്‍ ഇന്ദിരയ്ക്ക് പിന്നില്‍ ഭരണത്തിലെ രണ്ടാമനായാണ് സഞ്ജയ്ഗാന്ധി അറിയപ്പെട്ടിരുന്നത്. 1976ലായിരുന്നു വിമാനകരാര്‍ ചര്‍ച്ച. ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഡീപ്പ് പെനട്രേഷന്‍ സ്ട്രൈക്ക് എയര്‍ക്രാഫ്റ്റുകളും (ഡിപിഎസ്എ) ഇന്ത്യന്‍ എയര്‍ലൈന്‍സിന് ട്വിന്‍ ജെറ്റ് കൊമേഴ്സ്യല്‍ വിമാനങ്ങളും വാങ്ങാനായിരുന്നു കരാര്‍. ബിഎസിയും ഫ്രഞ്ച് കമ്പനിയായ ബ്രുഗെറ്റും ചേര്‍ന്നുള്ള സംരംഭമായ സെപ്കാറ്റ് നിര്‍മിക്കുന്ന ജഗ്വാര്‍ വിമാനങ്ങളാണ് വ്യോമസേന വാങ്ങിയത്. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടിനെയും സ്വീഡിഷ് കമ്പനിയായ സാബ് സ്കാനിയയെയും മറികടന്നാണ് ബിഎസി കരാര്‍ നേടിയത്. സാബ് സ്കാനിയക്കായി രാജീവ്ഗാന്ധിയാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ എയര്‍ലൈന്‍സിന് വിമാനങ്ങള്‍ നല്‍കുന്നതിനുള്ള കരാര്‍ നേടാനുള്ള മത്സരത്തില്‍ ബിഎസിക്ക് പുറമെ അമേരിക്കയുടെ ബോയിങ്, ഡച്ച് കമ്പനിയായ ഫോക്കര്‍ എഫ്-28 എന്നിവയായിരുന്നു മുഖ്യമായും രംഗത്ത്. ബോയിങ് മത്സരരംഗത്തുണ്ടായിരുന്നതിനാല്‍ ഇന്ത്യയിലെ യുഎസ് എംബസി കരാര്‍ അവര്‍ക്ക് അനുകൂലമായി മാറ്റാന്‍ തുടക്കംമുതല്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് സഞ്ജയ്ഗാന്ധി ബ്രിട്ടീഷ് കമ്പനിയുടെ ഇടനിലക്കാരനാണെന്ന് അമേരിക്കന്‍ എംബസിക്ക് ബോധ്യപ്പെട്ടത്. ഇതില്‍ പരിഭ്രാന്തരായി വാഷിങ്ടണിലേക്ക് അയച്ച കേബിളുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
1976 ജൂലൈ 30ന് അയച്ച കേബിളില്‍ മാരുതിയാണ് ബിഎസിക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്തുന്നതെന്ന് എംബസി അറിയിക്കുന്നുണ്ട്. മാരുതി ബിഎസിയെ സമീപിച്ച് സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നെന്നും സന്ദേശത്തില്‍ പറയുന്നു. സെസ്ന വിമാനങ്ങള്‍ വാങ്ങുന്നതിലും മാരുതി ഇടനിലപ്പണി നടത്തിയെന്ന് 1976 ആഗസ്തില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. സഞ്ജയ്ഗാന്ധിയും ഇന്ദിരയുടെ മരുമകളായ സോണിയയും ജെ കെ ജലാനുമാണ് മാരുതിയുടെ ഉടമസ്ഥര്‍ എന്ന് ഈ കേബിളില്‍ വിശദീകരിക്കുന്നു. കരാറുകളുടെ കമീഷനെന്ന നിലയില്‍ കോടിക്കണക്കിന് രൂപ നെഹ്റു കുടുംബത്തിലേക്ക് വന്നിട്ടുണ്ടെന്നതും വെളിപ്പെടുകയാണ്. സമീപകാലത്തുണ്ടായ അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിയിലും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ക്ക് നെഹ്റു കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെട്ടതിനുപിന്നാലെയാണ് പഴയകാല ഇടപാടുകളും പുറത്തുവരുന്നത്.
deshabhimani 100413

No comments:
Post a Comment