Wednesday, April 10, 2013

അരിക്കടകള്‍ പൂട്ടുന്നു


പൊതുവിപണിയില്‍ അരിവില കുതിക്കുമ്പോഴും രണ്ടുവര്‍ഷമായി സര്‍ക്കാര്‍ സഹായം നല്‍കാത്ത അരിക്കട പദ്ധതി അവസാനിപ്പിക്കാന്‍ സപ്ലൈകോ നീക്കം. പച്ചരി ഉള്‍പ്പെടെ നാലിനം അരികള്‍ വിലക്കുറവില്‍ നല്‍കുന്ന സപ്ലൈകോ അരിക്കട പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കേണ്ട സബ്സിഡി കുടിശ്ശിക 110 കോടി രൂപയായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു രൂപപോലും അരിക്കട പദ്ധതിക്ക് സബ്സിഡി നല്‍കിയിട്ടില്ല. സബ്സിഡി തുക കണക്കാക്കി സപ്ലൈകോ ധനകാര്യവിഭാഗം എല്ലാമാസവും സര്‍ക്കാരിന് കണക്ക് നല്‍കുന്നുണ്ട്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്കുപ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷത്തെ സബ്സിഡി കുടിശ്ശിക 110 കോടി രൂപയാണ്. അരിവില അടിക്കടി ഉയരുന്നതിനാല്‍ ഓരോ മാസവും വലിയ തുകയാണ് സപ്ലൈകോ സബ്സിഡിക്കായി ചെലവഴിക്കുന്നത്. പൊതുവിപണിയില്‍ അരിക്ക് പൊള്ളുന്ന വിലയായതിനാല്‍ അരിക്കടകളെ ആശ്രയിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ വലിയ തുകയുടെ നഷ്ടം സഹിച്ച് അരിക്കട തുടരാനാകില്ലെന്നാണ് സപ്ലൈകോയുടെ നിലപാട്.

അരിവില 18-22 രൂപയായി ഉയര്‍ന്ന 2007ലാണ് സബ്സിഡിയോടെ 16 രൂപയ്ക്ക് അഞ്ചിനം അരി നല്‍കുന്ന അരിക്കടകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നത്. നിലവില്‍ 28-30 രൂപയ്ക്ക് അരിവാങ്ങിയാണ് അരിക്കടയില്‍ 19 മുതല്‍ 21 രൂപയ്ക്കുവരെ വില്‍ക്കുന്നത്. അരിക്കടവഴി 19 രൂപയ്ക്ക് വില്‍ക്കുന്ന കുറുവ അരിക്ക് പൊതുവിപണിയില്‍ 40 രൂപയാണ് വില. ജയ-21 രൂപ, മട്ട-16, പച്ചരി-21 എന്നിങ്ങനെയാണ് മറ്റ് അരികളുടെ വില. ഇതു പ്രകാരം സപ്ലൈകോ വന്‍തുക സബ്സിഡിക്ക് മാറ്റിവയ്ക്കേണ്ടിവരുന്നു. ഏറ്റവുമൊടുവില്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ റേഷന്‍ അരിവിഹിതം വെട്ടിക്കുറച്ചതും അരിക്കടകളുടെ ഡിമാന്‍ഡ് ഉയര്‍ത്തുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ 40,000 ക്വിന്റല്‍ ജയഅരി വിറ്റപ്പോള്‍ ജനുവരിയില്‍ ഇത് 52,000 ക്വിന്റലായി വര്‍ധിച്ചു. കുറുവ അരിയും 2,000 ക്വിന്റല്‍ അധികം വിറ്റു.

എല്‍ഡിഎഫിന്റെ അവസാന കാലംവരെ അരിക്കടകള്‍ക്കുള്ള സബ്സിഡി പ്രത്യേകം നല്‍കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം അരിക്കട നിര്‍ത്താന്‍ ആലോചിച്ചു. സപ്ലൈകോക്ക് നല്‍കുന്ന ബജറ്റ് വിഹിതത്തില്‍നിന്ന് അരിക്കടക്ക് പണം ചെലവഴിക്കണമെന്നും പ്രത്യേക വിഹിതം നല്‍കാനാകില്ലെന്നും ഭക്ഷ്യമന്ത്രി ടി എം ജേക്കബ് മന്ത്രിയായിരിക്കെ ഉത്തരവിറക്കി. എന്നാല്‍ ടി എം ജേക്കബ്ബിന്റെ മരണത്തെത്തുടര്‍ന്ന് പിറവം ഉപതെരഞ്ഞെടുപ്പുവന്നപ്പോള്‍ അത് മരവിപ്പിച്ചു. അനൂപ് ജേക്കബ് മന്ത്രിയായപ്പോള്‍ അരിക്കട പദ്ധതി തുടരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിനുശേഷം അവതരിപ്പിച്ച ബജറ്റില്‍ പ്രത്യേകം പണം വകയിരുത്തിയില്ല. സബ്സിഡിപണം ആവശ്യപ്പെട്ട് സപ്ലൈകോ നല്‍കുന്ന പ്രതിമാസ കണക്ക് പരിഗണിക്കുന്നുമില്ല.
(എം എസ് അശോകന്‍)

deshabhimani 100413

No comments:

Post a Comment