Monday, April 8, 2013
സ്ത്രീകള്‍ക്കെതിരെ ആക്രമണം: ക്രിമിനല്‍ നിയമ നിര്‍മാണം സ്വാഗതാര്‍ഹം
സ്ത്രീകള്‍ക്കെതിരായ അക്രമം ചെറുക്കാനുള്ള ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ സ്ത്രീ സമൂഹത്തിന്റെ സംഘടിത പോരാട്ടത്തിന്റെ വിജയമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ഇന്ത്യന്‍ സ്കൂള്‍ ഓഫ് വിമണ്‍സ് സ്റ്റഡീസ് ആന്‍ഡ് ഡെവലപ്മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച യോഗം വിലയിരുത്തി.
വനിതാ സംഘടനകള്‍ ദീര്‍ഘകാലമായി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്ത് നിയമം പാസാക്കിയത് സ്വാഗതാര്‍ഹമാണ്. അതേസമയം, വനിതാ സംഘടനകള്‍ ഉയര്‍ത്തുന്നതും വര്‍മ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതുമായ പല പ്രധാന ആവശ്യങ്ങളും നിയമത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. നേരത്തെ നിലവിലുണ്ടായിരുന്ന നിയമങ്ങളില്‍നിന്ന് വ്യത്യസ്തമായി ബലാത്സംഗത്തിന്റെ നിര്‍വചനം ഫലപ്രദമായി വിപുലീകരിച്ചത് നല്ല കാര്യം. എന്നാല്‍, പല കുറ്റങ്ങള്‍ക്കും ശിക്ഷയുടെ കാഠിന്യം കുറച്ചത് സ്ത്രീകളുടെ താല്‍പ്പര്യത്തിനു നിരക്കുന്നതല്ല. സ്ത്രീകളെ അപമാനിക്കുന്ന "പാതിവ്രത്യം" എന്ന വാക്ക് നിലനിര്‍ത്തിയതും ബലാത്സംഗത്തിന് ഇരയാവുന്നവരുടെ പുനരധിവാസത്തിനും ദുരിതാശ്വാസത്തിനും പ്രാമുഖ്യം നല്‍കാത്തതും അംഗീകരിക്കാനാകില്ല. സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി കൗമാരക്കാരെ വേട്ടയാടാന്‍ അവസരം നല്‍കാത്ത തരത്തില്‍ വേണമായിരുന്നു. നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത് സ്ത്രീകള്‍ നടത്തിയ ദീര്‍ഘപോരാട്ടത്തിന്റെ ഫലമാണെന്ന് യോഗത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. പല പരിമിതികളും അവശേഷിപ്പിച്ചാണ് നിയമം പാസാക്കിയതെങ്കിലും സ്ത്രീകളുടെ മുന്നോട്ടുള്ള പോരാട്ടത്തിന് പ്രചോദനം പകരുന്നതാണ് നിയമനിര്‍മാണം. ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ പലരും പ്രകടിപ്പിച്ച സ്ത്രീവിരുദ്ധ അഭിപ്രായങ്ങള്‍ രാജ്യത്തെ ലജ്ജിപ്പിക്കുന്നതാണ്. ഇടതുപക്ഷ അംഗങ്ങള്‍മാത്രമാണ് വിഷയത്തെ ഗൗരവമായി സമീപിച്ചതെന്നും വൃന്ദ പറഞ്ഞു.
നിയമം നടപ്പാക്കാന്‍ ജാഗ്രത പുലര്‍ത്താനും ഇതിനായി ഇടപെടാനുംയോഗം തീരുമാനിച്ചെന്ന് മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ അറിയിച്ചു. ബലാത്സംഗത്തിന് ഇരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരെ മുന്‍നിര്‍ത്തി ഒരു മെഡിക്കല്‍ പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ കേന്ദ്രം തയ്യാറാകണം. സ്ത്രീകളുടെ താല്‍പ്പര്യം ഹനിക്കാതെ പൊലീസിന്റെ പ്രവര്‍ത്തനക്രമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ബാധ്യത പാലിക്കണം. ദുരഭിമാനഹത്യ പൂര്‍ണമായും ഇല്ലാതാക്കാന്‍ നടപടി വേണം. സംസ്ഥാനങ്ങള്‍ ക്രിമിനല്‍ നിയമഭേദഗതി നടപ്പാക്കുന്നുണ്ടോ എന്നത് നിരീക്ഷിക്കാനും യോഗം തീരുമാനിച്ചു. മാലിനി ഭട്ടാചാര്യ (മഹിളാ അസോസിയേഷന്‍) അധ്യക്ഷയായി. കീര്‍ത്തിസിങ് വിഷയം അവതരിപ്പിച്ചു. നീന നായിക് (എന്‍സിപിസിആര്‍) പ്രമീള (എന്‍എഫ്ഐഡബ്ല്യു) തുടങ്ങിയവരും സംസാരിച്ചു.
ഡല്‍ഹി കൂട്ട ബലാത്സംഗം നിയമങ്ങളുടെ പുനഃപരിശോധനയ്ക്ക് കാരണമായി: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നിലവിലുള്ള നിയമങ്ങളും നീതിനിര്‍വഹണ സംവിധാനവും പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡല്‍ഹിയിലെ കൂട്ടബലാത്സംഗം കാരണമായെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കാനും നീതിന്യായ സംവിധാനം കാര്യക്ഷമമാക്കാനും കൂടുതല്‍ ജഡ്ജിമാരെ നിയമിക്കണമെന്ന ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിന്റെ നിര്‍ദേശം പ്രധാനമന്ത്രി അംഗീകരിച്ചു. മൂന്നു കോടി കേസുകളാണ് രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ 26 ശതമാനം കേസുകളും അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. രാജ്യത്തെ ജഡ്ജിമാരുടെ എണ്ണം കുറവാണ്. ജഡ്ജിമാരുടെ അനുപാതം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായാല്‍ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കി. 14-ാ ധനകമീഷന്റെ റിപ്പോര്‍ട്ടില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കും. അതിവേഗ കോടതികള്‍ സ്ഥാപിക്കാനാവശ്യമുള്ള പണം നീക്കിവയ്ക്കണമെന്ന് കമീഷനോട് നിര്‍ദേശിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അതിവേഗ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടി വന്നത് കേന്ദ്രസഹായം നിലച്ചതുകൊണ്ടാണെന്ന് സമ്മേളനത്തില്‍ സംസാരിച്ച മുഖ്യമന്ത്രിമാര്‍ പരാതിപ്പെട്ടു. ബാലകുറ്റവാളികളെ കൈകാര്യംചെയ്യുന്ന നീതിന്യായ സംവിധാനം മെച്ചപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ ആഹ്വാനം ചെയ്തു. കേന്ദ്ര നിയമമന്ത്രി അശ്വനികുമാറും സംസാരിച്ചു.
deshabhimani 080413
Labels:
രാഷ്ട്രീയം,
സ്ത്രീ,
സ്ത്രീസംഘടന
Subscribe to:
Post Comments (Atom)
No comments:
Post a Comment