Saturday, April 20, 2013

വിവാദങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം: സിപിഐ എം


പത്തനംതിട്ട: പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതും ജനജീവിതം ദുസ്സഹമാക്കി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും കൊണ്ടാണ് ചെമ്പന്‍മുടി പാറമടകള്‍ക്കെതിരെ നടക്കുന്ന ജനകീയ സമരം വിജയിപ്പിക്കാന്‍ സിപിഐ എം രംഗത്തിറങ്ങിയതെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ചെമ്പന്‍മുടിയിലെ ക്രഷറുകള്‍ക്ക് അനുമതി നല്‍കരുതെന്ന് 2004ലും നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴും മുഖ്യമന്ത്രിക്ക് രാജു ഏബ്രഹാം എംഎല്‍എ കത്ത് നല്‍കിയത് പാര്‍ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. സത്യസന്ധമായും ആത്മാര്‍ഥമായും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എംഎല്‍എയെ ഒറ്റപ്പെടുത്താന്‍ പ്രചാരണം നടത്തുന്ന നിക്ഷിപ്ത താല്‍പര്യക്കാര്‍ സമരസമിതിയില്‍ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന സംശയം ജനിപ്പിക്കുന്ന നീക്കങ്ങള്‍ സമരസമിതിയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.
അടച്ചുപൂട്ടിക്കിടക്കുന്ന സംസ്ഥാനത്തെ അയ്യായിരത്തിലധികം ക്വാറികളും അതില്‍ പണിയെടുക്കുന്ന ഒരുലക്ഷത്തിലധികം പട്ടിണിയിലായ തൊഴിലാളി കുടുംബങ്ങളുടെ പ്രശ്നവും പരിഹരിക്കാനാണ് കേരള ക്വാറി ക്രഷര്‍ ഓപ്പറേറ്റേഴ്സ് എന്ന യൂണിയന്റെ ചുമതല രാജു ഏബ്രഹാം എംഎല്‍എയെ പാര്‍ടി ഏല്‍പ്പിച്ചിട്ടുള്ളത്. കേരളത്തിലെ വ്യാപാരികളുടെ സംഘടനയായ വ്യാപാരി വ്യവസായി സമിതി, കേരള പ്രവാസി സംഘം, കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ചുമതല വഹിക്കുന്നത് പാര്‍ടി നേതാക്കന്‍മാരായ എംഎല്‍എമാരാണ്. അതേപോലെയാണ് കേരള ക്വാറി ക്രഷര്‍ ഓപ്പറേറ്റേഴ്സ് യൂണിയന്റെ ചുമതല രാജു ഏബ്രഹാം എംഎല്‍എയ്ക്ക് നല്‍കിയിട്ടുള്ളത്. ഇത് കൂടാതെ രാജു ഏബ്രഹാം ഓട്ടോ-ടാക്സി യൂണിയന്റെയും സിഡ്കോ യൂണിയന്റെയും ചുമതലകള്‍ നിര്‍വഹിച്ചുവരുന്നുമുണ്ട്. നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി അംഗമായി 10വര്‍ഷം പ്രവര്‍ത്തിച്ചതും പാര്‍ടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്.

കൊക്കകോളയ്ക്കെതിരെ നടന്ന പ്ലാച്ചിമട സമരം, സീസണ്‍ സമയത്ത് പമ്പയില്‍ ഉണ്ടാകുന്ന മാലിന്യപ്രശ്നം, പാറമട, ക്രഷര്‍ എന്നിവയ്ക്ക് സമീപം താമസിക്കുന്ന ജനങ്ങള്‍ക്കുണ്ടാകുന്ന പൊടി പ്രശ്നം, വേമ്പനാട്ട് കായല്‍ മലിനീകരണം, കുപ്പിവെള്ളത്തിലെ മലിനീകരണം, നെല്ലിയാമ്പതിയിലെ ഭൂമി കൈയേറ്റമടക്കം സര്‍ക്കാരിന്റെ മുമ്പില്‍ കൊണ്ടുവന്നതും നടപടി എടുപ്പിക്കാന്‍ നേതൃത്വം നല്‍കിയതും എംഎല്‍എ അടങ്ങിയ കമ്മിറ്റിയാണെന്നതും ശ്രദ്ധേയമാണ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കേരളത്തിലുടനീളമുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന എംഎല്‍എയെ ചെമ്പന്‍മുടി സമരത്തില്‍ പങ്കെടുപ്പിക്കാതിരിക്കുന്നത് ഏതോ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് സംശയം ജനിപ്പിക്കുന്നതാണ്. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാന്‍ പ്രദേശവാസികള്‍ തയ്യാറാകണമെന്നും വിജയം കാണുന്നതുവരെ സമരത്തില്‍ ഉറച്ചുനില്‍ക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ അഭ്യര്‍ഥിച്ചു.

deshabhimani 190413

No comments:

Post a Comment