ഇറാഖ് കഫേയില്‍ ചാവേറാക്രമണം; 32 മരണം
ബാഗ്ദാദ്: ബാഗ്ദാദിലെ പ്രമുഖ കഫേയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 65 പേര്‍ക്ക് പരിക്കേറ്റു. ബെല്‍റ്റില്‍ ബോംബുമായി വ്യാഴാഴ്ച രാത്രി കഫേയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൂള്‍ ഗെയിം കളിക്കുകയായിരുന്നവരാണ് മരിച്ചവര്‍. സ്ഫോടനത്തില്‍ കഫേ പ്രവര്‍ത്തിച്ച കെട്ടിടം തകര്‍ന്നു. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണവരില്‍ ഏതാനും പേരുടെ മൃതദേഹം വെള്ളിയാഴ്ച കഫേ കെട്ടിടത്തിന്റെ പിന്‍വശത്തുനിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ബാഗ്ദാദില്‍ സ്ഫോടനം; 27 മരണം
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ കഫേയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സ്ഫോടനം. കഫേയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കിലോയോളം വരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മൂന്ന് നിലകളുള്ള കഫേ ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. യുവാക്കളും കുട്ടികളുമാണ് മരിച്ചവരിലേറെയും. കഴിഞ്ഞ തിങ്കളാഴ്ച ഇറാക്കിലെ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച ബാഗ്ദാദില്‍ നടന്ന സ്ഫോടനത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു.
ചൈനയില്‍ ഭൂചലനം; 28 പേര്‍ മരിച്ചു
ഷാങ്ഹായ്: ചൈനയിലെ കിഴക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ സിചുവാനിലെ യാന്‍ നഗരത്തലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 28 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ നൂറ് കവിഞ്ഞെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ലിങ്കിയോങ് നഗരത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
2008ല്‍ ഇതേ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 70,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക സമയം രാവിലെ 8.02നാണ് ഭൂചലനം അനുഭവപ്പെട്ടത്. തൊട്ടടുത്ത പ്രവിശ്യകളിലും നേരിയ ചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ചര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍ ഉപരോധം അവസാനിപ്പിക്കണം: ഉത്തരകൊറിയ
സോള്‍: അമേരിക്കയും ദക്ഷിണകൊറിയയുമായി സമാധാനചര്‍ച്ചക്ക് സന്നദ്ധമാണെന്ന് ഉത്തരകൊറിയ. എന്നാല്‍, ഐക്യരാഷ്ട്രസഭയുടേത് അടക്കമുള്ള ഉപരോധങ്ങളും വിലക്കുകളും അവസാനിപ്പിച്ചാലേ ചര്‍ച്ച സാധ്യമാകൂവെന്നും അവര്‍ വ്യക്തമാക്കി. മേഖലയില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്ന ആണവായുധങ്ങള്‍ നീക്കംചെയ്തശേഷം കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണം ആരംഭിക്കാമെന്നും ഉത്തരകൊറിയയുടെ ദേശീയ പ്രതിരോധ കമീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. "ചര്‍ച്ചയും യുദ്ധവും ഒന്നിച്ചു നടക്കില്ല. അമേരിക്കയും അവരുടെ പാവയായ ദക്ഷിണകൊറിയയും സമാധാനവും ചര്‍ച്ചയും ആഗ്രഹിക്കുന്നെങ്കില്‍ അതിന് വ്യക്തമായ തീരുമാനമെടുക്കണം"- പ്രതിരോധ കമീഷനെ ഉദ്ധരിച്ച് കെസിഎന്‍എ റിപ്പോര്‍ട്ട്ചെയ്തു.
ആഴ്ചകളായി കൊറിയന്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തിയാണ് ഉത്തരകൊറിയ ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. പ്രശ്നപരിഹാരത്തിന് ചൈന നടത്തിയ ഇടപെടലിന്റെകൂടി ഫലമായാണ് ഇതിനെ വിലയിരുത്തുന്നത്. ഉത്തരകൊറിയയെ അനുനയിപ്പിക്കാന്‍ അമേരിക്ക ചൈനയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. അതേസമയം, ചര്‍ച്ചയ്ക്ക് ഒരു മുന്നുപാധിയും അംഗീകരിക്കില്ലെന്ന നിലപാടില്‍ അമേരിക്കയും കൂട്ടാളികളും ഉറച്ചുനില്‍ക്കുകയാണ്. മിസൈല്‍ പരീക്ഷണത്തിന്റെ പേരിലും ആണവായുധ നിര്‍മാണം ആരോപിച്ചും തങ്ങള്‍ക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്ന ആവശ്യമാണ് ഉത്തരകൊറിയ ഏറെക്കാലമായി ഉന്നയിക്കുന്നത്. ഇത് ഒരുതരത്തിലും അംഗീകരിക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്.
സദ്ദാമിന്റെ സഹായിക്കായി തെരച്ചില്‍ ശക്തമാക്കി
ബാഗ്ദാദ്: മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഏറ്റവുമടുത്ത സഹായി ഇസത്ത് ഇബ്രാഹിം അല്‍ദൗറിക്കായി ഇറാഖിസേന തെരച്ചില്‍ ശക്തമാക്കി. ബാഗ്ദാദിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് പ്രത്യേക സേന തെരച്ചില്‍ ഊര്‍ജിതമാക്കിയത്. അല്‍ദൗറിയുടെ ജന്മസ്ഥലമായ ദൗറിലും പരിശോധന തുടരുകയാണ്. അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് 2003ല്‍ ഒളിവില്‍പ്പോയ അല്‍ദൗറി ഇറാഖിനു പുറത്താണെന്നാണ് കരുതിയിരുന്നത്. ഇപ്പോള്‍ അദ്ദേഹം ദൗറിലുണ്ടെന്ന് വിശ്വസനീയ വിവരം ലഭിച്ചിട്ടുണ്ടെന്നും വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. തെരച്ചിലിന്റെ ഭാഗമായി മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നിലവിലുള്ള സര്‍ക്കാരിനെതിരെ പ്രതിരോധമുയര്‍ത്താന്‍ അല്‍ദൗറി സുന്നി മുസ്ലിങ്ങളോട് ആഹ്വാനംചെയ്യുന്ന വീഡിയോ സന്ദേശം കഴിഞ്ഞ ജനുവരിയില്‍ പുറത്തുവന്നിരുന്നു.
deshabhimani
No comments:
Post a Comment