കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സമാനതകളില്ലാത്ത അവഗണനയുടെയും സംസ്ഥാന സര്‍ക്കാരിന്റെ പൊറുക്കാനാവാത്ത നിസ്സംഗതയ്ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു. സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും മനുഷ്യച്ചങ്ങലയില്‍ കണ്ണിചേര്‍ന്നു. ഗാന്ധിപാര്‍ക്കില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സെക്രട്ടറിയറ്റിനുമുന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കണ്ണിചേര്‍ന്നു. വികസനത്തിനായുള്ള പോരാട്ടത്തില്‍ തലസ്ഥാനം മുമ്പെങ്ങും ദര്‍ശിക്കാത്ത ജനപങ്കാളിത്തത്തിനാണ് സാക്ഷിയായത്. സ്ത്രീകളും കുട്ടികളുമടക്കം കുടുംബത്തോടെ ചങ്ങലയില്‍ പങ്കാളിയായി.
വിഴിഞ്ഞത്ത് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എം വിജയകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്നു ചേര്‍ന്ന പൊതുയോഗം സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ യോഗം ഉദ്ഘാടനംചെയ്തു. സെക്രട്ടറിയറ്റിനുമുന്നില്‍ സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുന്ദ്രേന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ യോഗം ഉദ്ഘാടനംചെയ്തു. കമലേശ്വരത്ത് ചേര്‍ന്ന പൊതുയോഗം ആര്‍എസ്പി ദേശീയ എക്സിക്യൂട്ടീവ് അംഗം എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ആര്‍എസ്പി സംസ്ഥാനകമ്മിറ്റിയംഗം കെ ജയകുമാര്‍ അധ്യക്ഷനായി. കോവളം ജങ്ഷനില്‍ നടന്ന പൊതുസമ്മേളനം ഡോ. എ നീലലോഹിതദാസ് ഉദ്ഘാടനംചെയ്തു. ലീന്‍സേവ്യര്‍ അധ്യക്ഷനായി. തിരുവല്ലത്ത് നടന്ന പൊതുസമ്മേളനം പി രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനംചെയ്തു. എം എം ഇബ്രാഹിം അധ്യക്ഷനായി. മണക്കാട് ജങ്ഷനില്‍ നടന്ന യോഗം വി കെ മധു ഉദ്ഘാടനംചെയ്തു. അമ്പലത്തറയില്‍ നടന്ന യോഗം ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനംചെയ്തു.
തുറമുഖപദ്ധതി അട്ടിമറി ആത്മാഭിമാനത്തിന് നേര്‍ക്കുള്ള വെല്ലുവിളി- വി എസ്
തിരു: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി അട്ടിമറിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനത്തിനുനേര്‍ക്കുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നമ്മളെ ഒരു മൂലയില്‍ ഒതുക്കാമെന്നാണ് വിചാരമെങ്കില്‍ അതിനെ ചെറുത്ത് പരാജയപ്പെടുത്തുമെന്നും വി എസ് പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയോടനുബന്ധിച്ച് ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.
ഇന്ത്യക്കും കേരളത്തിനും ഏറെ വരുമാനം നേടിത്തരുന്ന തുറമുഖമാകും പ്രകൃതിദത്തമായ വിഴിഞ്ഞം തുറമുഖം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ച് നിവേദനവുമായി പോയതാണ്. ചെയ്യാമെന്ന മറുപടിമാത്രമാണ് ഉണ്ടായത്. പ്രാഥമികചെലവുകള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ 450 കോടി രൂപ അനുവദിക്കുകയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 2000 കോടി രൂപ കണ്ടെത്താന്‍ തീരുമാനിക്കുകയും ചെയ്തശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍നിന്ന് ഇറങ്ങിയത്. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ തൂത്തുക്കുടിയില്‍ ഒരു തുറമുഖം വരികയാണ്. ഇത് വിഴിഞ്ഞം തുറമുഖപദ്ധതി അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും വി എസ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ സ്വത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ അവസരം പാര്‍ത്തിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മനുഷ്യച്ചങ്ങലയുടെ സമാപന പൊതുസമ്മേളനം വിജെടി ഹാളിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വളര്‍ച്ചയുടെ പ്രധാന കണ്ണിയാണ് വിഴിഞ്ഞം തുറമുഖം. അത് യാഥാര്‍ഥ്യമാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെയധികം ക്ലേശം സഹിച്ച് ആവിഷ്കരിച്ച നടപടികളെല്ലാം അട്ടിമറിച്ചിരിക്കുകയാണ്. മുതലാളിമാര്‍ക്ക് തുറമുഖം കൈമാറാനാണ് നീക്കം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഒരു വ്യവസായംപോലും പുതുതായി കൊണ്ടുവരാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ തകര്‍ക്കുകയാണ്. ജലസമ്പത്ത് ഊറ്റിയെടുത്ത് വില്‍ക്കാന്‍ ഇപ്പോള്‍ പുതിയ കമ്പനി രൂപീകരിച്ചിരിക്കുകയാണ്. അതിനു പിന്നാലെയാണ് വിഴിഞ്ഞം തുറമുഖം അട്ടിമറിക്കുന്നതെന്ന് പന്ന്യന്‍ പറഞ്ഞു.
വിഴിഞ്ഞംപദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കൈകോര്‍ത്തത് പതിനായിരങ്ങള്‍
തിരു: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ നാടിന്റെ ഹൃദയസ്പന്ദനവുമായി പതിനായിരങ്ങള്‍ ഏക മനസ്സായി കൈകോര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാട്ടുന്ന ക്രൂരമായ അവഗണനയ്ക്കും വിവേചനത്തിനും സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത നിസ്സംഗതയ്ക്കും എതിരെ പതിനായിരങ്ങള്‍ കൈകോര്‍ത്തപ്പോള്‍ സംസ്ഥാന തലസ്ഥാനം മനുഷ്യമഹാസാഗരമായി. കന്യാസ്ത്രീകളും സാമൂഹ്യ- സാംസ്കാരിക- സാഹിത്യ മേഖലകളിലെ പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ നാടിന്റെ പ്രതിഷേധത്തില്‍ കണ്ണികളായത് സമരത്തിന്റെ സാര്‍ഥകത വിളിച്ചോതുന്നതായിരുന്നു. വിഴിഞ്ഞം ജങ്ഷനില്‍നിന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റും കടന്ന് വിജെടി ഹാള്‍ വരെ 17 കിലോമീറ്റര്‍ നീണ്ട മനുഷ്യച്ചങ്ങലയില്‍ കാല്‍ലക്ഷംപേരെ കണ്ണികളാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും അരലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു. സെക്രട്ടറിയറ്റ് വരെയാണ് ചങ്ങല നിശ്ചയിച്ചത്. ജനബാഹുല്യം കാരണം വിജെടി ഹാള്‍ വരെ നീട്ടിയ ചങ്ങലയില്‍ ഒരു നിരയ്ക്ക് പകരം രണ്ടും മൂന്നും നിരകളായി ബഹുജനങ്ങള്‍ അണിചേര്‍ന്നു.
കക്ഷി രാഷ്ട്രീയത്തിനതീതമായി നാടിന്റെ സമസ്ത മേഖലകളില്‍നിന്നും ബഹുജനങ്ങള്‍ അണിനിരന്നതോടെ എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരം നാടിന്റെ ചെറുത്തുനില്‍പ്പിന്റെ പ്രോജ്വലമായ പ്രതീകമായി. അറബിക്കടലോരത്ത് രാജ്യത്തിന്റെയാകെ അഭിമാനമായി ഉയര്‍ന്നുവരേണ്ടുന്ന വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി ഒറ്റ മനസ്സും വികാരവുമായി പൊരുതുമെന്നും ജനങ്ങള്‍ പ്രതിജ്ഞയെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിഴിഞ്ഞത്ത് ആദ്യകണ്ണിയായപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് വിജെടി ഹാളിനു മുന്നില്‍ അവസാന കണ്ണിയായത്. ഗാന്ധിപാര്‍ക്കില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സെക്രട്ടറിയറ്റ് പടിക്കല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കണ്ണിചേര്‍ന്നു.

No comments:
Post a Comment