Thursday, April 11, 2013

പാതയോരത്തെ പൊതുയോഗവും നീതി നിര്‍വ്വഹണവും


ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ നാളുകളില്‍ നിയമസഭാംഗങ്ങളുടെ അധികാരങ്ങള്‍പോലും അംഗീകരിക്കാതെപോകുന്നതില്‍ സഭയ്ക്ക് ഒരുപോലെ വിഷമം. വിമര്‍ശനങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായതുമില്ല. കേരള സിവില്‍ കോടതി ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ജഡ്ജിമാരുടെ നിയമനത്തില്‍ ഒരു വ്യവസ്ഥയും സംവരണവും പാലിക്കാത്തതാണ് കോടിയേരിയെ പ്രകോപിപ്പിച്ചത്.

 ജഡ്ജിമാരുടെ നിയമനത്തില്‍ വിവേചനമുണ്ട്. ജുഡീഷ്യല്‍ സര്‍വീസില്‍നിന്നും എത്തുന്നവര്‍ക്ക് രണ്ടാംകിട പരിഗണനയാണ് ലഭിക്കുന്നതെന്ന് റിട്ട. ജഡ്ജ് ഗോപിനാഥ് വെളിപ്പെടുത്തിയ കാര്യവും കോടിയേരി ചൂണ്ടിക്കാട്ടി. ലജിസ്ലേച്ചറും എക്‌സിക്യുട്ടീവും മാറ്റത്തിന് വിധേയമാകുന്നുണ്ടെങ്കിലും ജുഡീഷ്യറി പരിധിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജി നിയമനത്തില്‍ പോലും ഒരു വ്യവസ്ഥയില്ല. ജഡ്ജിമാരുടെ കൊളീജിയം തീരുമാനിക്കുന്നതാണ് ഇപ്പോഴത്തെ നടപ്പെന്നും കോടിയേരി പറഞ്ഞപ്പോള്‍ ഡൊമനിക് പ്രസന്റേഷന് ഇടപെടാതിരിക്കാനായില്ല. മുമ്പ് മുഖ്യമന്ത്രിയോട് ആലോചിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ഇന്ന് അതുമില്ലെന്ന് ഡൊമിനിക് പ്രസന്റേഷന്‍ കുട്ടിച്ചേര്‍ത്തു. ഇതിനിടെയാണ് കെ ശിവദാസന്‍ നായരുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഒരു എഴുത്തുപരീക്ഷ പോലുമില്ലാതെയാണ് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. വെറും അഭിമുഖം മാത്രം നടത്തി എങ്ങനെയാണ് സത്യസന്ധമായ ഒരു മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതെന്നും ശിവദാസന്‍ നായര്‍ അത്ഭുതംകൂറി. ഇതൊക്കെ സഹിക്കാം, നിയമസഭാ അംഗങ്ങളുടെ അവകാശങ്ങള്‍പോലും കോടതി നിഷേധിച്ചാലോ? സി പി ഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരനാണ് ഈ വിഷയത്തിലേക്ക് ചര്‍ച്ച കൊണ്ടുവന്നത്. സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന ചടങ്ങില്‍ അവിടത്തെ ജനപ്രതിനിധിഉണ്ടാവാന്‍ പാടില്ലെന്ന തരത്തില്‍ ഉത്തരവുവരെ ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്നു. ഇങ്ങനെപോയാല്‍ അംഗങ്ങളുടെ അവകാശങ്ങള്‍ ആര് സംരക്ഷിക്കും. സഭാ നാഥനോ സ്പീക്കറോ അതിന് മുന്‍കൈയെടുക്കണമെന്ന് ദിവാകരന്‍ ആവശ്യപ്പെട്ടു. വന്നുവന്ന് നിയമസഭ കോടതിയെ അനുസരിച്ചോളണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഏത് നിയമം വേണം അത് എങ്ങനെ വേണം എന്നൊക്കെ ഉത്തരവിടാനും തുടങ്ങിയിരിക്കുന്നുവെന്ന് ദിവാകരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ജനപ്രതിനിധികളുടെ കുറ്റമാണെന്നായിരുന്നു പി സി ജോര്‍ജിന്റെ വിലയിരുത്തല്‍. ഏതോ ദന്തഗോപുരത്തിലിരിക്കും പോലെയാണ് ജുഡീഷ്യറി പ്രവര്‍ത്തിക്കുന്നതെന്ന് ദിവാകരന്‍. ഓട്ടോപാര്‍ക്കിംഗുമായി ബന്ധപ്പെട്ട കോടതി വിധി ഒടുവിലത്തെ ഉദാഹരണം. വീണ്ടും ജോര്‍ജ്ജിന്റെ ഇടപെടല്‍. പാതയോരത്ത് പൊതുയോഗം നിരോധിച്ചതിനാല്‍ നിയമവിധേയമായി ഒരിടത്തും സമരം നടത്താന്‍ പറ്റില്ല. നിയമം ലംഘിച്ച് സമരം നടത്തി അതിനെ പ്രതിരോധിക്കണമെന്നാണ് ജോര്‍ജ്ജിന്റെ ആഗ്രഹം. പക്ഷേ കേരളാകോണ്‍ഗ്രസിനു പോലും അതിന് ധൈര്യമില്ല. അവിടെയാണ് എല്ലാവരും പരാജയപ്പെടുന്നതെന്നും ജോര്‍ജ്ജ്. പരാജയമല്ല, ജുഡീഷ്യറിയോടുള്ള ബഹുമാനം കൊണ്ടാണ് നിയമലംഘനത്തിന് ആരും മുതിരാത്തതെന്ന് ദിവാകരന്‍ തിരുത്തി. കേസ് നീണ്ടുപോകുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ ഫാസ്റ്റ്ട്രാക്ക് കോടതികളും അദാലത്തുകളും ഏര്‍പ്പെടുത്തണമെന്ന് എന്‍ ഷംസുദ്ദീന്‍ നിര്‍ദേശിച്ചു. അദാലത്ത് വന്നാല്‍ അഭിഭാഷകരുടെ വയറ്റത്തടിയാകുമെന്ന് ജോര്‍ജ്ജ്. കേസുകള്‍ നീട്ടി കൊണ്ടുപോകുന്നതിന്റെ മുഖ്യകാരണക്കാര്‍ അഭിഭാഷകരാണെന്നും ജോര്‍ജ് വിശദീകരിച്ചു. കോടതി മാത്രം ജനാധിപത്യപരമായി നില്‍ക്കാത്തത് ശരിയല്ലെന്ന് പി ശ്രീരാമകൃഷ്ണന്‍. ഇന്ത്യയില്‍ മാത്രമെ കോടതിക്ക് ഫ്യൂഡല്‍ മനോഭാവമുള്ളൂവെന്ന് പറഞ്ഞ് ജി സുധാകരനും പിന്തുണയറിയിച്ചെത്തി. ഭരണഘടനാപരമായി ശമ്പളം വാങ്ങുന്ന ക്ലാസ് ഫോര്‍ ജീവനക്കാരനെ പോലെ തന്നെയാണ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെന്ന ഗവേഷണഫലവും സുധാകരന്‍ പുറത്തുവിട്ടു.

മന്ത്രിയായിരുന്ന കാലത്ത് സഭ നടക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാത്തതിന് ശിക്ഷിച്ചതും കോടതിയില്‍ ഹാജരാകന്‍ വാറണ്ട് പുറപ്പെടുവിച്ചതും ബാലന്‍ ഓര്‍ത്തെടുത്തു. ഉത്തരവിട്ട ജഡ്ജിക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിവിലേജ് കമ്മറ്റി മൂന്ന് തവണ അവരെ വിളിച്ചുവരുത്താന്‍ ശ്രമിച്ചിട്ടും ജഡ്ജി തിരിഞ്ഞ് നോക്കിയില്ലെന്ന് എം ചന്ദ്രനും. പൊലീസിനെ വിട്ട് അറസ്റ്റ് ചെയ്യിക്കുകയാണ് വേണ്ടിയിരുന്നതെന്നും അതിനുള്ള അധികാരം പ്രിവിലേജ് കമ്മിറ്റിക്കുണ്ടെന്നും ജോര്‍ജിന്റെ ഓര്‍മ്മപ്പെടുത്തല്‍. എങ്കില്‍ ഇപ്പോഴത്തെ പ്രിവിലേജ് കമ്മറ്റി വിഷയം പരിഗണിക്കണമെന്ന് എം ഹംസയും ആവശ്യപ്പെട്ടു. ജഡ്ജിയെന്ന ബോര്‍ഡ് വെച്ച കാര്‍ മീന്‍ചന്തയില്‍ കറങ്ങിനടക്കുന്ന പതിവ് കാഴ്ചയെക്കുറിച്ച് ജി സുധാകരന്‍ വിശദീകരിച്ചു. സ്വന്തം വിരമിക്കല്‍ പ്രായം ജഡ്ജിമാര്‍തന്നെ തീരുമാനിക്കുന്നതിലെ ഔചിത്യത്തെയാണ് കെ രാജു ചോദ്യം ചെയ്തത്.അനന്തമായ അധികാരം നിയമസഭക്ക് ഇല്ലെന്ന് ഓര്‍ക്കണമെന്ന് അഡ്വ. കെ എന്‍ എ ഖാദര്‍ അവകാശപ്പെട്ടു. അനന്തമായ അധികാരങ്ങള്‍ ആര്‍ക്കുമില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് ഉപദേശം വി ഡി സതീശന്റേതായും ഉയര്‍ന്നുവന്നു.

സ്വന്തംമണ്ഡലത്തിലെ കോടതി ഉദ്ഘാടനത്തില്‍ നിന്ന് ജഡ്ജി ഇടപെട്ട് പി കെ ജയലക്ഷ്മിയെ ഒഴിവാക്കിയതിനെ അംഗീകരിക്കാന്‍ സഭയ്ക്ക് കഴിയുമായിരുന്നില്ല. ഭരണഘടനയിലെ ഏത് വകുപ്പ് ഉപയോഗിച്ചാണ് മന്ത്രിയും പട്ടിക വര്‍ഗക്കാരിയുമായ ജയലക്ഷ്മിയെ പടിക്ക് പുറത്താക്കാന്‍ കോടതി ധൈര്യപ്പെട്ടതെന്നാണ് ദിവാകരന് അറിയേണ്ടിയിരുന്നത്. മന്ത്രി ഒരു കേസില്‍ പ്രതിയായതിനാലാണെന്ന വിശദീകരണവുമായി എത്തിയ സണ്ണി ജോസഫിന് മറുപടി കൊടുത്തത് എന്‍ ഷംസുദ്ദീന്‍. എന്ത് പ്രതിയാണെന്ന് പറഞ്ഞാലും സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന ഒരു പരിപാടിയില്‍ അവിടത്തെ ജനപ്രതിനിധിയെ മാറ്റിനിര്‍ത്തുന്നത് സഭാംഗങ്ങളുടെ പ്രിവിലേജ് ലംഘിക്കലാണെന്ന ഉറച്ച നിലപാടാണ് ഷംസുദ്ദീന് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ശക്തി ബോധ്യപ്പെടുത്തുന്ന ചര്‍ച്ചയാണ് സഭയില്‍ നടന്നതെന്ന തോന്നലാണ് മുഖ്യമന്ത്രിക്കുമുണ്ടായത്. ഇതിനിടെ ഹൈക്കോടതി ബഞ്ചും സഭയില്‍ ഉയര്‍ന്നുവന്നു. ബഞ്ചിനായി ദിവാകരന്‍ ശക്തമായി വാദിച്ചപ്പോള്‍ അത് വേണ്ടത് കോഴിക്കോടാണെന്ന വാദവുമായി സണ്ണിജോസഫ് എത്തി. ബഞ്ച് വരാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ ആവശ്യമെന്ന് ജോര്‍ജ്. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തുതന്നെയാണ് ബഞ്ച് വേണ്ടതെന്ന് സി ദിവാകരന്‍ സമര്‍ഥിച്ചു. ഇത് പുതിയ ആവശ്യമൊന്നുമല്ല. പണ്ടേയുള്ളതാണ്.

വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ ഈ ആവശ്യത്തിനായുള്ള സമരം തുടങ്ങിയിട്ടുതന്നെ മൂന്നര വര്‍ഷം കഴിഞ്ഞു. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊക്കെ അനുവദിച്ച ബഞ്ച് എന്തുകൊണ്ട് തിരുവനന്തപുരത്തിന് നല്‍കുന്നില്ല. ജസ്റ്റിസ് നല്‍കേണ്ട കോടതിതന്നെ ഇവിടെ ഇന്‍ജസ്റ്റിസ് കാട്ടുകയാണെന്നും ദിവാകരന്‍ ചൂണ്ടിക്കാട്ടി. കാറ്റുംമഴയും ഒഴിഞ്ഞുനിന്ന അന്തരീക്ഷമായിരുന്നു എട്ടാം സമ്മേളനത്തിലെ അവസാന ദിവസമായിരുന്ന ഇന്നലെ. എല്ലാത്തിലും ഒരു സമവായത്തിന്റെ പാത. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാതിരിക്കാന്‍ ഭരണപക്ഷം ശ്രമിച്ചതോടെയാണ് എല്ലാം സുഗമമായി നടന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. വിഷയം വരള്‍ച്ചയായതിനാല്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യാനും സര്‍ക്കാര്‍ മുന്നോട്ടുവന്നു. ചര്‍ച്ചയില്‍ പ്രതിപക്ഷ നിര്‍ദ്ദേശങ്ങളൊക്കെ സ്വീകരിക്കാനുള്ള സന്നദ്ധതയും സര്‍ക്കാര്‍ കാട്ടിയതോടെ ഇറങ്ങിപ്പോക്ക് പ്രതിപക്ഷവും ഒഴിവാക്കി. സബ്മിഷനുകള്‍ ഉന്നയിക്കുന്നതിലും ഭരണപ്രതിപക്ഷം ഈ വിട്ടുവീഴ്ച കാണിച്ചു. 54 സബ്മിഷനുകളാണ് ഇന്നലെ സഭയിലെത്തിയത്. ഇവയ്ക്ക് രേഖാമൂലം മറുപടി നല്‍കിയാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം എല്ലാവരും അംഗീകരിച്ചതോടെ സഭ അര്‍ധരാത്രിവരെ നീളുമെന്ന അവസ്ഥയും ഒഴിവായി.
(എസ് സന്തോഷ് )

janayugom 110413

No comments:

Post a Comment