Saturday, April 20, 2013
അവര്‍ പറഞ്ഞത് - വി.എസ്, തോമസ് ഐസക്, ലോറന്‍സ്
സ്വകാര്യവല്‍ക്കരണത്തില്‍ പ്രതിഷേധിക്കുക: വി എസ്
തിരു: കുടിവെള്ളവിതരണരംഗത്ത് സ്വകാര്യവല്‍ക്കരണത്തിന് തുടക്കംകുറിക്കാന്‍ കമ്പനി രൂപീകരിച്ച് ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിയമസഭയുടെ കഴിഞ്ഞ രണ്ട് സമ്മേളനത്തിലും ഈ പ്രശ്നം ചര്‍ച്ചയ്ക്ക് വന്നതും ശക്തമായ പ്രതിഷേധം ഉയര്‍ന്നതുമാണ്. വാട്ടര്‍ അതോറിറ്റിയെ ക്രമത്തില്‍ നിഷ്ക്രിയമാക്കാനും വന്‍ വില നല്‍കാന്‍ കെല്‍പ്പുള്ള പണക്കാര്‍ക്കുമാത്രം ജലം ലഭ്യമാക്കാനുമുള്ള ഗൂഢനീക്കമാണ് കമ്പനി രൂപീകരണത്തിനു പിന്നിലെന്ന് നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ജലവിഭവ റഗുലേറ്ററി ബില്ലിനെ ഭരണപക്ഷ അംഗങ്ങള്‍പോലും എതിര്‍ത്തു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്‍ പൊതുജനാഭിപ്രായത്തിന് വിടാന്‍ തീരുമാനിച്ച് മാറ്റിവയ്ക്കുകയായിരുന്നു. പരക്കെ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു അസാധാരണമായ ആ നടപടി. എന്നിട്ടും തിടുക്കത്തില്‍ കമ്പനി രൂപീകരിച്ച് ഉത്തരവിറക്കിയതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്- വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാസി ക്ഷേമപദ്ധതികള്‍ യുഡിഎഫ് തകര്‍ത്തു: ഐസക്
തിരൂര്‍: പ്രവാസികള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമപദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. തിരൂരില്‍ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് മേഖലയില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ കൈകാര്യംചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല. സൗദിയില്‍ നിതാഖാത് നിയമം നടപ്പാക്കിയതോടെ അങ്കലാപ്പിലായ പ്രവാസികളെ സഹായിക്കുന്നതിനുപകരം വിമാന ടിക്കറ്റ് നിരക്ക് കൂട്ടി വഞ്ചിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഒരാളെപ്പോലും കൊണ്ടുവന്നില്ല. പ്രവാസികളുടെ നിക്ഷേപം ഉപയോഗിച്ചുള്ള പലിശരഹിത ധനകാര്യസ്ഥാപനം "അല്‍ബറാക്" കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. എന്നാല്‍ യുഡിഎഫ് ഈ മാതൃകാ പദ്ധതി ഉപേക്ഷിച്ചു. പ്രവാസി മലയാളികളൂടെ പങ്കാളിത്തത്തോടെ ആരംഭിച്ച വ്യവസായ സംരംഭമായ "ഇന്‍കെല്‍" വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് മേയാനുള്ള ഇടമാക്കിയെന്നും ഐസക് പറഞ്ഞു. വര്‍ഗീയ ചേരിതിരിവിലൂടെ മുസ്ലിംലീഗ് കേരളത്തെ കലാപഭൂമിയാക്കുകയാണ്. മുമ്പൊന്നുമില്ലാത്തവിധം ഹുങ്കും അഹങ്കാരവുമാണ് ലീഗിനെ നയിക്കുന്നത്. മുസ്ലിംലീഗ് വര്‍ഗീയ ചേരിതിരിവുണ്ടാക്കുമ്പോള്‍ മതേതര നിലപാടില്‍ ഉറച്ചുനിന്നുവേണം ചെറുക്കാന്‍- ഐസക് പറഞ്ഞു.
പ്രതിരോധമേഖലയിലെ വിദേശനിക്ഷേപം രാജ്യസുരക്ഷ അപകടത്തിലാക്കും: എം എം ലോറന്‍സ്
കൊച്ചി: പ്രതിരോധമേഖലയിലെ പ്രത്യക്ഷ വിദേശനിക്ഷേപപരിധി 74 ശതമാനമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യസുരക്ഷയെ അപകടപ്പെടുത്തുമെന്ന് കൊച്ചിന്‍ നേവല്‍ബേസ് സിവിലിയന്‍ വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് എം എം ലോറന്‍സ് പറഞ്ഞു.
നിക്ഷേപപരിധി 26ല്‍നിന്ന് 74 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് ഒരുങ്ങുന്നതെന്നാണ് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ നല്‍കുന്ന സൂചന. നിക്ഷേപപരിധി ഉയരുന്നതിനനുസരിച്ച് രാജ്യത്തിന്റെ അവകാശങ്ങളുടെ മേലും രാഷ്ട്രീയസ്വാധീനം ചെലുത്താന്‍ വിദേശശക്തികള്‍ക്കാകും. ബഹുരാഷ്ട്ര കുത്തകകള്‍ രാജ്യത്തെ സമ്മര്‍ദത്തിലാക്കാനും ഇത് വഴിയൊരുക്കും. വിദേശ കുത്തകകളുടെ ലാഭത്തിനായി കൂടുതല്‍ ആയുധങ്ങള്‍ നിര്‍മിക്കേണ്ടിവരും. ഇത് രാജ്യത്തിന്റെ സാമ്പത്തികബാധ്യത വര്‍ധിപ്പിക്കും. രാജ്യസുരക്ഷ സംബന്ധിച്ച പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരാണ് ആനന്ദ് ശര്‍മയുടെ നീക്കം. പ്രതിരോധരംഗത്ത് രാജ്യം സ്വയംപര്യാപ്തമായാലേ മേഖലയിലെ അഴിമതി തടയാന്‍ കഴിയൂ എന്ന ആന്റണിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഇതിന് കടകവിരുദ്ധമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ലോറന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment