Monday, April 8, 2013

മൂന്നാം മുറയുടെ ക്രൂരമായ മുഖം: പി പ്രസാദ്


മധ്യവയസ്കന് പൊലീസിന്റെ മൂന്നാംമുറ സിപിഐ എം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

പന്തളം: മെഴുവേലി കാരിത്തോട്ടാ കൂടോട്ടിക്കല്‍ കിഴക്കേ ചരുവില്‍ ഷാജി വര്‍ഗീസിനെ (46) പന്തളം എസ്ഐ പൊലീസ് ലോക്കപ്പില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ പന്തളം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത ഷാജിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് നാട്ടുകാര്‍ ഞായറാഴ്ച വൈകിട്ട് അഞ്ചോടെ പന്തളത്ത് സംഘടിച്ചു. എംസി റോഡില്‍ നിന്ന് പ്രകടനമായി പൊലീസ് സ്റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ പന്തളം സിഐ ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു.

സംഭവം കേട്ടറിഞ്ഞ് കൂടുതല്‍ ആളുകള്‍ എത്തിയതോടെ പൊലീസ് മേധാവികള്‍ കൂടുതല്‍ പൊലീസിനേയും വരുത്തി. സമരത്തിനിടെ സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ സ്ഥലത്തെത്തി. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ പന്തളം സിഐയുമായി ചര്‍ച്ച നടത്തി. പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചും സംഭവത്തില്‍ ആരോപണ വിധേയനായ എസ്ഐയുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേല്‍ രണ്ട് മണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചു. അടുത്ത ദിവസം തന്നെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലങ്കില്‍ സമരം ശക്തമാക്കുമെന്ന് അനന്തഗോപന്‍ പറഞ്ഞു.

ഉപരോധ സമരം സിപിഐ എം കോഴഞ്ചേരി ഏരിയാ സെക്രട്ടറി ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം മെഴുവേലി ലോക്കല്‍ സെക്രട്ടറി ടി കെ ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. ടി വി സ്റ്റാലിന്‍, കെ പി സി കുറുപ്പ്, പി ആര്‍ പ്രദീപ്, പി കെ തങ്കമ്മ, രാജേഷ്, സുജാത പ്രസന്നകുമാര്‍, വിനോദ്, പി എസ് അനീഷ് മോന്‍, ബി പ്രദീപ്, സി ബി സജികുമാര്‍, ഹസന്‍ റാവുത്തര്‍ എന്നിവര്‍ സംസാരിച്ചു.

മൂന്നാം മുറയുടെ ക്രൂരമായ മുഖം: പി പ്രസാദ്

കോഴഞ്ചേരി: മൂന്നാംമുറയുടെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ് പന്തളം പൊലീസ് സ്റ്റേഷനില്‍ അരങ്ങേറിയതെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി പ്രസാദ് പറഞ്ഞു.

പൊലീസ സ്റ്റേഷനുകളില്‍ നിന്ന് മൂന്നാംമുറ പൂര്‍ണമായി നീക്കം ചെയ്തുവെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അവകാശപ്പെടുന്നതിനിടെയാണ് ബധിരനും ഹൃദ്രോഗിയുമായ ഷാജിയെ മര്‍ദ്ദിക്കുകയും നഖം പിഴുതെടുക്കുകയും ചെയ്തത്. ഈ നരാധമന്മാരായ ഉദ്യോഗസ്ഥരുടെ പേരില്‍ വധശ്രമത്തിന് കേസെടുക്കണം. ഷാജിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സാമ്പത്തിക സഹായം എത്തിക്കണമെന്നും പ്രസാദ് ആവശ്യപ്പെട്ടു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബാബു കോയിക്കലേത്ത്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ്, ഏരിയ പ്രസിഡന്റ് വി വിനോദ്, സിപിഐ എം മെഴുവേലി ലോക്കല്‍ സെക്രട്ടറി ടി ജെ ജനാര്‍ദ്ദനന്‍, സിപിഐ ജില്ലാ കമ്മിറ്റിയംഗം വത്സമ്മ മാത്യു, അഡ്വ. ശരത് ചന്ദ്രകുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി ഷാജിയെ സന്ദര്‍ശിച്ചു. ഡിവൈഎഫ്ഐ ഏരിയ വൈസ് പ്രസിഡന്റ് അനീഷ്മോന്റെയും പാര്‍ടി ലോക്കല്‍ കമ്മിറ്റിയംഗം കെ പി വിശ്വംഭരന്റെയും നേതൃത്വത്തില്‍ ഷാജി വര്‍ഗീസിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് മൃഗീയ മര്‍ദ്ദനത്തിന്റെ കഥ പുറംലോകം അറിഞ്ഞത്.

യുഡിഎഫ് ഭരണം പൊലീസിനെ നരാധമന്മാരാക്കുന്നു: കെ അനന്തഗോപന്‍

കോഴഞ്ചേരി: ഷാജിക്ക് നേരെ ഉണ്ടായ ആക്രമണം പൈശാചികവും ക്രൂരവുമാണെന്നും നരാധമന്മാര്‍ക്കുമാത്രമേ ഇത്തരം ഹീന കൃത്യങ്ങള്‍ ചെയ്യാന്‍ കഴിയൂവെന്നും സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. പന്തളം പൊലീസിന്റെ മര്‍ദ്ദനമേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാജി വര്‍ഗീസി(44)നെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഭരണം പൊലീസിനെ നരാധമന്മാരാക്കി മാറ്റുകയാണ്. എന്തു കുറ്റകൃത്യങ്ങള്‍ ചെയ്താലും ഭരണസഹായം ലഭിക്കുമെന്നതു കൊണ്ടാണിത്. തങ്ങളുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്നതിന് പൊലീസിനെ ഭരണ നേതൃത്വം ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ ആപല്‍ക്കരമായ സ്ഥിതിവിശേഷം സംജാതമായത്. നീതിയും നിയമവും നടപ്പിലാക്കേണ്ട പൊലീസ് ഇവ നിഷേധിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുക. പൊലീസ് സേനയെ യുഡിഎഫ് രാഷ്ട്രീവല്‍ക്കരിച്ചതുകൊണ്ടാണ് നീതി നിര്‍വഹണത്തില്‍ ഇത്തരം സ്ഥിതി ഉണ്ടായത്. രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യാന്‍ പൊലീസിനെ ഉപയോഗിക്കുന്ന ഇവരെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമായിരിക്കുന്നു. ഷാജിക്ക് നേരെയുള പൈശാചിക ആക്രമണം ജില്ലയില്‍ ഒറ്റപ്പെട്ട സംഭവമല്ല. ഒരു വിഭാഗം പൊലീസുകാര്‍ നിരന്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണ്. ഇതു തിരുത്താന്‍ ഉന്നത അധികാരികള്‍ തയ്യാറാവണം. ഷാജിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്മാരുടെ പേരില്‍ അടിയന്തരമായി ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം അനിശ്ചിതകാല പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കും. അതിന് സമാധാനവും നീതിയും കാംക്ഷിക്കുന്ന മുഴുവന്‍ ജനതയുടെയും സഹായം ഉണ്ടാകണമെന്നും അനന്തഗോപന്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment