Monday, April 8, 2013

ബാങ്കുകളില്‍ ക്ലാസ് ഫോര്‍ ജീവനക്കാരുടെ നിയമനം നീളുന്നു


സ്റ്റേറ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളില്‍ സ്വീപ്പര്‍, പ്യൂണ്‍ ഉള്‍പ്പെടെയുള്ള ക്ലാസ് ഫോര്‍ ജീവനക്കാരെ നിയിക്കുന്നത് അനന്തമായി നീളുന്നു. തസ്തികകളില്‍ താല്‍കാലികമായി നിയമിക്കുന്ന ജീവനക്കാരെ ബാങ്കുകളും ഏജന്‍സികളും ചൂഷണം ചെയ്യുന്നത് വ്യാപകമാണ്. ഇതൊഴിവാക്കണമെന്ന വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ കാലങ്ങളായി ആവശ്യപ്പെടുകയും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിട്ടും നടപടിയുണ്ടായില്ല. സ്ഥിരനിയമനം നടത്താത്തതിനാല്‍ പട്ടികവിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കും മറ്റും കിട്ടേണ്ട തൊഴിലവസരങ്ങളും നഷ്ടമാകുകയാണ്. ഒന്നര പതിറ്റാണ്ടോളമായി കേന്ദ്ര ധനവകുപ്പിന്റെ അനാസ്ഥ തുടരുകയാണ്.

പൊതുമേഖലാ ബാങ്കുകളില്‍ നികത്തപ്പെടാത്ത തസ്തികകള്‍ അമ്പതിനായിരത്തിലേറെ ഉണ്ട്. മറ്റു തസ്തികകളില്‍ സ്ഥിരനിയമനത്തിനു പകരം പുറം കരാറും ദിവസവേതന നിയമനവുമാണ് നടത്തുന്നത്. ഇവരെ അധികജോലി ചെയ്യിപ്പിക്കുക മാത്രമല്ല ന്യായമായ കൂലി നല്‍കുന്നുമില്ല. പൊതുമേഖലാ ബാങ്കുകളുടേതും പുതുതലമുറ ബാങ്കുകളുടേതുമടക്കം രാജ്യത്തെ ലക്ഷത്തിലധികം വരുന്ന ബാങ്ക് ശാഖകളിലെല്ലാം ഇതാണവസ്ഥ. 15 വര്‍ഷം മുമ്പുണ്ടായിരുന്ന ബാങ്ക് ശാഖകളുടെ എണ്ണം ഇപ്പോള്‍ ഇരട്ടിയായി. ശാഖകളുടെ എണ്ണം പെരുകുമ്പോഴും ഒന്നില്‍പോലും താഴ്ന്ന തസ്തികകളില്‍ സ്ഥിരനിയമനം നടത്തുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ താല്‍കാലിക നിയമനങ്ങള്‍ പൂര്‍ണമായും ഏജന്‍സികള്‍ക്ക് വിട്ടുകൊടുത്തു കഴിഞ്ഞു. വിരമിക്കുന്നവര്‍ക്കും മരിച്ചുപോകുന്നവര്‍ക്കും പകരമായി താല്‍കാലിക ജീവനക്കാരെയാണ് നിയമിക്കുന്നത്. കേരളത്തിലെ ബാങ്കുകളില്‍ മാത്രം 10,000ലധികം താല്‍കാലിക ജീവനക്കാരുണ്ട്. പുറംകരാറെടുക്കുന്ന കമ്പനികള്‍ ഭൂരിഭാഗവും ലൈസന്‍സില്ലാത്തവയാണെന്നും ആരോപണമുണ്ട്. ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ബാങ്കുകള്‍ നേരിട്ടു നിയമിക്കുന്ന ദിവസവേതനക്കാരുടെ സ്ഥിതിയും ഇതുതന്നെയാണ്. ഓവര്‍ടൈമിനു വേതനമോ അവധിയോ ആനുകൂല്യങ്ങളോ ബാങ്ക് കൊടുക്കാറില്ല. സ്വീപ്പര്‍ക്ക് പരമാവധി 150 രൂപയും പ്യൂണിന് 250 രൂപയുമാണ് ദിവസവേതനമായി നല്‍കുന്നത്. ഇതിനെതിരെ പ്രക്ഷോഭം നടത്താന്‍ എറണാകുളത്തു ചേര്‍ന്ന യൂണിയന്‍ ബാങ്ക് ജീവനക്കാരുടെ യാഗം തീരുമാനിച്ചു.

deshabhimani 080413

No comments:

Post a Comment