Wednesday, April 10, 2013

ഗണേശ് പരസ്യമായി മാപ്പ്പറഞ്ഞു


ഭാര്യ ഡോ. യാമിനി തങ്കച്ചിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പരസ്യമായി മാപ്പ് പറഞ്ഞും നേരത്തെയുണ്ടാക്കിയ കരാര്‍പ്രകാരമുള്ള ജീവനാംശം നല്‍കാന്‍ സമ്മതിച്ചും കേസില്‍നിന്ന് തടിയൂരാന്‍ കെ ബി ഗണേശ്കുമാറിന്റെ ശ്രമം. യാമിനി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്ന ഗണേശ് മന്ത്രിപദവി തിരിച്ചുപിടിക്കാനാണ് വീരവാദങ്ങളെല്ലാം ഉപേക്ഷിച്ച് കീഴടങ്ങിയത്. ഇതോടെ യാമിനിക്കുപിന്നില്‍ വനം മാഫിയ ആണെന്നതുള്‍പ്പെടെയുള്ള ഗണേശിന്റെ പ്രചാരണവും പൊളിഞ്ഞു. ഗണേശിന്റെ പരസ്ത്രീബന്ധം പരസ്യമായതോടെയാണ് വിവാദം കത്തിയത്. ഗണേശിനെതിരെ യാമിനി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും മറ്റും ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നെങ്കിലും ഇത് മറികടന്ന് ഗണേശ് ഏകപക്ഷീയമായി കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് യാമിനി പരാതി നല്‍കിയപ്പോഴാണ് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. മന്ത്രിസ്ഥാനം പോയതോടെ ഭാര്യക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച ഗണേശ്, ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ ഒത്തുതീര്‍പ്പിന് സന്നദ്ധമാവുകയായിരുന്നു.

തന്നോട് മാപ്പ് പറയാതെ ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് യാമിനി വ്യക്തമാക്കി. തുടര്‍ന്നാണ് അധികാരം തിരിച്ചുപിടിക്കാനും ഗാര്‍ഹിക പീഡനക്കേസില്‍നിന്ന് തടിയൂരാനും മാപ്പ് പറയുന്നതുള്‍പ്പെടെ യാമിനിയുടെ മുഴുവന്‍ ആവശ്യങ്ങള്‍ക്കു മുന്നിലും കീഴടങ്ങിയത്. ധാരണപ്രകാരം ഗണേശ് കുടുംബ കോടതിയില്‍ നല്‍കിയ വിവാഹമോചന കേസ് പിന്‍വലിക്കാന്‍ ഹര്‍ജി നല്‍കി. യാമിനി മര്‍ദിച്ചു എന്നാരോപിച്ച് ഗണേശ് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ക്രൈം ബ്രാഞ്ച് എസ് പി ഉമ ബെഹ്റയ്ക്കും കേസിന് മേല്‍നോട്ടം വഹിക്കുന്ന വിന്‍സന്‍ എം പോളിനും അപേക്ഷ നല്‍കിയിട്ടുണ്ട്. വഴുതക്കാട്ടുള്ള തന്റെ വീട് യാമിനിക്ക് എഴുതി നല്‍കാമെന്ന് ബുധനാഴ്ച ഗണേശ് സമ്മതിച്ചിട്ടുണ്ട്. ഇതു കൂടാതെ 2.25 കോടി രൂപയും നല്‍കും. പിന്നീട് പരസ്പര ധാരണപ്രകാരം വിവാഹമോചനത്തിന് ഇരുവരും ഹര്‍ജി നല്‍കും. യാമിനി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള പരാതി വ്യാഴാഴ്ച ഒത്തുതീര്‍പ്പാക്കാനാണ് ധാരണ.

deshabhimani 100413

No comments:

Post a Comment