Saturday, April 20, 2013

സമുദ്രോപരിതല ഊഷ്മാവും ഉയരുന്നു; മത്സ്യമേഖലയ്ക്ക് വന്‍ ഭീഷണി


കരയിലെ വറുതി കടലിലേക്കും. അന്തരീക്ഷ താപനിലയ്ക്കൊപ്പം സമുദ്രോപരിതലത്തിലെ ഊഷ്മാവും ഉയരുന്നത് മല്‍സ്യമേഖലയ്ക്കും ജൈവവൈവിധ്യത്തിനും വന്‍ ഭീഷണി ഉയര്‍ത്തുന്നു. സമുദ്രോല്‍പ്പന്ന കയറ്റുമതിവഴി രാജ്യത്തിന് ഉണ്ടാവുന്ന സാമ്പത്തികനേട്ടത്തെയും ഇത് ദോഷകരമായി ബാധിക്കും. ആഗോള താപനത്തിന്റെ ഫലമായി സമുദ്രോപരിതലത്തിലെ താപനില ക്രമേണ ഉയരുകയാണ്. കേരളത്തോട് ചേര്‍ന്ന സമുദ്രമേഖലയില്‍ ഇപ്പോള്‍ 32 ഡിഗ്രിയാണ് ശരാശരി താപനില. ഉയര്‍ന്ന താപനില കടല്‍വെള്ളത്തിന്റെ ബാഷ്പീകരണത്തോത് ഉയര്‍ത്തും. ഇത് മല്‍സ്യങ്ങളെ ദോഷകരമായി ബാധിക്കും. ഉപരിതല മല്‍സ്യങ്ങളായ ചാള, അയല, കൊഴുവ തുടങ്ങിയവയെയാണ് താപനില വര്‍ധന ഏറെയും ബാധിക്കുക. ഇതുമൂലം ഇത്തരം മീനുകള്‍ കേരളത്തിന്റെ തീരത്തുനിന്ന് മറ്റു പ്രദേശങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയതായി മല്‍സ്യമേഖലയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയ പനങ്ങാട് ഫിഷറീസ് കോളേജ് മുന്‍ ഡീന്‍ ഡോ. കെ എസ് പുരുഷന്‍ പറഞ്ഞു. ചൂടുകൂടിയ ഭൂമധ്യരേഖാ പ്രദേശത്തുനിന്ന് അകലേക്കാണ് ഇവ മാറുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളോടു ചേര്‍ന്ന സമുദ്ര മേഖലയില്‍ നേരത്തെ ചാള ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇവിടെ ചാള കിട്ടുന്നുണ്ട്.

കേരളത്തില്‍ മഴ കുറയുന്നതും മല്‍സ്യമേഖലയ്ക്ക് ഭീഷണിയാണ്. കേരളത്തില്‍ മാത്രം കണ്ടുവരുന്ന പ്രതിഭാസമായ "ചാകര"യ്ക്ക് കാരണം കനത്ത മഴയ്ക്കുശേഷം നദികള്‍ ഒഴുക്കിക്കൊണ്ടു വരുന്ന ധാതുക്കളും മറ്റ് ജൈവവസ്തുക്കളുമായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് മഴ കുറയുന്നതിനാല്‍ നദികളിലെ ഒഴുക്ക് ശക്തമല്ല. ഇത് ചാകരയെ ദോഷകരമായി ബാധിച്ചു. കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിക്കുന്നതും സമുദ്രമേഖലയുടെ ജൈവ വൈവിധ്യത്തെ ബാധിച്ചു. ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതിയെയും സാരമായി ബാധിക്കുന്നതാണ് കടലിലെ താപനില വര്‍ധന. 2011-12 സാമ്പത്തികവര്‍ഷത്തില്‍ 17,000 കോടി രൂപയുടെ സമുദ്രോല്‍പ്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതിചെയ്തത്. ഇതില്‍ 3000 കോടിയും കേരളത്തില്‍ നിന്നാണ്. കടല്‍-ഉള്‍നാടന്‍ വിഭാഗങ്ങളിലായി എട്ടുലക്ഷം ടണ്ണിലധികമാണ് സംസ്ഥാനത്ത് ആകെ ലഭിച്ച മല്‍സ്യസമ്പത്ത്. ഇതില്‍ 1.5 ലക്ഷം ടണ്‍ കയറ്റി അയച്ചു. താപനില വര്‍ധനമൂലം മല്‍സ്യ സമ്പത്ത് കുറയുന്നത് ഈ രംഗത്തെയും പിന്നോട്ടടിക്കും. സമുദ്രോപരിതല ഊഷ്മാവ് വര്‍ധിക്കുന്നത് ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് ഫിഷറീസ് സര്‍വകലാശാല ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. എം ജി കെ പിള്ള പറഞ്ഞു. ഇതേപ്പറ്റി കൂടുതല്‍ ഗൗരവ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
(അഞ്ജുനാഥ്)

deshabhimani 190413

No comments:

Post a Comment