Sunday, April 7, 2013

സ്റ്റുഡന്റ്സ് നേഴ്സസ് അസോ. സംസ്ഥാനസമ്മേളനം നാളെ തുടങ്ങും


കൊല്ലം: സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ നേഴ്സിങ് വിദ്യാര്‍ഥികളുടെ ഏക സംഘടനയായ കേരള ഗവണ്‍മെന്റ് സ്റ്റുഡന്റ്സ് നേഴ്സസ് അസോസിയേഷന്‍ 33-ാം സംസ്ഥാനസമ്മേളനം തിങ്കളും ചൊവ്വയുംകൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ പത്തിനു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. എന്‍ റാഷാമോള്‍ അധ്യക്ഷയാകും. വിവിധ സംഘടനകളുടെ നേതാക്കള്‍ സംസാരിക്കും. വൈകിട്ട് അഞ്ചിനു കലാമത്സരങ്ങള്‍ ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. ചൊവ്വാഴ്ച രാവിലെ "ഇന്ത്യന്‍ നേഴ്സിങ് മേഖല: പ്രശ്നങ്ങളും പ്രതിവിധിയും" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനംചെയ്യും. കേരള ഗവണ്‍മെന്റ് നേഴ്സസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി പി കെ തമ്പി വിഷയം അവതരിപ്പിക്കും. കെ എന്‍ ബാലഗോപാല്‍ എംപി, ആന്റോ ആന്റണി എംപി, ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. സി വി പ്രതാപന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് അഞ്ചിനു കൊല്ലം റെസ്റ്റ്ഹൗസിനു മുന്നില്‍നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പ്രകടനം ആരംഭിക്കും. തുടര്‍ന്നു ടൗണ്‍ഹാളില്‍ ചേരുന്ന സമാപനസമ്മേളനം പി കെ ഗുരുദാസന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. ആര്‍ രാമചന്ദ്രന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ മിനിമം കൂലി ഉറപ്പാക്കാന്‍ ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നു ഭാരവാഹികള്‍ പറഞ്ഞു. റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണ്. നേഴ്സിങ് വിദ്യാര്‍ഥികളുടെ സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കുക, ജില്ലാ ആശുപത്രികള്‍ക്കു താഴെയുള്ള ആശുപത്രികളില്‍ നേഴ്സുമാരുടെ ജോലിസമയം എട്ടുമണിക്കൂറായി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ചര്‍ച്ചചെയ്യും. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ പ്രസന്ന ഏണസ്റ്റ്, സംസ്ഥാന ഉപദേശകന്‍ പി കെ തമ്പി, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുശാന്ത് ബാലകൃഷ്ണന്‍, സ്വാഗതസംഘം കണ്‍വീനര്‍ ജെ അജിത്, ജില്ലാസെക്രട്ടറി ജി ആര്‍ നീതു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 070413

No comments:

Post a Comment