കണ്ണൂര്‍: എ കെ പത്മനാഭനെ പ്രസിഡന്റായും തപന്‍ സെന്നിനെ ജനറല്‍ സെക്രട്ടറിയായും കണ്ണൂരില്‍ ചേര്‍ന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. രഞ്ജന നിരുള ട്രഷററായി തുടരും. വൈസ് പ്രസിഡന്റുമാരായി സുകോമള്‍ സെന്‍,കെ എല്‍ ബജാജ്, ശ്യാമള്‍ ചക്രവര്‍ത്തി, ബസുദേവ് ആചാര്യ, എ സൗന്ദര്‍ രാജന്‍, ദേബന്‍ ഭട്ടാചാര്യ, മാലതി ചിട്ടിബാബു, ജെ എസ് മജുംദാര്‍, പി റോജ, എം സായി ബാബു, രഘുനാഥ് സിങ്ങ്, ബിഷ്ണു മൊഹന്തി, കേരളത്തില്‍ നിന്നും ആനത്തലവട്ടം ആനന്ദന്‍,ജെ മേഴ്സിക്കുട്ടിയമ്മ, കെ ഒ ഹബീബ് എന്നിവരെ തെരഞ്ഞെടുത്തു.
സെക്രട്ടറിമാരായി എസ് ദേവ്റോയി, കെ ഹേമലത, മണിക്ദേ, ആര്‍ സുധാഭാസ്കര്‍, , ദീപക് ദാസ് ഗുപ്ത, എസ് വരലക്ഷ്മി, പ്രശാന്ത നന്ദി ചൗധരി, കാശ്മീര്‍ സിങ്ങ് താക്കൂര്‍, രത്ന ദത്ത, ജി സുകുമാരന്‍, എസ് പ്രസന്ന കുമാര്‍, ഡി ഡി രാമാനന്ദന്‍, എ ആര്‍ സിന്ധു, കേരളത്തില്‍ നിന്നും എളമരം കരീം,കെ കെ ദിവാകരന്‍, പി നന്ദകുമാര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയോടെ പ്രതിനിധി സമ്മേളനത്തിന് സമാപനമാവും. രണ്ടുലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന പ്രകടനത്തോടെ അഖിലേന്ത്യാ സമ്മേളനത്തിന് സമാപനം കുറിക്കും.
മഹാസംഗമം ഇന്ന്
കണ്ണൂര്‍: മണ്ണും വിണ്ണും ചുവന്ന കണ്ണൂരില്‍ പോരാട്ടത്തിന്റെ തീനാമ്പുകളുയര്‍ത്തി തൊഴിലാളി ലക്ഷങ്ങളുടെ റാലി തിങ്കളാഴ്ച. സിഐടിയു ദേശീയ സമ്മേളന സമാപനം തൊഴിലാളി മുന്നേറ്റത്തിന്റെ പുതുചരിത്രമെഴുതും. ട്രേഡ്യൂണിയന്‍ ഐക്യം സിരകളിലേറ്റുവാങ്ങിയ അധ്വാന വര്‍ഗത്തിന്റെ ആവേശവും കരുത്തും കണ്ണൂരിന്റെ വീഥികളില്‍ പടര്‍ന്നൊഴുകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അഞ്ചുദിവസത്തെ സമ്മേളനം അവിസ്മരണീയമാക്കിയ വിപ്ലവഭൂമി, റാലി ജനസാഗരമാക്കാനുള്ള അവസാന ഒരുക്കത്തിലാണ്. "നയം മാറ്റാന്‍ വര്‍ഗ സമരം ശക്തിപ്പെടുത്തുക" എന്ന സന്ദേശം നാടാകെ ഉയര്‍ത്തിയ തൊഴിലാളികളുടെ മഹാപ്രവാഹത്തില്‍ നഗരം പ്രകമ്പനം കൊള്ളും. പരമ്പരാഗത തൊഴിലാളികളുടെ ശക്തികേന്ദ്രത്തില്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ അണിചേരുന്നതോടെ വരുംകാല പ്രക്ഷോഭങ്ങള്‍ക്ക് ഇന്ധനമാകുന്ന കൊടുങ്കാറ്റാകും അത്. പ്രതിനിധികളും കണ്ണൂര്‍ ജില്ലയിലെ തൊഴിലാളികളും കുടുംബാംഗങ്ങളുള്‍പ്പെടെ രണ്ടുലക്ഷം പേരെയാണ് റാലിയില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
എ കെ ജിയും സി കണ്ണനും ഇ കെ നായനാരും കെ പി ഗോപാലനും കെ പി ആര്‍ ഗോപാലനും സി എച്ച് കണാരനും അഴീക്കോടന്‍ രാഘവനും ചടയന്‍ ഗോവിന്ദനും ഉള്‍പ്പെടെ തൊഴിലാളിവര്‍ഗത്തിന് ജീവിതം സമര്‍പ്പിച്ചവരുടെ സ്മരണകള്‍ ഇരമ്പുന്ന മണ്ണില്‍ ചെങ്കടലായി ലക്ഷങ്ങള്‍ അണിനിരക്കും. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ അനശ്വര നായകന്‍ സി കണ്ണന്റെ പേരിലുള്ള നഗരി (കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയം)യിലാണ് റാലിയും പൊതുസമ്മേളനവും. കേന്ദ്രീകരിച്ച പ്രകടനമില്ല.
വൈകിട്ട് നാലിനാണ് റാലിക്ക് തുടക്കമാവുക. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ എ കെ പത്മനാഭന്‍, തപന്‍ സെന്‍, ഡബ്ല്യുഎഫ്ടിയു ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്റിക്കോസ്, കോടിയേരി ബാലകൃഷ്ണന്‍, ഡോ. കെ ഹേമലത, എളമരം കരീം, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സംസാരിക്കും.
(പി സുരേശന്‍)
ബദല്‍ നയങ്ങള്‍ക്കായി പോരാട്ടം
എം കെ പന്ഥെ നഗര്‍ (കണ്ണൂര്‍): ബഹുരാഷ്ട്ര കുത്തകള്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും അനുകൂലമായ കേന്ദ്ര നയങ്ങള്‍ക്ക് ബദല്‍ മുന്നോട്ടുവച്ച് സിഐടിയു ശക്തമായ പ്രക്ഷോഭത്തിലേക്ക്. ദേശീയസമ്മേളനം പരിഗണിച്ച കമീഷന്‍ രേഖയിലാണ് ഈ നിര്‍ദേശം. യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക നയങ്ങള്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും എതിരാണെന്ന് ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു രൂപ നിരക്കില്‍ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം, തൊഴിലുറപ്പ് പദ്ധതി ശക്തമാക്കല്‍, ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം, സൗജന്യ ആരോഗ്യ പരിരക്ഷ, വാര്‍ധക്യ പെന്‍ഷനും വികലാംഗര്‍ക്കുള്ള സഹായവും സാര്‍വത്രികമാക്കല്‍ തുടങ്ങിയവയാണ് ബദല്‍ നിര്‍ദേശങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്കാരങ്ങള്‍ ആത്മഹത്യാപരവും രാജ്യവിരുദ്ധവുമാണ്. ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞു. സബ്സിഡിയും സാമൂഹ്യ സുരക്ഷാപദ്ധതികളും വെട്ടിക്കുറച്ചാണ് ധനകമ്മിയും നികുതിവരുമാനത്തിലെ കുറവും നികത്തുന്നത്. നയപരാജയങ്ങളുടെ ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. സിഐടിയു മുന്നോട്ടുവയ്ക്കുന്ന ബദല്‍ നടപ്പാക്കാന്‍ പ്രതിവര്‍ഷം 5.32 ലക്ഷം കോടി രൂപയേ വേണ്ടു. രഘുനാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു "ബദലിനായുള്ള പോരാട്ടം" കമീഷന്‍ രേഖയുടെ ചര്‍ച്ച.
"ജനാധിപത്യപരമായ സംഘടനാ പ്രവര്‍ത്തനം" എന്ന കമീഷന്‍ ചര്‍ച്ച കേഡര്‍മാരുടെ സാന്നിധ്യം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലാണ് ഊന്നിയത്. കൂടതല്‍ മേഖലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു. ശ്യാമള്‍ ചക്രവര്‍ത്തിയായിരുന്നു അധ്യക്ഷന്‍.
സുധാഭാസ്കരന്റെ അധ്യക്ഷതയിലാണ് "സാമൂഹ്യ പ്രശ്നങ്ങളിലെ തൊഴിലാളിവര്‍ഗത്തിന്റെ കടമ" എന്ന ചര്‍ച്ച നടന്നത്. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ട ദളിത്, ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഗൗരവത്തോടെ ഏറ്റെടുക്കേണ്ടത് അടിയന്തര കടമയാണെന്ന് വിലയിരുത്തി. ഇവരെ തൊഴിലാളി വര്‍ഗത്തിന്റെ യോജിച്ച സമരങ്ങള്‍ക്കൊപ്പം കൊണ്ടുവരണം. വര്‍ഗപരമായ ഐക്യം തകര്‍ക്കുന്ന സ്വത്വരാഷ്ട്രീയ പ്രവണതകളെ ചെറുക്കണം.
"നവഉദാരവല്‍ക്കരണ കാലത്തെ തൊഴില്‍ബന്ധങ്ങളിലെ മാറ്റം" എന്ന വിഷയത്തിലുള്ള ചര്‍ച്ച, തൊഴില്‍സുരക്ഷയോ ന്യായമായ വരുമാനമോ സാമൂഹ്യ സുരക്ഷിതത്വമോ ഇല്ലാത്തവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി വിലയിരുത്തി. അസംഘടിതമേഖലയിലെ ചൂഷണം ഏറിയ സാഹചര്യത്തില്‍ തൊഴിലാളികളെ വര്‍ഗപരമായി സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പ്രതിനിധികള്‍ നിര്‍ദേശിച്ചു. കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷനായി. ചര്‍ച്ചകള്‍ ക്രോഡീകരിച്ച് തിങ്കളാഴ്ച രാവിലെ തപന്‍ സെന്‍ സംസാരിക്കും.
(എന്‍ എസ് സജിത്)

No comments:
Post a Comment