Monday, April 8, 2013

പെണ്‍കൂട്ടായ്മയില്‍ വാഴകൃഷി വിളവെടുപ്പിന് നൂറുമേനി


മാന്നാര്‍: പരാധീനതകള്‍ക്കിടയിലും കഠിനാധ്വാനം കൈമുതലാക്കി ഗ്രാമദീപം കുടുംബശ്രീ അയല്‍ക്കൂട്ടം യൂണിറ്റ് കാര്‍ഷിക വിളവെടുത്തു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തില്‍ 17-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എസ്സി ഗ്രൂപ്പായ ഗ്രാമദീപം കുടുംബശ്രീ അയല്‍ക്കൂട്ട യൂണിറ്റാണ്. ചെന്നിത്തല സൗത്ത് ഗവ. എല്‍പി സ്കൂള്‍ സമീപമുള്ള കാടുപിടിച്ചുകിടന്ന സ്കൂള്‍ ഗ്രൗണ്ട് വൃത്തിയാക്കി ജൈവവളം മാത്രം ഉപയോഗിച്ച് വാഴകൃഷിയിറക്കിയത്. ധനസഹായം നല്‍കി സഹായിക്കുമെന്നേറ്റ അധികൃതരുടെ വാഗ്ദാനം ജലരേഖയായപ്പോള്‍ താലിമാലവരെ വിറ്റും, പലിശയ്ക്ക് കടംവാങ്ങിയുമാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നൂറുമേനി കൊയ്തത്.

എസ്സി ഗ്രൂപ്പിലെ രണ്ട് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പഞ്ചായത്തില്‍ നിന്ന് 500 ഏത്തവാഴ വിത്തും, 50 ചാക്ക് വീതം വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി വളങ്ങള്‍ ഉള്‍പ്പെടെ അനുവദിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെന്നിത്തല സൗത്ത് അണക്കാട്ടുമഠത്തിലെ പുരയിടത്തില്‍ 100 ഏത്തവാഴ വിത്തുകള്‍ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിതാ സജീവന്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ സമീപത്തുള്ള കുളത്തില്‍ നിന്നും സമീപവീടുകളിലുള്ള കിണറുകളില്‍ നിന്നും വെള്ളം കോരിയും വളവും നല്‍കി. എത്തവാഴകള്‍ കാറ്റടിച്ച് താഴെ വീഴാതിരിക്കാന്‍ 40 രൂപ പ്രകാരം 50ല്‍ അധികം മുളകള്‍ വാങ്ങി താങ്ങുനല്‍കി. കൃഷി ചെയ്ത് 50,000 രൂപയോളം കടക്കാരായ ഈ കുടുംബശ്രീ വനിതകള്‍ പച്ചമഞ്ഞള്‍, ഇഞ്ചി, ചേന, വെട്ടുചേമ്പ്, കാച്ചില്‍, കപ്പ എന്നീ കൃഷികള്‍ നടത്താന്‍ തയാറെടുക്കുകയാണ്. പച്ചമഞ്ഞള്‍ ഉണക്കിപ്പൊടിച്ച് കുടുംബശ്രീ യൂണിറ്റുകള്‍ വഴി വീടുകള്‍തോറും വിതരണം ചെയ്യാനാണ് പദ്ധതി. സര്‍ക്കാര്‍ ധനസഹായം നല്‍കിയാല്‍ തരിശുപാടങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ തയാറാണെന്നും യൂണിറ്റ് സെക്രട്ടറി കെ ജയകുമാരി പറഞ്ഞു. സരോജിനി, കുഞ്ഞുകുഞ്ഞുമ്മ, സുജാത, തങ്കമണി, രാധാമണി, സുമതി എന്നിവരുടെ നേതൃത്വത്തിലാണ് വാഴകൃഷി നടത്തിയത്.

deshabhimani

No comments:

Post a Comment