Thursday, April 11, 2013

ഡോക്ടര്‍മാരാകാന്‍ അപേക്ഷിച്ചവര്‍ക്ക് നിലവാരക്കുറവെന്ന് പി എസ് സി


സര്‍ക്കാര്‍ ഡോക്ടര്‍മാരാകാന്‍ അപേക്ഷിച്ചവര്‍ക്ക് നിലവാരക്കുറവ് പ്രകടമാണെന്നും സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പഠിച്ചവര്‍ക്ക് ക്ലിനിക്കില്‍ പരിശീലനം ലഭിച്ചിട്ടില്ലെന്നും പബ്ലിക് സര്‍വീസ് കമ്മീഷന്‍  റിപ്പോര്‍ട്ട്. പിഎസ്‌സി ചെയര്‍മാന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കി. മെഡിക്കല്‍ രംഗത്തെ ധാര്‍മികതയെ പറ്റി ഡോക്ടര്‍മാര്‍ പലരും അജ്ഞരാണെന്നും പലരും പത്രം വായിക്കാറില്ലെന്നും അഭിമുഖത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസി.സര്‍ജന്‍ തസ്തികകളിലേക്ക് അടുത്തിടെ നടന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പിഎസ്‌സി ചെയര്‍മാന്റെ കത്ത്.

ആരോഗ്യ മന്ത്രി ആരെന്ന് അറിയാത്തവര്‍ പോലും അഭിമുഖത്തിനെത്തിയിരുന്നു. പലര്‍ക്കും രാഷ്ട്രപതി, ഗവര്‍ണര്‍ പദവികളിലാരാണ് എന്നതിനെക്കുറിച്ച് ധാരണയില്ല. ഗ്രാമീണ മേഖലയിലെ ജോലിയെക്കുറിച്ച് പലരും അജ്ഞരാണ്. താഴേത്തട്ടിലുള്ള കുടുംബങ്ങളില്‍ നിന്ന് ആരും എംബിബിഎസ് പഠനത്തിന് എത്തുന്നില്ല. മധ്യവര്‍ഗകുടുംബങ്ങളിലെ അംഗങ്ങള്‍ക്കും ഇന്നത്തെ സാഹചര്യത്തില്‍ മെഡിക്കല്‍ പഠനം അസാധ്യമായിരിക്കുകയാണ്. ഉപരിവര്‍ഗ കുടുംബങ്ങളിലെയും മധ്യ ഉപരിവര്‍ഗകുടുംബങ്ങളിലെയും കുട്ടികള്‍ മാത്രമെ മെഡിക്കല്‍ പഠനത്തിന് എത്തുന്നുള്ളൂ.അസി. സര്‍ജന്‍ തസ്തികയില്‍ അഭിമുഖത്തിനെത്തിയ അയ്യായിരം പേരില്‍ നിന്ന് 3440 പേരുടെ റാങ്ക് പട്ടിക പിഎസ്‌സി അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

janayugom 110413

No comments:

Post a Comment