Monday, April 8, 2013
മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു
ബ്രിട്ടന്റെ ആദ്യവനിതാ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം അഞ്ചുമണിക്കായിരുന്നു അന്ത്യം. 87 വയസായിരുന്നു.
യൂറോപ്പിലെ തന്നെ ആദ്യ വനിതാ പ്രധാനമന്ത്രിയായ താച്ചറുടെ മുഴുവന്‍ പേര് മാര്‍ഗരറ്റ് ഹില്‍ഡ റോബര്‍ട്ട്സ് എന്നാണ്. ആല്‍ഫ്രഡ് റോബര്‍ട്ട്സ് എന്ന വ്യാപാരിയുടെ മകളായി ലിങ്കണ്‍ഷയറിലെ ഗ്രന്ഥാമില്‍ 1925 ഒക്ടോബര്‍ 13നാണ് ഇവര്‍ ജനിച്ചത്. പഗ്രന്ഥാം ഹൈസ്കൂളിലും സോമര്‍വില്‍ കോളജിലും (ഓക്സ്ഫഡ്) ആയിരുന്നു വിദ്യാഭ്യാസം. വിദ്യാര്‍ഥിയായിരിക്കെ യൂണിവേഴ്സിറ്റി കണ്‍സര്‍വേറ്റിവ് അസ്സോസിയേഷന്റെ പ്രസിഡന്റായി. രസതന്ത്രത്തില്‍ ബിരുദം നേടി (1947). തുടര്‍ന്ന് രസതന്ത്ര ഗവേഷകയായി ജോലി നോക്കി. 1951ല്‍ വിവാഹിതയായി. ഡെനിസ് താച്ചര്‍ എന്ന ധനികനായ ബിസിനസ്സുകാരനാണ് ഭര്‍ത്താവ്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി 1950ലും 51ലും പാര്‍ലമെന്റിലേക്കു മത്സരിച്ചുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. 1953 മുതല്‍ 59ല്‍ പാര്‍ലമെന്റംഗമാകുന്നതുവരെ അഭിഭാഷകയായി പ്രവര്‍ത്തിച്ചു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയതോടെ 1970 മുതല്‍ 74 വരെ താച്ചര്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും ശാസ്ത്ര കാര്യങ്ങള്‍ക്കും വേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറി പദവി വഹിച്ചു. തുടര്‍ന്ന് 1974ലെ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പരാജയപ്പെട്ടു. ജയിച്ച താച്ചര്‍പ്രതിപക്ഷ നേതാവായി.
തുടര്‍ന്നു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ (1979) കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തിലേറി. അവര്‍ പ്രധാനമന്ത്രിയായി. സാമ്പത്തിക രംഗത്ത് പല പരിഷ്കാരങ്ങളും താച്ചര്‍ ഗവണ്‍മെന്റ് നടപ്പിലാക്കി. ട്രേഡ് യൂണിയനുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ ഇവരുടെ ജനപ്രീതി വര്‍ധിച്ചുവെങ്കിലും 1981ഓടെ അതിന് മങ്ങലേറ്റു. എന്നാല്‍ ബ്രിട്ടന്റെ വകയായിരുന്ന ഫാക്ലാന്‍ഡില്‍ ഇക്കാലത്ത് അര്‍ജന്റീന നടത്തിയ ആക്രമണവും അതിനെ പരാജയപ്പെടുത്തുവാന്‍ താച്ചര്‍ ഗവണ്മെന്റിനു കഴിഞ്ഞതും രാഷ്ട്രീയ രംഗത്തു പിടിച്ചു നില്ക്കുവാന്‍ ഇവര്‍ക്ക് അവസരമേകി (1982). തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ താച്ചര്‍ ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ വന്നു. പിന്നീട് 1987ലെ തെരഞ്ഞെടുപ്പിലും താച്ചറുടെ കക്ഷിക്ക് ജയമുണ്ടായതോടെ ഇവര്‍ക്ക് മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്താന്‍ കഴിഞ്ഞു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ താച്ചറുടെ നേതൃത്വത്തിന് വെല്ലുവിളി നേരിടേണ്ടിവന്നു. 1990 നവംബറില്‍ ഇവര്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞു. ഭരണരംഗത്ത് ഉറച്ച നിലപാടെടുത്തിരുന്ന ആള്‍ എന്ന നിലയില്‍ "ഉരുക്കു വനിത"യായി അറിയപ്പെട്ടു. ഇവരുടെ നയപരിപാടികള്‍ "താച്ചറിസം" എന്ന് അറിയപ്പെട്ടു. മുതലാളിത്തത്തിന്റെ സമീപകാല പ്രയോഗരൂപങ്ങളിലൊന്നായി ഇത് കരുതപ്പെടുന്നു.സ്വകാര്യവല്ക്കരണത്തിലൂന്നിയ ആഗോളവല്ക്കരണത്തിന്റെ ആദ്യ വിളിപ്പേരുകൂടിയായിരുന്നു ഇത്. 1992ലെ തെരഞ്ഞെടുപ്പില്‍ താച്ചര്‍ മത്സരിച്ചില്ല. 1993ല്‍ ദ് ഡൌണിങ് സ്റ്റ്രീറ്റ് ഈയേഴ്സ് 1979-1990 എന്ന ആത്മകഥാഗ്രന്ഥം പ്രസിദ്ധീകരിച്ചു.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

No comments:
Post a Comment