Wednesday, April 10, 2013

ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കും: തിരുവഞ്ചൂര്‍

തോക്കുഭ്രമം :)


സിപിഐ എം സംസ്ഥാന}സെക്രട്ടറി പിണറായി വിജയന്റെ വീടിനു സമീപം തോക്കും കൊടുവാളുമായി ഒരാള്‍ പിടിയിലായ സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോളിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി എന്‍ വിശ്വനാഥന്‍ സംഭവം അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് വളയം പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെയാണ് പിണറായിയുടെ വീടിനു സമീപത്തുനിന്നും സംശയകരമായ സാഹചര്യത്തില്‍ തോക്കും കൊടുവാളുമായി നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്. ഇതിന് പത്തുദിവസം മുമ്പ് ഇയാള്‍ കൂട്ടുപുഴയില്‍ പിണറായി പങ്കെടുത്ത പരിപാടിക്ക് എത്തിയിരുന്നതായി പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തില്‍, ഗൂഢാലോചനയുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കും.

പിടിയിലാകുന്നതിനു മുമ്പ് ഇയാള്‍ വടകരയിലെ ലോഡ്ജില്‍ താമസിച്ചിരുന്നു. ഇയാളുടെ അച്ഛന്റെ പേരില്‍ ലൈസന്‍സുള്ള തോക്കുണ്ടായിരുന്നു. ഇത് പിന്നീട് നാദാപുരം പൊലീസ് സ്റ്റേഷനില്‍ സറണ്ടര്‍ ചെയ്തു. തോക്കു ഭ്രമമുള്ളതിനാലാണ് രണ്ടുമാസം മുമ്പ് എയര്‍ഗണ്‍ വാങ്ങിയതെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതെന്ന് മന്ത്രി അറിയിച്ചു. 

സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തു കൊണ്ടുവരണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഒരാള്‍ക്കു തനിയെ ചെയ്യാനാകുന്നതല്ല ഇയാള്‍ ചെയ്തിരിക്കുന്നത്. ഒരാള്‍ ഇയാളെ ബൈക്കില്‍ പിണറായിയുടെ വീടിനു സമീപം ഇറക്കി വിടുന്നത് കണ്ടവരുണ്ട്. എന്നാല്‍, പിടിയിലായ ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയാണെന്ന് പ്രചരിപ്പിച്ച് പ്രശ്നം ലഘൂകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. വളയത്ത് വീടുള്ള ഇയാള്‍ക്ക് വടകരയിലെ ലോഡ്ജില്‍ താമസിക്കേണ്ട സാഹചര്യമില്ല. പിണറായിയെ വധിക്കുകയെന്ന ലക്ഷ്യമാണ് തനിക്കുണ്ടായിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍എംപി സംസ്ഥാന നേതാക്കള്‍ പിണറായി വിജയനെതിരെ നിരന്തരം നടത്തുന്ന കൊലവിളി പ്രസംഗവും ഇതുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. ടി പി ചന്ദ്രശേഖരന്റെ ചോര പിണറായിയെ അവസാനംവരെ പിന്തുടരുമെന്നാണ് ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറി കെ എസ് ഹരിഹരന്‍ പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തിയത്. പ്രതിയുമായി വടകരയില്‍ ആരൊക്കെ ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തണം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.

deshabhimani 100413

No comments:

Post a Comment