Wednesday, April 10, 2013

ആദ്യ വധോദ്യമം കോളിത്തട്ടില്‍


കോഴിക്കോട് വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ മാര്‍ച്ച് 22ന് നടത്തിയ വധശ്രമത്തില്‍നിന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രക്ഷപ്പെട്ടത് യാദൃച്ഛികമായി. അന്നു വൈകിട്ട് നാലിന് ഇരിട്ടി കോളിത്തട്ടില്‍ പിണറായി പങ്കെടുത്ത പൊതുയോഗത്തില്‍ തോക്കും കൊടുവാളുമായി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ കാത്തുനിന്നെങ്കിലും ആള്‍ക്കൂട്ടത്തിനിടയില്‍പെട്ടതിനാല്‍ ആയുധം പ്രയോഗിക്കാനായില്ല. മുന്‍കൂട്ടി സ്ഥലത്തെത്തി ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ച് കാത്തിരിക്കുകയായിരുന്നെന്ന് പ്രതി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ചോദ്യംചെയ്യല്‍ തുടരുകയാണ്. അടുത്ത ദിവസം കോളിത്തട്ടില്‍ കൊണ്ടുപോയി തെളിവെടുക്കുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

തിങ്കളാഴ്ച ക്രൈംബ്രാഞ്ചിനു വിട്ടുകിട്ടിയ പ്രതിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് പിണറായിയെ വധിക്കാനുള്ള ദൗത്യവുമായി ആദ്യമെത്തിയത് കോളിത്തട്ടിലായിരുന്നെന്ന വെളിപ്പെടുത്തല്‍. കോളിത്തട്ടില്‍ സിപിഐ എം പേരട്ട ലോക്കല്‍ കമ്മിറ്റി ഓഫീസിന് നിര്‍മിച്ച ഇ കെ നായനാര്‍ സ്മാരക മന്ദിരം ഉദ്ഘാടനമായിരുന്നു പിണറായിയുടെ പരിപാടി. ഇതിനു രണ്ടു ദിവസംമുമ്പ് കൂട്ടുപുഴ കള്ളുഷാപ്പില്‍വച്ച് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പിണറായിയുടെ കോളിത്തട്ടിലെ പരിപാടിയെക്കുറിച്ച് തിരക്കിയ വിവരം പുറത്തുവന്നിട്ടുണ്ട്. ചാനലുകളിലും പത്രങ്ങളിലും വന്ന ചിത്രം കണ്ട് ഷാപ്പ് ജീവനക്കാരനായ സുരേഷ്കുമാറാണ് ഇയാളെ തിരിച്ചറിഞ്ഞത്. പിണറായിയുടെ വീടിനടുത്ത പാണ്ട്യാലമുക്കില്‍നിന്ന് കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടേകാലിനാണ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തോക്കും മൂര്‍ച്ചയേറിയ കൊടുവാളുമായി പിടിയിലായത്. റോഡരികില്‍ കൂട്ടിയിട്ട പൈപ്പുകള്‍ക്കുള്ളില്‍ എന്തോ ഒളിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് ധര്‍മടം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൈപ്പിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ചനിലയിലായിരുന്നു തോക്കും വാളും. പിന്നീട് വളയത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എയര്‍ ഗണ്ണില്‍ ഉപയോഗിക്കുന്ന 300 പെല്ലറ്റും 20 ഗ്രാം വെടിമരുന്നും കണ്ടെത്തി. ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമയടക്കമുള്ള ആര്‍എംപി നേതാക്കളുടെ പിണറായിക്കെതിരായ പ്രസ്താവനകളും നോട്ടീസും വീട്ടിലുണ്ടായിരുന്നു.

പിണറായിയെ വധിക്കാനാണെത്തിയതെന്ന് നേരത്തേ ലോക്കല്‍ പൊലീസിനു മൊഴിനല്‍കിയ പ്രതി ക്രൈംബ്രാഞ്ചിനോടും ഇക്കാര്യം ആവര്‍ത്തിച്ചു. വളയത്തെ വീട്ടില്‍നിന്ന് ഉള്ള്യേരിയിലെ മകളുടെ വീട്ടിലേക്കുപോയ ഇയാള്‍ മാര്‍ച്ച് ഇരുപതിനാണ് അവിടെനിന്നു മടങ്ങിയത്. അന്നുതന്നെ കൂട്ടുപുഴയിലെത്തിയതായി അന്വേഷകസംഘം അനുമാനിക്കുന്നു. കോളിത്തട്ടിലെ ആദ്യ ദൗത്യം പരാജയപ്പെട്ടശേഷം വീണ്ടും മകളുടെ വീട്ടിലേക്കാണ് പോയത്. മാര്‍ച്ച് 27 മുതലാണ് വടകരയിലെ ലോഡ്ജില്‍ തങ്ങിയതെന്നും ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ചൊവ്വാഴ്ച ക്രൈംബ്രാഞ്ചുദ്യോഗസ്ഥര്‍ പ്രതിയെ പിണറായിയിലെത്തിച്ച് തെളിവെടുത്തു. വൈകിട്ട് നാലോടെയെത്തിയ സംഘം ഒരു മണിക്കൂറോളം അവിടെയുണ്ടായിരുന്നു. പാണ്ട്യാലമുക്കില്‍ ആയുധങ്ങള്‍ ഒളിച്ചുവച്ച പൈപ്പുകൂമ്പാരം, കാപ്പി കുടിച്ച സഹകരണ ഹോട്ടല്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു. ബുധനാഴ്ച വടകര, കോഴിക്കോട് ഭാഗത്തേക്കാണ് കൊണ്ടുപോവുക. അടുത്ത ദിവസം കോളിത്തട്ട്, കൂട്ടുപുഴ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും. ഷാപ്പു തൊഴിലാളി സുരേഷ്കുമാറില്‍നിന്ന് മൊഴിയെടുക്കും. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ബി അശോകന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി വി എന്‍ വിശ്വനാഥന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം പി വിനോദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
(കെ ടി ശശി)

ഗൂഢാലോചന പുറത്തുകൊണ്ടുവരണം: എല്‍ഡിഎഫ്

തിരു: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അപായപ്പെടുത്താന്‍ നടന്ന നീക്കത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും കുറ്റവാളികളെ മുഴുവന്‍ കണ്ടെത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. ഈ നിലയില്‍ സര്‍ക്കാര്‍ നീങ്ങിയിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായിയെ അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റിയോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. പിണറായിയെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണ് തോക്കും വെട്ടുകത്തിയുമായി അക്രമി എത്തിയതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. പിണറായി വീട്ടിലുണ്ടെന്ന് മനസിലാക്കിയാണ് ഇയാള്‍ എത്തിയതും ആയുധങ്ങള്‍ ഒളിച്ചുവച്ചതും. പിണറായിയെ വധിക്കുമെന്നും പുക ഉയര്‍ന്നശേഷമേ അടങ്ങൂ എന്നുമൊക്കെ പരസ്യമായി പ്രഖ്യാപിച്ചവരുണ്ട്. അതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഗൂഢാലോചന നടത്തിയ മുഴുവന്‍പേരെയും ശിക്ഷിക്കണം. ആ നിലയ്ക്ക് അന്വേഷണം വിപുലപ്പെടുത്തണമെന്ന് വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

deshabhimani 100413

No comments:

Post a Comment