Wednesday, April 10, 2013

സൂര്യനെല്ലി: സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍വേണ്ടെന്ന് സര്‍ക്കാര്‍


സൂര്യനെല്ലി പീഡനക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലിന്റെ കേസ് നടത്തിപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ആഭ്യന്തരവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ വ്യക്തമാക്കി. സ്വകാര്യവ്യക്തികളുടേയൊ ഇരകളുടെയൊ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനാകില്ല. പൊതുതാല്‍പ്പര്യവും കേസുകളുടെ പ്രത്യേക സാഹചര്യവും വിലയിരുത്തിയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതുണ്ടോയെന്നു തീരുമാനിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറെ സഹായിക്കാന്‍ സ്വകാര്യ അഭിഭാഷകനെ നിയോഗിക്കാവുന്നതാണ്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി നിയോഗിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നിര്‍ദേശിച്ച അഭിഭാഷകരെ നിയമിക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയെ കേസ് നടത്തിപ്പില്‍നിന്ന് ഒഴിവാക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം അനുവദിക്കാനാകില്ല. വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ അന്തിമവാദം ഡിവിഷന്‍ ബെഞ്ചില്‍ പുരോഗമിക്കുന്നഘട്ടത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി ഇടപെടുന്നത് കേസ് നടപടികള്‍ തടസ്സപ്പെടാന്‍ കാരണമാകും. ക്രിമിനല്‍ കേസുകളുടെ നടത്തപ്പില്‍ പ്രാഗത്ഭ്യമുള്ള പ്രോസിക്യൂട്ടര്‍മാരാണ് കേസ് നടത്തിപ്പില്‍ ഡിജിപിയെ സഹായിക്കുന്നതെന്നും ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി എം സലിം കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ വിചാരണക്കോടതിയിലെ പ്രോസിക്യൂട്ടര്‍മാരായിരുന്ന സുരേഷ്സാബു തോമസ്, സി എസ് അജയന്‍ എന്നിവരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. ഹര്‍ജി ജസ്റ്റിസ് പി ആര്‍ രാമചന്ദ്രന്‍നായര്‍ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

deshabhimani 100413

No comments:

Post a Comment