Monday, April 8, 2013
സമൂഹത്തെ മയക്കിക്കിടത്താന്‍ ബോധപൂര്‍വമായ ശ്രമം: പിണറായി
പിണറായി: പ്രതികരണശേഷിയില്ലാത്ത നിലയില്‍ സമൂഹത്തെ മയക്കിക്കിടത്താനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വെണ്ടുട്ടായി പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ പ്രതികരണശേഷിയുള്ള സമൂഹമായിരുന്നു നമ്മുടേത്. സമൂഹത്തില്‍ വളര്‍ന്നുവരുന്ന മദ്യപാനാസക്തിയും മയക്കുമരുന്നിന്റെ സ്വാധീനവും നമ്മെ എവിടെ ക്കൊണ്ടെത്തിക്കുമെന്ന് എല്ലാവരും ആലോചിക്കണം. സമൂഹം തിരസ്കരിച്ച പല അനാചാരങ്ങളും തിരികെക്കൊണ്ടുവരാനുള്ള ശ്രമം ശക്തമാണ്. മരണവീടുകളിലും കല്യാണച്ചടങ്ങിലും അനാചാരങ്ങള്‍ കൊണ്ടുവരുന്നു. ഇതിന്റെയെല്ലാം ഭാഗമായി ജാതിവികാരം ബോധപൂര്‍വം വളര്‍ത്തുകയാണ്. ജാതിബോധത്തെ നിശിതമായി വിമര്‍ശിച്ച ശ്രീനാരായണഗുരുവിന്റെ ധര്‍മം പരിപാലിക്കാനുള്ള സംഘടനയടക്കം ജാതിയെക്കുറിച്ച് ചിന്തിക്കുകയും പറയുകയും ചെയ്യുന്നു. ഗുരുവിന്റെ അനുയായികളെന്ന് അവകാശപ്പെടുന്ന ചിലര്‍ പറയുന്നതുകേട്ടാല്‍ ആശ്ചര്യപ്പെടും.
തമിഴ്നാട് നാമക്കലില്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ സംഭവം റാഗിങ്ങെന്ന് പറയാവുന്നതിലപ്പുറമുള്ള പൈശാചികതയായിരുന്നു. കാറില്‍ വന്ന ചെറുപ്പക്കാര്‍ തളിപ്പറമ്പ് സ്വദേശിയായ ദീപക്കിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയശേഷം ദേഹത്തുകൂടെ കയറ്റിയതായാണ് പറയുന്നത്. അത് ചെയ്തതും നമ്മുടെ നാട്ടുകാരാണ്. എങ്ങനെ ഇത്തരമൊരു മാനസികാവസ്ഥയില്‍ അവരെത്തി. തെറ്റായ ഒരു കാര്യത്തെയും ചോദ്യംചെയ്യാന്‍ നമ്മള്‍ തയ്യാറാകുന്നില്ല. തെറ്റുകളെയും അനാചാരങ്ങളെയും നിരന്തരം ചോദ്യംചെയ്താണ് നമ്മുടെ നാട് മാറിയതെന്ന് മറക്കരുത്. തെറ്റിനെ ചോദ്യംചെയ്തപ്പോള്‍ എ കെ ജി ഉള്‍പ്പെടെയുള്ളവര്‍ക്ക് തല്ലുകിട്ടിയിട്ടുണ്ട്. തല്ലിയവരെല്ലാം പിന്നീട് മാറിയിട്ടുമുണ്ട്. ജാതിരഹിതവും മതനിരപേക്ഷവുമായ കേരളത്തെ മാറ്റിയെടുക്കുന്നതില്‍ പോയ തലമുറ വലിയ പങ്കാണ് വഹിച്ചത്. അതാണിവിടെ തകര്‍ക്കപ്പെടുന്നത്.
നാടിന്റെ പൊതുസ്വത്തായ വായനശാലകള്‍ക്ക് സമൂഹത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. ഓരോ ഗ്രാമത്തിലെയും കലാശാലകളായിരുന്നു വായനശാലകള്‍. വായനശാലയിലൂടെ അറിവ് സമ്പാദിച്ച സമൂഹമാണ് ഒരുകാലത്ത് തെറ്റുകളെ ചോദ്യംചെയ്തത്. ജാതി ഭിന്നതയെ ആത്മീയാചാര്യന്മാര്‍തന്നെ ചോദ്യംചെയ്തു. കൂട്ടായ്മകള്‍ വളര്‍ത്തിയെടുത്ത് നാടിന്റെ നന്മകള്‍ സംരക്ഷിക്കണമെന്നും പിണറായി പറഞ്ഞു.
deshabhimani 080413
Labels:
രാഷ്ട്രീയം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment