Saturday, April 20, 2013
ടി കെ ദിനം സമുചിതം ആചരിക്കുക: സിപിഐ എം
ഏപ്രില്‍ 21ന് സ: ടി കെ രാമകൃഷ്ണന്റെ ഏഴാം ചരമവാര്‍ഷികദിനം സമുചിതമായി ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഏറെക്കാലം പ്രവര്‍ത്തിച്ച സഖാവ് ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും ടി കെ പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച ടി കെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്. സാംസ്കാരിക മേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം സംഘടിപ്പിച്ചു. എംഎല്‍എ, മന്ത്രി എന്നീ നിലകളിലും ജനകീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ചു.
ഇന്ത്യയിലെ ഭഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന കാര്‍ഷികമേഖലയെ നവഉദാര സാമ്പത്തികനയം തകര്‍ത്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ടി കെ ദിനം ആചരിക്കുന്നത്. വളത്തിനും വിത്തിനുമുള്ള സബ്സിഡി നിര്‍ത്തലാക്കുന്നു.രാസവളത്തിന്റെ വിലനിര്‍ണയ അവകാശം കമ്പനികള്‍ക്കുതന്നെ വിട്ടുകൊടുക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയെ തകര്‍ത്തു. കര്‍ഷകരെ മാറ്റിനിര്‍ത്തി കാര്‍ഷികമേഖല കോര്‍പറേറ്റുകളുടെ കൈകളില്‍ എത്തിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നയങ്ങള്‍ അതേപോലെ നടപ്പാക്കാനാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി നിലകൊള്ളുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നു. ജലവിതരണമേഖലയില്‍നിന്ന് വാട്ടര്‍ അതോറിറ്റിയെ മാറ്റി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ചിരിക്കുകയാണ്. വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കാനും അണിയറനീക്കം നടക്കുന്നു.
വെള്ളം, പാല്‍ തുടങ്ങിയവയുടെ വില വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി നിരക്കും യാത്രക്കൂലിയും കുത്തനെ കൂട്ടി. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. പവര്‍കട്ടില്ലാതിരുന്ന കേരളത്തെ ഇരുട്ടിലേക്ക് നീക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത വരള്‍ച്ച പരിഹരിക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കുന്ന ഘട്ടം കൂടിയാണിത്. അഖിലേന്ത്യാതലത്തില്‍ പാര്‍ടി സംഘടിപ്പിച്ച ജാഥയുടെ തുടര്‍ച്ചയായി മെയ് 20 മുതല്‍ 25 വരെ താലൂക്ക് കേന്ദ്രങ്ങളില്‍ പിക്കറ്റിങ് സമരം നടക്കും. ഇരമ്പിമറിയുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സ: ടി കെ രാമകൃഷ്ണന്റെ ഓര്‍മകള്‍ കരുത്ത് പകരും. ഓഫീസുകള്‍ അലങ്കരിച്ചും പതാക ഉയര്‍ത്തിയും ദിനാചരണം വിജയകരമായി സംഘടിപ്പിക്കാന്‍ സെക്രട്ടറിയറ്റ് പാര്‍ടി ഘടകങ്ങളോട് ആഹ്വാനംചെയ്തു.
deshabhimani
Labels:
ഓര്‍മ്മ,
രാഷ്ട്രീയം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment