ഉന്നതതലത്തില്‍ തീരുമാനിച്ച് നിര്‍ദേശിച്ചതനുസരിച്ചാണ് പൊലീസ് വീട്ടിലെത്തുന്നതെന്ന് വ്യക്തമാണ്. മറ്റു സാക്ഷികളുടെ വീടുകളിലും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ബുധനാഴ്ചയായിരുന്നു ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പരിഗണിക്കുന്ന കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ നിധിന്‍ നാരായണന്റെ വിസ്താരം. പ്രോസിക്യൂഷന്റെ കള്ളക്കഥ പൊളിച്ച നിധിന്‍, മജിസ്ട്രേട്ടിനുമുന്നില്‍ വ്യാജമൊഴി നല്‍കാനിടയായത് പൊലീസ് ഭീഷണിയെ തുടര്‍ന്നാണെന്നും ബോധിപ്പിച്ചിരുന്നു. സാക്ഷിക്കൂട്ടിലേക്ക് കയറുന്നതിനു തൊട്ടുമുമ്പും "ഞങ്ങള്‍ പറഞ്ഞുതന്നതുപോലെ കോടതിയില്‍ പറയണം. അല്ലെങ്കില്‍ പ്രശ്നമാകുമെന്ന്" ഒരു പൊലീസുകാരന്‍ ചെവിയില്‍ മന്ത്രിച്ചു. അതു പാലിക്കാതിരുന്നതിന്റെ പ്രതികരണവും ഉടന്‍ വന്നു. "നിനക്കൊരു ബിരിയാണി വച്ചിട്ടുണ്ട്. അത് ഉടന്‍ കിട്ടും" എന്നാണ് കോടതി മുറ്റത്തുവച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എ പി ഷൗക്കത്തലി ഭീഷണിപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാരന്റെ മൊബൈലിലേക്ക് വിളിച്ച് ഫോണ്‍ നിധിന് കൊടുക്കാന്‍ പറഞ്ഞായിരുന്നു ഭീഷണി.
"കേസ് അന്വേഷണത്തില്‍ പൊലീസ് ഭീകരത സൃഷ്ടിച്ചു"
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഭീകരത നിലനിന്നിരുന്നതായി സാക്ഷി. പൊലീസ് മര്‍ദനവും ഒന്നും എഴുതാത്ത കടലാസില്‍ ഒപ്പിടുവിക്കലും അക്കാലത്ത് നടത്തിയതായി പാനൂര്‍ കെ കെ ഹൗസില്‍ കെ കെ സുധീര്‍കുമാര്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ മൊഴി നല്‍കി. കണ്ണമ്പള്ളിയിലെ കുമാരനെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വച്ചു. കുമാരനെ ജാമ്യത്തിലെടുക്കാനാണ് വടകര ഡിവൈഎസ്പി ഓഫീസില്‍ എത്തിയത്. ഒപ്പിടുന്ന സമയത്ത് രേഖയില്‍ ഒന്നുംതന്നെ എഴുതിയിരുന്നില്ല. രേഖയില്‍ എഴുതിയത് കോടതിയില്‍വച്ചാണ് ആദ്യമായി കാണുന്നതെന്നും സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ സുധീര്‍കുമാര്‍ പ്രതിഭാഗം വിസ്താരത്തില്‍ പറഞ്ഞു.
പൊലീസ് അതിക്രമത്തിനെതിരെ മുന്‍ എംഎല്‍എ എം വി ജയരാജന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ടിരുന്നു. മുന്‍മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്ത വടകര ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പൊലീസില്‍ തന്റെ മൊഴിയൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷന് സുധീര്‍കുമാര്‍ മറുപടി നല്‍കി. സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റിക്ക് വാഹനമില്ല. ഏരിയാ കമ്മിറ്റിയുടെ ബൊലേറോ ജീപ്പ് വടകര ഡിവൈഎസ്പി ഓഫീസില്‍ ഹാജരാക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു എന്ന് പൊലീസിനോട് പറഞ്ഞിട്ടില്ല. ഇപ്രകാരം പൊലീസ് രേഖപ്പെടുത്തിയത് തെറ്റാണ്. പ്രതികള്‍ക്ക് ഒളിവില്‍പോകാന്‍ ഈ വാഹനം ഉപയോഗിച്ചത് അറിയാമെന്ന ആരോപണവും തെറ്റാണെന്നും സുധീര്‍കുമാര്‍ പറഞ്ഞു.
സാക്ഷിയുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ സ്പെഷ്യല്‍ അഡീഷണല്‍ പ്രോസിക്യൂട്ടര്‍ ചോദിക്കുന്നത് കോടതി വിലക്കി. പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് പാലയാട് രജീഷ് നിവാസില്‍ പി രജീഷും മൊഴി നല്‍കി. കെഎല്‍ 58 ജി 7181 ഇന്നോവ കാര്‍ പൊലീസ് നിര്‍ദേശപ്രകാരം ഹാജരാക്കിയിട്ടില്ല. കേസിലെ പ്രതികളായ എം സി അനൂപിനും ടി കെ രജീഷിനും രക്ഷപ്പെടുന്നതിന് ഇന്നോവ കാര്‍ ഉപയോഗിച്ചുവെന്ന് പൊലീസിനോട് പറഞ്ഞിട്ടില്ല. ഈ പ്രതികളെ അറിയില്ലെന്നും രജീഷ് പറഞ്ഞു. രജീഷിനെ 261-ാം സാക്ഷിയായി എഴുതിക്കാണുന്നുണ്ടെന്ന് കോടതി പ്രോസിക്യൂഷന്റെ ശ്രദ്ധയില്‍പെടുത്തി. ഒരേ കാര്യമാണ് രണ്ടിലും എഴുതിയിരുന്നത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വക്കറ്റുമാരായ എം അശോകന്‍, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ വിശ്വന്‍ എന്നിവര്‍ സാക്ഷികളെ വിസ്തരിച്ചു.
2 സാക്ഷികള്‍ കൂടി പ്രോസിക്യൂഷനെതിര്
കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയ സാക്ഷികള്‍ 43 ആയി. പാനൂര്‍ കെ കെ ഹൗസില്‍ കെ കെ സുധീര്‍കുമാര്‍, പാലയാട് രജീഷ് നിവാസില്‍ പി രജീഷ് എന്നിവര്‍ വെള്ളിയാഴ്ച പൊലീസ് കള്ളക്കഥക്കെതിരെ മൊഴി നല്‍കി. 80 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ ഇതുവരെ വിസ്തരിച്ചത്. കുറുശേരി പരിമടം കയനാടത്ത് ഹൗസില്‍ കെ സുബീഷ്, വിഷ്ണുമംഗലം ചാമപറമ്പത്ത് വീട്ടില്‍ മനീഷ്, കുന്നുമ്മക്കര പുതിയോട്ട്മീത്തല്‍ വീട്ടില്‍ പി എം പ്രമോദ് എന്നീ സാക്ഷികള്‍ വെള്ളിയാഴ്ച പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 154, 156, 157 സാക്ഷികളായ വിനോദന്‍, സുനില്‍കുമാര്‍, കെ പി മനൂപ് എന്നിവരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ല. 151-ാം സാക്ഷി കെ കെ പ്രദീപന്‍ അസുഖംമൂലം ഹാജരായില്ല. ഇതിനിടെ ആയുര്‍വേദ ചികിത്സക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ആറാം പ്രതി അണ്ണന്‍ സിജിത്ത്, 13-ാംപ്രതി പി കെ കുഞ്ഞനന്തന്‍ എന്നിവര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ 24ന് വിധി പറയും.
deshabhimani 200413
No comments:
Post a Comment