Monday, April 8, 2013

അട്ടപ്പാടിയുടെ "സമഗ്രവികസനം" സ്വകാര്യ ഏജന്‍സികള്‍ കൈയടക്കുന്നു


അഗളി: ആദിവാസി മേഖലയായ അട്ടപ്പാടിയുടെ "സമഗ്രവികസനം" സര്‍ക്കാരേതരസംഘടനകളും(എന്‍ജിഒ) സ്വകാര്യ ഏജന്‍സികളും കൈയടക്കുന്നു. പിന്നോക്ക പ്രദേശമെന്ന നിലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കോടിക്കണക്കിന് രൂപയാണ് കൈമറിയുന്നത്. ആദിവാസി- കാര്‍ഷികമേഖലകളില്‍ അഞ്ച് സ്വകാര്യസംഘടനകള്‍ വികസനം നടപ്പാക്കുന്നതിന് രംഗത്തെത്തി. പലപേരുകളില്‍ കോടികളുടെ പദ്ധതികളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. മതസംഘടനകള്‍ മുതല്‍ സര്‍ക്കാരേതര ഏജന്‍സികള്‍ വരെ ഇതിലുണ്ട്. ആദിവാസിമേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ പൂര്‍ണമായും അവഗണിച്ചാണ് സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്നത്. സംരക്ഷിത വനമേഖലയില്‍ താമസിക്കുന്ന കുറുമ്പ ആദിവാസി മേഖലപോലും വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരുസംഘടന. പുറമേ നിന്നുള്ള ഇടപെടല്‍ ഇവിടെ അനുവദനീയമല്ലെന്നിരിക്കെയാണ് വനംവകുപ്പിനെയും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിനെയും ഒഴിവാക്കി സ്വകാര്യസംഘടനയുടെ പദ്ധതിക്ക് അനുമതി നല്‍കിയത്. വന്‍അഴിമതിയാണ് ലക്ഷ്യമിടുന്നതെന്ന് പകല്‍പോലെ വ്യക്തം.

 വികസനപദ്ധതികള്‍ തയ്യാറാക്കുന്നതിന് ഒരു നോഡല്‍ ഓഫീസറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഹാഡ്സ് ആസ്ഥാനത്ത് മൂന്ന് മാസത്തിലധികമായി അദ്ദേഹം ചുമതലയേറ്റിട്ട്. എന്നാല്‍ നിര്‍ദേശമൊന്നും സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ല. സര്‍വകക്ഷിയോഗം വിളിച്ച് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പദ്ധതി സമര്‍പ്പിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകമാത്രമാണ് ഓഫീസര്‍ ചെയ്തത്. ഇതിനോട് ആരും കാര്യമായി പ്രതികരിച്ചില്ല. നോഡല്‍ ഓഫീസറെ നോക്കുകുത്തിയാക്കിയാണ് ഇപ്പോള്‍ സ്വകാര്യ ഏജന്‍സികള്‍ പിന്നാമ്പുറത്തൂടെ പദ്ധതികള്‍ കയ്യടക്കുന്നത്. കര്‍ഷികമേഖലയുടെ കാര്യവും വ്യത്യസ്തമല്ല. അട്ടപ്പാടിയില്‍ വ്യാപകമായി രൂപീകരിച്ച യൂണിറ്റുകള്‍ വഴി പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരു സംഘടന. തദ്ദേശസ്ഥാപനങ്ങള്‍ക്കോ കൃഷിഭവനുകള്‍ക്കോ സംഘടനകള്‍ക്ക് മേല്‍ നിയന്ത്രണമില്ല. പണം എങ്ങനെ ചെലവഴിച്ചുവെന്ന് ബോധിപ്പിക്കാനുള്ള ബാധ്യതയുമില്ല.

പഞ്ചായത്തീരാജ് സംവിധാനം പോലും അട്ടിമറിച്ച് പ്രദേശത്തിന്റെ വികസനം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ആദിവാസി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. അഹാഡ്സ് മുമ്പ് രൂപീകരിച്ച ഊരുവികസനസമിതി ഗുണഭോക്തൃ സംഘങ്ങള്‍ അട്ടപ്പാടിയില്‍ നിലനില്‍ക്കുന്നുണ്ട്. ആദിവാസിമേഖലയില്‍ പ്രവര്‍ത്തനം നടത്തുന്നതിന് പരിശീലനം ലഭിച്ച ഈ സമിതികളെയും അടുപ്പിക്കുന്നില്ല. കൃഷിഭവനുകളുടെ കീഴില്‍ കാര്‍ഷികസമിതികളും ഐടിഡിപിക്ക് കീഴില്‍ അവരുടേതായ നിര്‍വഹണ സംവിധാനങ്ങളുമുണ്ട്. ഇവയെയും അകറ്റി നിര്‍ത്തിയിരിക്കുകയാണ്. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളുടെ രൂപീകരണം ഒരു സ്വകാര്യ സംഘടന ഏറ്റെടുത്തുകഴിഞ്ഞു. അഹാഡ്സിനെ ഏല്‍പ്പിക്കാന്‍ ജില്ലാ ഭരണസംവിധാനം തിരുമാനിച്ച പദ്ധതിയാണ് ഉന്നതല ഇടപെടലിലൂടെ കൈയടക്കിയത്. ഭരണത്തിലെ ഉന്നതര്‍ ഇടപെട്ടാണ് സര്‍ക്കാര്‍ ഏജന്‍സിയെ ഒഴിവാക്കിയത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ടിയിലെ ചില ഉന്നതര്‍ അട്ടപ്പാടിമേഖലയില്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ച് വികസനത്തിനായി മുറവിളി കൂട്ടുന്നതിന് പിന്നിലുള്ള കാരണം മറ്റൊന്നല്ല.

ചിറ്റൂരില്‍ ഭൂഗര്‍ഭജലചൂഷണം അതിരൂക്ഷം

പാലക്കാട്: ചിറ്റൂരില്‍ ഭഭൂഗര്‍ഭഭജലചൂഷണം അതിരൂക്ഷം. ആയിരക്കണക്കിന് തദ്ദേശീയര്‍ കുടിവെള്ളത്തിന് വലയുമ്പോള്‍ വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ ലക്ഷക്കണക്കിനു ലിറ്റര്‍ഭജലമാണ് ഊറ്റുന്നത്. രണ്ട് മദ്യനിര്‍മാണക്കമ്പനികളാണ്ചിറ്റൂരിലള്ളത്. ജലസംഭരണികളുടെ സമീപമാണ് ഇവ രണ്ടും പ്രവര്‍ത്തിക്കുന്നത്. ഒന്ന് മീങ്കര ഡാമിന് സമീപവും മറ്റൊന്ന് മൂലത്തറ ഡാമിന് സമീപവും മീനാക്ഷീപുരം മൂലത്തറ ഡാമിന് സമീപമുള്ളസ്ഥാപനം പ്രതിദിനം ഏഴുലക്ഷം ലിറ്റര്‍ ഭജലം ഉപയോഗിക്കുന്നതായാണ് വ്യവസായ വകുപ്പിന്റെ കണക്ക്. മീങ്കര ഡാമിന് സമീപമുള്ള സ്ഥാപനം പ്രതിമാസം മൂന്നുലക്ഷം കെയ്സ് മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ജലമാണ് ചോര്‍ത്തുന്നത്. കൊഴിഞ്ഞാമ്പാറ കേന്ദ്രീകരിച്ച് മൂന്ന് സ്വകാര്യ പാല്‍ പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നു. ഒരു പാല്‍ പ്ലാന്റിന്റെ ദൈനംദിന ജല ഉപഭോഗം ഏകദേശം മൂന്നു ലക്ഷം ലിറ്ററാണ്. ഈ പ്ലാന്റുകളുടെ ഉടമകളും തമിഴ്നാട്ടില്‍നിന്നുള്ളവരാണ്.

മഴനിഴല്‍പ്രദേശമായ ചിറ്റൂര്‍ താലൂക്കിലെ മുതലമടയിലേക്ക് കോഴിക്കോടുള്ള ഒരു ഡിസ്റ്റിലറി മാറ്റിസ്ഥാപിക്കാന്‍ ഒരു വര്‍ഷം മുമ്പ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മലിനീകരണ പ്രശ്നത്തെത്തുടര്‍ന്ന് കോഴിക്കോട്ട് അടപ്പിച്ച യൂണിറ്റ് മുതലമടയില്‍ സ്ഥാപിക്കാനായിരുന്നു നീക്കം. മീങ്കരപുഴയുടെ ഓരത്ത് തുടങ്ങാനുദ്ദേശിച്ചിരുന്ന മദ്യനിര്‍മാണക്കമ്പനിയുടെ ശേഷി ഒന്നരലക്ഷം കെയ്സ് എന്നാണ് കണക്കാക്കിയിരുന്നത്. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാതെ പോയത്. ജില്ലയിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ തമിഴ്നാട് ലോബിയുമായുള്ള ബന്ധമാണ് ജലചൂഷണ കമ്പനികള്‍ ഒന്നിന് പിന്നാലെ ഒന്നായി താലൂക്കിലെത്തുന്നതെന്ന് ആരോപണമുണ്ട്. എംഎല്‍എയുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസില്‍ത്തന്നെ ഭിന്നിപ്പുണ്ടെങ്കിലും സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ മിണ്ടാതിരിക്കുകയാണ്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം തരില്ലെന്ന് തമിഴ്നാട് നിലപാട് സ്വീകരിച്ചപ്പോള്‍ അതിനെ പിന്തുണക്കുന്ന നിലപാടായിരുന്നു ഈ എംഎല്‍എ സ്വീകരിച്ചത്.

deshabhimani 080413

No comments:

Post a Comment