Thursday, April 11, 2013

ബംഗാളിലെ പേക്കൂത്ത്


പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം തുടരുകയാണ്. സിപിഐ എം നേതാക്കളും ഓഫീസുകളും പാര്‍ടി പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെടുന്നു. ബംഗാള്‍ ധനമന്ത്രി അമിത് മിത്ര ഡല്‍ഹിയില്‍ കൈയേറ്റം ചെയ്യപ്പെട്ടു എന്നാരോപിച്ചാണ് അനിയന്ത്രിതമായ അതിക്രമങ്ങള്‍ അരങ്ങേറുന്നത്. എസ്എഫ്ഐ നേതാവ് സുദീപ്ത ഗുപ്തയുടെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുകയും സംഭവത്തെ നിസ്സാരമെന്ന് അധിക്ഷേപിക്കുകയും ചെയ്ത മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ഡല്‍ഹിയില്‍ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു എന്നത് യാഥാര്‍ഥ്യമാണ്.

പദ്ധതിവിഹിതം നിശ്ചയിക്കാനുള്ള ചര്‍ച്ചയ്ക്ക് ആസൂത്രണ കമീഷന്‍ ആസ്ഥാനമായ യോജന ഭവനില്‍ എത്തിയപ്പോഴായിരുന്നു മമത ബാനര്‍ജിക്കും സംസ്ഥാനമന്ത്രിമാര്‍ക്കുമെതിരെ പ്രതിഷേധം ഉയര്‍ന്നത്. പദ്ധതിവിഹിതം നിശ്ചയിക്കാനുള്ള ചര്‍ച്ചയ്ക്കാണ് മമത ഡല്‍ഹിയിലെത്തിയത്. സുദീപ്തയുടെ കൊലയാളികള്‍ക്കെതിരെ ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിക്കെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രവേശനകവാടത്തില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരെ തള്ളിമാറ്റി അവര്‍ക്കിടയിലൂടെ നടന്നുപോയി പ്രകോപനം സൃഷ്ടിച്ച മമതയ്ക്കുനേരെ ഒരു കൈയേറ്റവുമുണ്ടായില്ല. കാറില്‍ പോകാമായിരുന്നിട്ടും നടന്നുതന്നെ പോകണമെന്ന് മമത വാശിപിടിക്കുകയായിരുന്നു. അതിനുപിന്നാലെ എത്തിയ ധനമന്ത്രി അമിത് മിത്രയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞുവച്ചെങ്കിലും ആക്രമണം നടത്തിയതായി ടെലിവിഷന്‍ ദൃശ്യങ്ങളിലൊന്നും കാണാനില്ല. മന്ത്രി ചിരിയോടെ പ്രതിഷേധക്കാരെ ഒഴിവാക്കി നടന്നു കയറിയതാണ് കാണാനാകുന്നത്. എന്നാല്‍, എസ്എഫ്ഐക്കാര്‍ തന്റെ കുര്‍ത്ത കീറിയതായി പിന്നീട് ധനമന്ത്രി ആരോപിച്ചു. അതാണ്, പശ്ചിമ ബംഗാളില്‍ വ്യാപകമായ ആക്രമണത്തിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍ നേതൃത്വം കാരണമാക്കിയത്. ഇത്തരം നാടകങ്ങളിലൂടെയാണ് മമതാ ബാനര്‍ജി എന്ന നേതാവ് വളര്‍ന്നത്. സിപിഐ എമ്മിനെതിരാണ് എന്നതുകൊണ്ട് അവര്‍ക്ക് മാധ്യമങ്ങളിലൂടെ വലിയ പ്രചാരവും ലഭിക്കുന്നു.

ഒരു വിദ്യാര്‍ഥിയെ ക്രൂരമായി കൊലപ്പെടുത്തിയ പൊലീസിലെ നരാധമന്മാരെ രക്ഷപ്പെടുത്തുന്നുതിലുള്ള പ്രതിഷേധമാണ് ഡല്‍ഹിയിലുണ്ടായത് എന്നതുപോലും മറന്ന്, തൃണമൂല്‍ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ദൗര്‍ഭാഗ്യകരമായ ശ്രമങ്ങളാണ് ബൂര്‍ഷ്വാ മാധ്യമങ്ങളില്‍നിന്നുണ്ടാകുന്നത്. ഡല്‍ഹി സംഭവത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ തള്ളിപ്പറഞ്ഞിട്ടുണ്ട്. ധനമന്ത്രി ഉള്‍പ്പെട്ട സംഭവം എങ്ങനെയുണ്ടായെന്ന് പരിശോധിക്കുമെന്നും പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രശ്നം വഷളാക്കി കൂടുതല്‍ ആക്രമണങ്ങള്‍ക്ക് അണികളെ ഇളക്കിവിടാനുള്ള പ്രകോപനമാണ് മമത വീണ്ടുംവീണ്ടും സൃഷ്ടിക്കുന്നത്. ബംഗാളിലെ മാത്രമല്ല, കേരളത്തിലെയും ത്രിപുരയിലെയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെയും ഇടതുപക്ഷ ശക്തികള്‍ നിരന്തരമായ ആക്രമണത്തിനാണ് ഇരയാകുന്നത്. ബംഗാളില്‍ ഭരണമാറ്റത്തിനുശേഷം ഇടതുപക്ഷ ശക്തികള്‍ക്കെതിരെ കടുത്ത രീതിയിലുള്ള ശാരീരികാക്രമണമാണ് അഴിച്ചുവിട്ടത്. ത്രിപുരയിലും അത്തരം ഭരണമാറ്റത്തിന് തീവ്രമായി ശ്രമിച്ചെങ്കിലും പ്രാവര്‍ത്തികമായില്ല.

രാജ്യത്താകമാനം ഇടതുപക്ഷത്തിനെതിരെ പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഈ ബഹുമുഖ ആക്രമണ പരമ്പര കൂടുതല്‍ വിപുലമാക്കുന്നു എന്നാണ് തൃണമൂലിന്റെ അഴിഞ്ഞാട്ടം നല്‍കുന്ന സൂചന. താന്‍ മുഖ്യമന്ത്രിയാണെന്നതുപോലും മറന്ന്, പോരുകോഴിയെപ്പോലെ ആക്രമണോത്സുകയായി ചാടുന്ന മമതാ ബാനര്‍ജി ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാവുന്ന മാതൃകയല്ല. തന്റെ മന്ത്രി ആക്രമിക്കപ്പെട്ടുവെന്നാക്രോശിച്ച് അവര്‍ തന്നെയാണ് അണികളെ ഇളക്കിവിടുന്നത്. ജനങ്ങള്‍ക്കുനേരെ, പ്രതിപക്ഷത്തിനുനേരെ, സാംസ്കാരിക സ്ഥാപനങ്ങള്‍ക്കുനേരെ, വിദ്യാര്‍ഥികള്‍ക്കുനേരെ- മമതാ സംഘത്തിന്റെ കടന്നാക്രമണം തിരിയാത്ത മേഖലകളില്ല. അധികാരത്തിന്റെ ആയുധങ്ങളുപയോഗിച്ചും അണികളുടെ കായികശക്തിയുപയോഗിച്ചും രാഷ്ട്രീയ എതിരാളികളെ തകര്‍ത്തുകളയാമെന്ന ചിന്തയാണ് അപക്വമതിയായ ആ മുഖ്യമന്ത്രിയെ നയിക്കുന്നത്. അപരനെ നോവിച്ചാനന്ദിക്കുന്ന മനോരോഗം പിടിപെട്ടവര്‍ക്കിരിക്കാനുള്ളതല്ല മുഖ്യമന്ത്രിക്കസേര. സുദീപ്തയുടെ ജീവന് വിലകല്‍പ്പിക്കാത്ത മമതയ്ക്കെതിരെ പ്രതിഷേധമുയര്‍ന്നെങ്കില്‍ അതിനു കാരണക്കാരി അവര്‍തന്നെയാണെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ടാകണം.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഖേദമറിയിക്കേണ്ടത് മമതാ ബാനര്‍ജിയെയല്ല, സുദീപ്തയുടെ കുടുംബത്തെയും തൃണമൂല്‍ പേക്കൂത്തിനുമുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ബംഗാളിലെ ജനങ്ങളെയുമാണ്. ബംഗാളില്‍ തൃണമൂല്‍ നേതൃത്വം നല്‍കുന്നതുപോലുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ധീരോദാത്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവന്നാലേ, ജനാധിപത്യത്തിന് അതിന്റെ ഏറ്റവും താഴത്തെ പടിയിലെങ്കിലും ചവിട്ടി നില്‍ക്കാനാകൂ. അതു തിരിച്ചറിഞ്ഞ്, ബംഗാളിലെ ഭീകരവാഴ്ചയ്ക്കും നരമേധങ്ങള്‍ക്കുമെതിരായ ജനമുന്നേറ്റം രാജ്യത്താകെ ഉയരേണ്ടതുണ്ട്. സുദീപ്ത കൊല്ലപ്പെട്ട കേസ് ജുഡീഷ്യല്‍ അന്വേഷണത്തിന് വിടണം. ബംഗാളില്‍ സമാധാനം പുലരാനും ആക്രമണത്തിനിരയായവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും തയ്യാറാകണം. ഭയപ്പാടോടെയുള്ള ഖേദപ്രകടനത്തിനുപകരം അത്തരം ഇടപെടലായിരുന്നു പ്രധാനമന്ത്രിയില്‍നിന്നുണ്ടാകേണ്ടത്.

deshabhimani editorial 110413

No comments:

Post a Comment