Monday, April 8, 2013

പിണറായിയെ അപായപ്പെടുത്താന്‍ ശ്രമം: പ്രതി വന്നത് ബൈക്കിലെന്ന് ദൃക്സാക്ഷി മൊഴി


സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനടുത്തേക്ക് തോക്കും കത്തിയുമായി വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ എത്തിയത് ബൈക്കിനുപിന്നില്‍ ഇരുന്നായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴി. ഒരു ചെറുപ്പക്കാരനാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു. പിണറായി വിജയന്റെ വീടിനുസമീപത്തുനിന്ന് കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടേകാലിനാണ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ തോക്കും വെട്ടുകത്തിയുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് വൈകിട്ട് അഞ്ചരയോടെ പന്തക്കപ്പാറക്കു സമീപത്തെ തോട്ടുമ്മലില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ബസ് ഡ്രൈവറോട് മമ്പറത്തേക്കുള്ള എളുപ്പവഴി അന്വേഷിക്കുന്നത് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുയായിരുന്ന പെയിന്റിങ് തൊഴിലാളി മേപ്പാടന്‍ പവിത്രന്‍ കണ്ടിരുന്നു. മാധ്യമങ്ങളില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ചിത്രം കണ്ടതോടെയാണ് ബൈക്കില്‍ പിന്നിലിരുന്നയാളാണെന്ന് പവിത്രന്‍ തിരിച്ചറിയുന്നത്. ഇക്കാര്യം പവിത്രന്‍ ശനിയാഴ്ച തലശേരി സിഐ വിശ്വംഭരന്‍ നായരോട് പറഞ്ഞു. മേപ്പാടന്‍ പവിത്രന്‍ പറഞ്ഞ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിനാല്‍ കുടുതല്‍ അന്വേഷിക്കേണ്ടത് അവരാണെന്നും സിഐ പറഞ്ഞു.

അതിനിടെ, അന്വേഷണം തിങ്കളാഴ്ച ഏറ്റെടുക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്പി ബി അശോക് അറിയിച്ചു. എസ്പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി വി എന്‍ വിശ്വനാഥനും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം പി വിനോദുമടങ്ങിയ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. അഡീഷണല്‍ ഡിജിപി വിന്‍സന്‍ എം പോളും അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. പിണറായി വിജയനെ ആക്രമിക്കാനാണ് തോക്കുമായി എത്തിയതെന്ന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ മൊഴി നല്‍കിയിരുന്നു. വളയത്തെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വെടിമരുന്നും എയര്‍ഗണ്ണില്‍ ഉപയോഗിക്കാവുന്ന തിരകളും ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമയുടെയും ആര്‍എംപി നേതാക്കളുടെയും പ്രസ്താവനകളും പ്രസംഗങ്ങളുമടങ്ങുന്ന പത്രറിപ്പോര്‍ട്ടുകളും നോട്ടീസുകളും പൊലീസ് കണ്ടെടുത്തു. പിണറായിയെ ലക്ഷ്യമിട്ട് രണ്ടാഴ്ചമുമ്പ് കൂട്ടുപുഴയടക്കമുള്ള സ്ഥലങ്ങളിലും കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ എത്തിയതായും തെളിഞ്ഞിട്ടുണ്ട്.

deshabhimani 080413

No comments:

Post a Comment