ജോലിസാധ്യത വര്‍ധിപ്പിക്കുംവിധം സെക്കന്‍ഡറി തലത്തിനു മുകളിലുള്ള വിദ്യാഭ്യാസം ഇന്ത്യയിലെ 46 ശതമാനം യുവജനങ്ങള്‍ക്കും കിട്ടിയില്ലെന്ന് യുഎന്‍ സര്‍വേ. നിലവാരമുള്ളതും വിഗദ്ധ തൊഴിലിന് അനുയോജ്യവുമായ വിദ്യാഭ്യാസം നല്‍കാന്‍ കഴിയാത്തതാണ് കാരണം. ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയില്‍ കടുത്ത അസമത്വം നിലനില്‍ക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ ഏഷ്യ പസഫിക് സാമൂഹ്യ സാമ്പത്തിക കമീഷന്റെ (എസ്കാപ്) 2013ലെ സര്‍വേയില്‍ പറയുന്നു. വടക്കന്‍ ഏഷ്യയെയും വടക്കുകിഴക്കന്‍ ഏഷ്യയെയും അപേക്ഷിച്ച് വിദ്യാഭ്യാസ നിലവാരത്തില്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ ഏറെ പിന്നിലാണ്. വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ നിലവാരം പരിശോധിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തം.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനാകാത്തത് ആശങ്കയുളവാക്കുന്നു. 53 ശതമാനം തൊഴില്‍ദാതാക്കള്‍ക്കും അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താനാകുന്നില്ലെന്ന് 2012ല്‍ അന്തര്‍ദേശീയ കണ്‍സല്‍ട്ടന്‍സി കമ്പനിയായ മക്കന്‍സി നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍വകലാശാലാ തലത്തില്‍ അടക്കമുള്ള വിദ്യാര്‍ഥികളാണ് ലഭ്യമായ ജോലികള്‍ക്ക് ആവശ്യമായ നിലവാരം പുലര്‍ത്താത്തത്. ഇന്ത്യയിലെ ഉന്നതനിലവാരത്തിലുള്ള മാനേജ്മെന്റ് സ്കൂളുകളും എന്‍ജിനിയറിങ് കോളേജുകളും അന്തര്‍ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാധാരണക്കാരായ കുട്ടികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തവയാണ്. വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത സാമ്പത്തിക അസമത്വത്തിന്റെ സൂചനയാണ് ഇത്. സാര്‍വത്രികമായ പ്രാഥമിക വിദ്യാഭ്യാസം ഇനിയും ഉറപ്പുവരുത്താന്‍ കഴിയാത്ത രാജ്യമാണ് ഇന്ത്യ. ചൈന, തുര്‍ക്കി, ഫിജി തുടങ്ങിയ രാജ്യങ്ങള്‍ ഈ ലക്ഷ്യം ഇതിനകം മറികടന്നു. ജിഡിപിയുടെ ഒരു ശതമാനത്തിനു മുകളില്‍ മുതല്‍മുടക്കാന്‍ തയ്യാറായാല്‍ മാത്രമേ 2020നകം പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ കഴിയൂ. സാര്‍വത്രികമായ സെക്കന്‍ഡറി വിദ്യാഭ്യാസവും വെല്ലുവിളിയാണ്.
deshabhimani 200413
No comments:
Post a Comment