Monday, April 8, 2013
കുട്ടികളില്‍ രക്താതിസമ്മര്‍ദം കൂടുന്നു
കേരളത്തിലെ കുട്ടികളില്‍ രക്താതിസമ്മര്‍ദം കൂടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പഠനഭാരവും വ്യായാമക്കുറവും ഉപ്പ് അധികമുള്ള ഭക്ഷണവും കുട്ടികളില്‍ രക്താതിസമ്മര്‍ദം കൂടാന്‍ കാരണമാകുന്നുണ്ട്. പെണ്‍കുട്ടികളില്‍ 90 ശതമാനവും ആണ്‍കുട്ടികളില്‍ 80 ശതമാനവും തുടര്‍ച്ചയായി അഞ്ചു മിനിറ്റ്വ്യായാമംചെയ്യാന്‍ കഴിയാത്തവരാണ്. ഇതില്‍ പകുതിയിലധികവും രക്താതിസമ്മര്‍ദം ഉള്ളവരുമാണെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഭാരവാഹിയും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ ഹൃദ്രോഗവിദഗ്ധനുമായ ഡോ. എസ് ശിവശങ്കരന്‍ പറഞ്ഞു.
കേരളീയര്‍ ശരീരത്തിന് ആവശ്യമുള്ളതിന്റെ ആറുമുതല്‍ ഏഴിരട്ടിവരെ ഉപ്പ് അധികമായി ഉപയോഗിക്കുന്നു. മുതിര്‍ന്ന ഒരാള്‍ പരമാവധി അഞ്ചുഗ്രാം ഉപ്പു മാത്രമേ ഒരു ദിവസം ഉപയോഗിക്കാവൂ. എന്നാല്‍ കേരളത്തില്‍ മുതിര്‍ന്ന ഒരാള്‍ ദിവസവും 25 മുതല്‍ 35 ഗ്രാം വരെ ഉപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 30.5 ശതമാനംപേരിലും ഉപ്പിന്റെ അമിതോപയോഗംമൂലം രക്താതിസമ്മര്‍ദം ഉണ്ടാവുകയും ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം, ആമാശയക്യാന്‍സര്‍, ആസ്ത്മ എന്നിവയുണ്ടാകുയും ചെയ്യുന്നു. 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 35 മുതല്‍ 40 ശതമാനംവരെയുള്ളവര്‍ക്ക് രക്താതിസമ്മര്‍ദമുണ്ട്. സംസ്കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍, നൂഡില്‍സ്, ഉപ്പിലിട്ടത്, അച്ചാര്‍, പപ്പടം, ഉപ്പിന്റെ അംഗം കൂടിയ വറുത്ത ഭക്ഷണം, സംസ്കരിച്ച ഇറച്ചി, അമോണിയം കലര്‍ത്തിയ മത്സ്യം എന്നിവയുടെ ഉപയോഗത്തിലൂടയാണ് ഉപ്പ് അമിതമായി ശരീരത്തിലെത്തുന്നത്. ഇത്തരം ഭക്ഷണപദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇതാണ് രക്താതിസമ്മര്‍ദം പിടിപെടുന്നവരുടെ എണ്ണം കൂടാന്‍ കാരണം. ഉപ്പിന്റെയും ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളുടെയും ഉപയോഗം കുറയ്ക്കുക, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മുളപ്പിച്ച ധാന്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ദിവസവും വ്യായാമംചെയ്യുക എന്നിവയിലൂടെ രക്താതിസമ്മര്‍ദം തടയാന്‍ കഴിയും.
deshabhimani 080413
Labels:
ആരോഗ്യരംഗം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment