Saturday, April 20, 2013

ടി കെയുടെ ആര്‍ജവം മാതൃക: പിണറായി

ടി കെ രാമകൃഷ്ണന്‍ പുരസ്കാരം പിണറായി ഏറ്റുവാങ്ങി

കൊച്ചി: പ്രഥമ ടി കെ രാമകൃഷ്ണന്‍ സ്മൃതി പുരസ്കാരം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഏറ്റുവാങ്ങി. മുന്‍മന്ത്രിയും സിപിഐ എമ്മിന്റെ സമുന്നത നേതാവുമായിരുന്ന ടി കെ രാമകൃഷ്ണന്റെ സ്മരണാര്‍ഥം ടികെ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം പ്രശസ്ത സാഹിത്യകാരന്‍ പ്രെഫ. എം കെ സാനു പിണറായിക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്ത ചിത്രകാരന്‍ സി എന്‍ കരുണാകരന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് വീക്ഷണത്തിനെതിരായ കടന്നാക്രമണങ്ങളെ ധീരതയോടെ പ്രതിരോധിക്കുന്ന അചഞ്ചല പ്രതീകമെന്ന നിലയിലാണ് പിണറായിയെ ഈ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന എം കെ സാനു പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദന്‍,സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ബി , ഡോ. സി കെ രാമചന്ദ്രന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി, പി രാജീവ് എംപി എന്നിവരും ആശംസകള്‍ നേര്‍ന്നു. ടി കെ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി സി എന്‍ മോഹനന്‍ സ്വാഗതവും കെ എന്‍ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. അനാരോഗ്യം മൂലം ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചടങ്ങിനെത്തിയില്ല. എസ് രമേശന്‍ പ്രശസ്തിപത്രം വായിച്ചു. കെ ചന്ദ്രന്‍പിള്ള, സരോജിനി ബാലാനന്ദന്‍, സി പി സുധാകരപ്രസാദ്, ടി കെയുടെ മക്കള്‍, കുടുംബാംഗങ്ങള്‍, വിവിധ കലാകാരന്മാര്‍, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടി കെയുടെ ആര്‍ജവം മാതൃക: പിണറായി

കൊച്ചി: ടി കെ രാമകൃഷ്ണന്‍ ജീവിതത്തിലുടനീളം പ്രകടിപ്പിച്ച കമ്യൂണിസ്റ്റ് ആര്‍ജവം പുതിയ തലമുറയും പഴയ തലമുറയും മാതൃകയാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അനാരോഗ്യംമൂലം കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവായശേഷം പാര്‍ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഒരു വാക്കുപോലും അദ്ദേഹത്തില്‍നിന്ന് ഉണ്ടായില്ല. ആ ലക്ഷ്യത്തോടെ ടി കെയെ സന്ദര്‍ശിക്കാന്‍പോലും മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. ടി കെ കള്‍ച്ചറല്‍ സെന്ററിന്റെ പ്രഥമ ടി കെ സ്മൃതി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ടി നേതൃത്വത്തില്‍നിന്ന് ഒഴിവാകുന്നവര്‍ക്ക് നല്ല മാധ്യമ ലാളന ലഭിക്കുന്നു. എന്തെങ്കിലും പറഞ്ഞുകിട്ടുമെന്ന പ്രതീക്ഷയില്‍ മാധ്യമങ്ങള്‍ കഴുകന്മാരെപ്പോലെ ഇവരെ വട്ടമിടുന്നു. അത്തരക്കാര്‍ക്കൊന്നും വഴങ്ങുന്ന നേതാവായിരുന്നില്ല ടി കെ. തനിക്കു ലഭിച്ച പുരസ്കാരം, രാഷ്ട്രീയത്തില്‍ വഴികാട്ടിയ ഗുരുസ്ഥാനീയര്‍ക്കും ഒപ്പം നടക്കുമ്പോള്‍ വീണുപോയ രക്തസാക്ഷികള്‍ക്കും മൃതപ്രായരായി ജീവിക്കുന്ന പോരാളികള്‍ക്കും സമര്‍പ്പിക്കുന്നതായി പിണറായി പറഞ്ഞു. പൊതുലക്ഷ്യത്തിനുവേണ്ടി ചിലതൊക്കെ ചെയ്യാന്‍ അവസരം ഉണ്ടാക്കിത്തന്ന കൂട്ടായ്മയ്ക്കും പ്രസ്ഥാനത്തിനുമുള്ള അംഗീകാരമായാണ് ടി കെ പുരസ്കാരലബ്ധിയെ കാണുന്നത്. വ്യക്തിപരമായ കഴിവും മികവുമല്ല അതിനു കാരണമായത്. വലിയൊരു കൂട്ടായ്മയാണ് തന്നെയും തന്റെ വ്യക്തിത്വത്തെയും രൂപപ്പെടുത്തിയത്. അല്ലായിരുന്നെങ്കില്‍ ഒന്നുമാകുമായിരുന്നില്ല. വ്യക്തിപരമായ സ്വീകാര്യതയും അംഗീകാരവും വര്‍ധിപ്പിക്കാനുള്ള മാര്‍ഗമായി പൊതുപ്രവര്‍ത്തനത്തെ കാണുന്നില്ല. അതുകൊണ്ടുതന്നെ ആ പേരില്‍ പുരസ്കാരം വാങ്ങുന്നതിനോട് വലിയ മമതയില്ല. ഏതെങ്കിലും വ്യക്തിയല്ല, ടി കെയുടെ പേരില്‍ പുരോഗമനപരമായ ഇടപെടല്‍ നടത്തുന്ന ജനകീയ കൂട്ടായ്മയാണ് പുരസ്കാരം നല്‍കിയത്. ജീവശ്വാസംപോലെ കരുതുന്ന മൂല്യങ്ങളാണ് ആ പ്രസ്ഥാനവും ഉയര്‍ത്തിപ്പിടിക്കുന്നത്. അവയെ ആദരിക്കുന്നതിനാലാണ് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്.

വ്യക്തികളെ കടന്നാക്രമിക്കുന്നവരുടെ ലക്ഷ്യം പാര്‍ടിയാണ്. ടി കെയെപ്പോലുള്ള നേതാക്കളുടെ സ്മരണ അതിനെയെല്ലാം നേരിടാനുള്ള കരുത്തു നല്‍കുന്നു. ടി കെയില്‍നിന്ന് പുതുതലമുറയ്ക്കു പഠിക്കാന്‍ ഏറെയുണ്ട്. ദേശീയ സ്വാതന്ത്ര്യസമരകാലത്തെ പുതിയ കാലവുമായി ഇണക്കിയ കണ്ണികളിലൊന്നായിരുന്നു ടി കെ. അത്തരം കണ്ണികളൊക്കെ അറ്റുപോവുന്ന കാലത്ത് പുതിയ തലമുറയ്ക്ക് പഴയകാലത്തിന്റെ മൂല്യബോധം മനസ്സിലാക്കാന്‍ ഇത്തരം ജീവിതപഠനങ്ങള്‍ കൂടിയേ തീരൂ. ടി കെയുടെ ജീവിതം മുന്‍നിര്‍ത്തിയുള്ള അത്തരമൊരു സമഗ്രപഠനം തയ്യാറാക്കാന്‍ പുരസ്കാരസമിതി മുന്‍കൈ എടുക്കണമെന്നും പിണറായി പറഞ്ഞു.

ടി കെ സ്മൃതി പുരസ്കാര തുക പാലിയേറ്റീവ് കെയറിന്

കൊച്ചി: പ്രഥമ ടി കെ രാമകൃഷ്ണന്‍ സ്മൃതി പുരസ്കാരം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഏറ്റുവാങ്ങി. പുരസ്കാര തുകയായി ലഭിച്ച ഒരുലക്ഷം രൂപ ജില്ലയിലെ ആതുരസേവന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്‍കി. പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ മറുപടിയിലാണ് അവാര്‍ഡ് തുക ജില്ലയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിനു നല്‍കുന്നതായി പിണറായി പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയുടെ ചെക്ക് വേദിയില്‍തന്നെ സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണിക്ക് കൈമാറുകയും ചെയ്തു. മന്ത്രിയും സിപിഐ എമ്മിന്റെ സമുന്നത നേതാവുമായിരുന്ന ടി കെ രാമകൃഷ്ണന്റെ സ്മരണാര്‍ഥം ടി കെ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. എം കെ സാനുവാണ് പിണറായിക്കു പുരസ്കാരം സമ്മാനിച്ചത്. പ്രശസ്ത ചിത്രകാരന്‍ സി എന്‍ കരുണാകരന്‍ രൂപകല്‍പ്പനചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

deshabhimani 210413

No comments:

Post a Comment