സൗദി ദേശസാല്‍ക്കരണംമൂലമുള്ള തൊഴില്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സൗദി ഭരണം മൂന്നുമാസത്തെ സാവകാശം അനുവദിച്ചത് കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ അഹമ്മദിന്റെ ഇടപെടല്‍മൂലമാണെന്ന അവകാശവാദം അപഹാസ്യമാകുന്നു.
നിതാഖത്ത് നിയമം സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച ഘട്ടത്തിലോ മാര്‍ച്ച് 27ന് സമാപിച്ച അന്ത്യശാസന സന്ദര്‍ഭത്തിലോ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെട്ടില്ല. നിതാഖത്ത്മൂലം മലയാളികള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്ന നിലപാടിലായിരുന്നു അഹമ്മദും പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും. കേന്ദ്രമന്ത്രിമാരുടെ സമീപനത്തില്‍ സൗദിയിലെ പ്രവാസി മലയാളി സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു. സൗദി കെഎംസിസി, ഒഐസിസി, ഐഎംസിസി, കേളി, നവോദയ, തനിമ സംഘടനകള്‍ പ്രവാസികളുടെ ആശങ്കകള്‍ പൊതുസമൂഹത്തെ അറിയിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ചു. കേരള പ്രവാസി സംഘം സംസ്ഥാനത്ത് ശക്തമായ പ്രചാരണവും സംഘടിപ്പിച്ചു. സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികളും കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ രംഗത്തു വന്നു. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
ബഹുജനപ്രക്ഷോഭം ശക്തമായപ്പോള്‍ കേന്ദ്രമന്ത്രിമാരുടെ സംഘം സൗദിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നയതന്ത്ര ഇടപെടല്‍ നടത്താന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, യമനും ഈജിപ്തും സമര്‍ഥമായി സൗദി സര്‍ക്കാരുമായി ഇതിനിടെ ചര്‍ച്ച നടത്തി. അവരുടെ പൗരന്മാരെയും സൗദി നിയമം ബാധിച്ചിരുന്നു. സൗദി ചേംബര്‍ ഓഫ് കൊമേഴ്സും പ്രശ്നത്തിലിടപെട്ടു. ഇതേത്തുടര്‍ന്നാണ് മൂന്നുമാസത്തെ സാവകാശം സൗദി സര്‍ക്കാര്‍ അനുവദിച്ചത്. ഒരു നയതന്ത്ര ഇടപെടലിനും മുതിരാതിരുന്ന വിദേശകാര്യ സഹമന്ത്രി ഇപ്പോള്‍ അവകാശവാദമുന്നയിക്കുന്നത് തട്ടിപ്പാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജന. സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 080413
No comments:
Post a Comment