Monday, April 8, 2013

രക്ഷാമാര്‍ച്ചിന് ഉജ്വല തുടക്കം


പുല്‍പ്പള്ളി: ജീവിക്കാനുള്ള വയനാട്ടുകാരുടെ പോരാട്ടത്തിന്റെ കാഹളം മുഴക്കി വയനാട് രക്ഷാമര്‍ച്ചിന് കുടിയേറ്റ മേഖലയില്‍ ഉജ്വല തുടക്കം. ജില്ലയുടെ ജീവത്പ്രശ്നങ്ങളുയര്‍ത്തി സിപിഐഎം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന മാര്‍ച്ച് ആയിരങ്ങളെ സാക്ഷിയാക്കി ഞായറാഴ്ച വൈകിട്ട് പുല്‍പ്പള്ളിയില്‍ ആരംഭിച്ചു. ഇനി അഞ്ചുദിവസം മാര്‍ച്ച് ജില്ലയിലുടനീളം സഞ്ചരിക്കും. പാര്‍ടി ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍ നയിക്കുന്ന രക്ഷാമാര്‍ച്ച് ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ക്വലാബ് വിളികളുടെ ഇടിമുഴക്കത്തില്‍ എം വി ഗോവിന്ദന്‍ ശശീന്ദ്രന് പതാക കൈമാറി.

നഗരത്തെ ചുവപ്പിണിയിച്ച പ്രകടനത്തോടെയായിരുന്നു ജില്ലയുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന മാര്‍ച്ചിന്റെ തുടക്കം. വരണ്ടുണങ്ങിയ പാടങ്ങളും പറമ്പുംകണ്ട് നിസംഗനായി മടങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള കര്‍ഷകജനതയുടെ പ്രതിഷേധം ഉദ്ഘാടനത്തില്‍ അലയടിച്ചു. പ്രതീക്ഷയോടെ കാത്തിരുന്ന മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമായതിന്റെ രോഷം പ്രകടനത്തിലും ആളിക്കത്തി. സ്ത്രികളും കുട്ടികളും ആദിവാസികളും ഉള്‍പ്പെടെയുള്ളവര്‍ ചെങ്കൊടികളുമേന്തി മാര്‍ച്ചിനെത്തി. കര്‍ഷകരും തൊഴിലാളികളും ഒരേമനസോടെ അഭിവാദ്യമര്‍പ്പിച്ചു. മാര്‍ച്ചിന് ജില്ല നല്‍കാന്‍പോകുന്ന സ്വീകരണത്തിന്റെ അടയാളമായിരുന്നു പുല്‍പ്പള്ളിയിലെ ഉദ്ഘാടനം.

ദുരിതങ്ങളനുഭവിച്ചുതീര്‍ക്കാന്‍ തങ്ങളെ വിട്ടുകൊടുക്കുന്ന സര്‍ക്കാരിന് താക്കീതായി ഉദ്ഘാടനചടങ്ങ്. വയനാടിനെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിക്കുക, രാത്രിയാത്ര നിരോധനം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുക, വയനാടിനെ കടുവസങ്കേതമായി പ്രഖ്യാപിക്കാനുള്ള അണിയറ നീക്കം തടയുക, പരിസ്ഥിതി സംവേദകമേഖലയില്‍ നിന്നും വയനാടിനെ പൂര്‍ണ്ണമായും ഒഴിവാക്കുക, വനവും പരിസ്ഥിതിയും സംരക്ഷിക്കാനുതുകുന്ന ശാസ്ത്രീയവും പ്രായോഗീകവുമായ നടപടികള്‍ ജനങ്ങളെ സഹകരിപ്പിച്ച് കൈകൊള്ളുക, വയനാട് മെഡിക്കല്‍ കോളേജ് നടപ്പാക്കുക, വന്യമൃഗശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ട്രഞ്ചുകളും കമ്പിവലയും നിര്‍മിക്കുക, നഞ്ചന്‍കോട് -വയനാട് നിലമ്പൂര്‍ റെയില്‍ പാത പ്രാവര്‍ത്തികമാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് വയനാട് രക്ഷാമാര്‍ച്ച്.

സിപിഐ എം ജില്ലാകമ്മിറ്റി അംഗം പി എസ് ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. ജാഥാക്യാപ്റ്റന്‍ സി കെ ശശീന്ദ്രന്‍ വൈസ് ക്യാപ്റ്റന്‍ എ എന്‍ പ്രഭാകരന്‍ മാനേജര്‍ എം വേലായുധന്‍, കെ വി മോഹനന്‍, സി ഭാസ്ക്കരന്‍, പി കൃഷ്ണപ്രസാദ്, സി കെ സഹദേവന്‍, കെ എന്‍ സുബ്രഹമണ്യന്‍ എന്നിവര്‍ സംസാരിച്ചു. ടി ബി സുരേഷ് സ്വാഗതം പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം തെരുവ് നാടകവും നാടന്‍പാട്ട് അവതരണവും ഉണ്ടായിരുന്നു.

പ്രതിഷേധജ്വാലയായി പ്രകടനം

പുല്‍പ്പള്ളി: വയനാട്ടുകാരുടെ ജീവിതസ്വപ്നങ്ങള്‍ കരിച്ചുകളയാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ എം നടത്തുന്ന രക്ഷാമാര്‍ച്ചിന്റെ തുടക്കംകുറിച്ച് പുല്‍പ്പള്ളിയില്‍ ഉജ്വല പ്രകടനം. ചെങ്കൊടികളുമേന്തി ആയിരങ്ങള്‍ അണിനിരന്നപ്പോള്‍ നഗരം വീര്‍പ്പുമുട്ടി. ജീവിതം വഴിമുട്ടിയ ജനതയുടെ ആര്‍ത്തിരമ്പലായി മാര്‍ച്ചിന്റെ തുടക്കം. കര്‍ഷകരും തൊഴിലാളികളും ഒരേമനസോടെ പ്രകടനത്തിനെത്തി. സ്ത്രികളുടെ പങ്കളിത്തം ശ്രദ്ധേയമായി. കുട്ടികളും പ്രകടനത്തിനൊപ്പം ചേര്‍ന്നു. കുടിയേറ്റജനതയുടെ മാറുന്ന മനസിന്റെ പ്രതിഫലനം കൂടിയായി പ്രകടനം. ഞായറാഴ്ച ഉച്ചമുതല്‍ ആളുകള്‍ ടൗണിലെത്തിതുടങ്ങിയിരുന്നു. കാപ്പിസെറ്റ് റോഡിലെ അഴീക്കോടന്‍ മന്ദിരപരിസരത്തുനിന്നും ആരംഭിച്ച പ്രകടനം താഴെഅങ്ങാടി ചുറ്റിയാണ് ടൗണിലെ സമ്മേളന നഗരിയിലെത്തിയത്. കൂത്തുപറമ്പില്‍നിന്നെത്തിയ ബാന്റ് സംഘം പ്രകടനത്തിന് കൊഴുപ്പേകി. പാര്‍ടി ജില്ലാ നേതാക്കള്‍ മുന്‍നിരയില്‍ അണിനിരന്നു. ജില്ല വരള്‍ച്ചയില്‍ വെന്തുരുകുമ്പോഴും മൗനം പാലിക്കുന്ന സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കുമെതിരെ മുദ്രാവാക്യം മുഴക്കി അയ്യായിരത്തോളംപേര്‍ പ്രകടനത്തില്‍ പങ്കാളികളായി.

വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: എം വി ഗോവിന്ദന്‍

പുല്‍പ്പള്ളി: സമ്പൂര്‍ണ്ണ വരള്‍ച്ച നേരിടുന്ന വയനാടിന് പ്രത്യേക സാമ്പത്തീക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ടി ജില്ലാ കമ്മിറ്റിയുടെ വയനാട് രക്ഷാമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥ വ്യതിയാനം ശാസ്ത്രീയമായി പഠിച്ച് പരിഹാരം കാണണം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനംകൊണ്ട് ജില്ലയ്ക്ക് ഗുണമുണ്ടായില്ല. സന്ദര്‍ശനം പ്രഹസനമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിന്റെ കാര്യത്തില്‍ പ്രത്യേകം താല്‍പ്പര്യമെടുക്കണം. ദേശീയപാതയില്‍ രാത്രിയാത്ര നിരോധിച്ചിട്ട് വര്‍ഷങ്ങളായിട്ടും നിരോധനം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണ്. മാവഗാഡ്ഗില്‍കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കരുത്. വയനാട്ടില്‍ ഭൂവിസ്തൃതിയുടെ 37ശതമാനം വനമാണ്. പാരിസ്ഥിതിക സംവേദക മേഖലയുള്‍പ്പെടെയുള്ള പ്രഖ്യാപനത്തിന് തയ്യാറെടുക്കുന്ന സര്‍ക്കാര്‍ വയനാട്ടിലെ വനവിസ്തൃതി കണക്കിലെടുക്കണം. വയനാട് രക്ഷാമാര്‍ച്ച് ഒരുപ്രത്യേക വിഭാഗത്തിന് വേണ്ടിമാത്രമല്ല . വയനാട്ടിലെ മുഴുവനാളുകള്‍ക്കും വേണ്ടിയാണ്. രാക്ഷ്ട്രീയത്തിനതീതമായ പിന്തുണ മാര്‍ച്ചിന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 080413

No comments:

Post a Comment