Monday, April 8, 2013

ചെന്നിത്തല പങ്കെടുത്ത യോഗത്തില്‍ ചേരിതിരിഞ്ഞ് കൈയാങ്കളി


കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പങ്കെടുത്ത ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗത്തില്‍ ചേരിതിരിഞ്ഞ് കൈയാങ്കളി. എ വിഭാഗത്തിനുള്ളിലെ കെ പി വിശ്വനാഥന്‍ ഗ്രൂപ്പുകാരാണ് സംഘര്‍ഷം സൃഷ്ടിച്ചത്. ഞായറാഴ്ച തൃശൂര്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ഒ അബ്ദുള്‍റഹ്മാന്‍കുട്ടി പ്രസംഗിക്കുമ്പോള്‍ കെ പി വിശ്വനാഥന്റെ അനുകൂലികള്‍ മുദ്രാവാക്യം വിളിച്ച് അധ്യക്ഷവേദിയിലേക്ക് ഇരച്ചുകയറി. വേദിയിലുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി ജോസഫ് ടാജറ്റിനെ യോഗത്തില്‍നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. നേതാക്കളും ടാജറ്റ് അനുകൂലികളും പ്രതിരോധിക്കാനെത്തിയതോടെ ഉന്തും തള്ളുമായി. വേദിയിലുണ്ടായിരുന്ന മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, എം എം ഹസന്‍, പി സി ചാക്കോ എംപി അടക്കമുള്ളവര്‍ ഇടപെട്ടാണ് അടിപിടി ഒതുക്കിയത്. പിന്നീട് കൂടുതല്‍ പ്രവര്‍ത്തകരെത്തി ബഹളക്കാരെ ബലമായി പുറത്താക്കി.

രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ മുന്നോടിയായാണ് കണ്‍വന്‍ഷന്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന കെ പി വിശ്വനാഥനെ തോല്‍പ്പിക്കാന്‍ ജോസഫ് ടാജറ്റും അനുകൂലികളും പരസ്യമായി രംഗത്തുണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിനുശേഷം വിശ്വനാഥന്‍ കെപിസിസി പ്രസിഡന്റിനു പരാതിയും നല്‍കി. തെരഞ്ഞെടുപ്പു പരാജയങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ വക്കം കമ്മിറ്റി ടാജറ്റിനെതിരെ നടപടിക്ക് ശുപാര്‍ശയും ചെയ്തിരുന്നു. ഇത്തരത്തിലൊരാളെ വേദിയില്‍ ഇരുത്തരുതെന്നായിരുന്നു വിശ്വനാഥന്‍ പക്ഷത്തിന്റെ ആവശ്യം. എന്നാല്‍, യോഗം സംഘര്‍ഷമാക്കിയതിന് കെ പി വിശ്വനാഥനാണ് ഉത്തരവാദിയെന്ന് ടാജറ്റ് ആരോപിച്ചു. എന്നാല്‍, തനിക്കതില്‍ പങ്കില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത കെ പി വിശ്വനാഥന്‍ പ്രതികരിച്ചു. പാര്‍ടിക്കുള്ളിലെ എതിരഭിപ്രായങ്ങള്‍ പൊതുവേദിയിലല്ല പ്രകടിപ്പിക്കേണ്ടതെന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. പാര്‍ടിയിലെ അപസ്വരങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചതായി കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ പറഞ്ഞു. യോഗം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല സംഘര്‍ഷത്തെക്കുറിച്ച് പരമാര്‍ശിച്ചില്ല.

deshabhimani 080413

No comments:

Post a Comment