Saturday, April 13, 2013

പിണറായി വധോദ്യമം: ഗൂഢാലോചന പുറത്തുകൊണ്ടുവരണം- സിപിഐ എം


സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അപകടപ്പെടുത്താന്‍ നടന്ന സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സിപിഐ എം നേതാക്കള്‍ ജില്ലാ സമാധാനകമ്മറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു.

സമുന്നതനായ ഒരു രാഷ്ട്രീയനേതാവിനുനേരെ നടന്ന വധശ്രമം ചെറുതായി കാണാനാവില്ല. പൊലീസ് ഗൗരവത്തോടെ ഇതന്വേഷിക്കണം. സിപിഐ എം നേതാക്കള്‍ക്കും പാര്‍ടിക്കുമെതിരായ അക്രമങ്ങളില്‍ പൊലീസ് നിസ്സംഗത പുലര്‍ത്തുന്നത് ശരിയല്ല. ഏച്ചൂര്‍, പൊന്ന്യം, പാപ്പിനിശേരി എന്നിവിടങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ്സുകാര്‍ സംഘടിതമായി അക്രമം നടത്തി. പാപ്പിനിശേരിയിലെ പ്രേമനെ വീട്ടില്‍കയറിയാണ് ആക്രമിച്ചത്. പലയിടങ്ങളിലും പാര്‍ടി ഓഫീസ് തകര്‍ത്തു. രാഷ്ട്രീയ എതിരാളികളുടെ ഒപ്പം ചേര്‍ന്ന് സിപിഐ എമ്മിനെതിരെ പ്രവര്‍ത്തിക്കാന്‍ പൊലീസും ശ്രമിച്ചത് ലജ്ജാകരമാണ്. സിഐടിയു ദേശീയസമ്മേളന പ്രചാരണോപാധികള്‍ പൊലീസ് എടുത്തുകൊണ്ടുപോയത് ഇതിനുദാഹരണമാണ്. ഗതാഗതതടസ്സമില്ലാതെ സ്ഥാപിച്ചതാണിവ. തോട്ടട ഹാന്‍ഡ്ലൂം ടെക്നോളജി വിദ്യാര്‍ഥികളെ കെ സുധാകരന്‍ എംപിയുടെ മരുമകന്റെ നേതൃത്വത്തില്‍ ആക്രമിച്ചത് ഗൗരവത്തോടെ കാണണം. ഈ സംഭവം അറിയില്ലെന്ന് ജില്ലാ പൊലീസ് മേധാവിയും ഡിവൈഎസ്പിയും പറഞ്ഞത് ജില്ലയിലെ പൊലീസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

പൊലീസിന്റെ നീതിരഹിത പെരുമാറ്റത്തെക്കുറിച്ചാണ് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ എം സൂപ്പി വിശദീകരിച്ചത്. ചൊക്ലി, മയ്യില്‍, കൊളവല്ലൂര്‍ സ്റ്റേഷനുകളില്‍ ലീഗുകാര്‍ക്ക് നീതി ലഭിക്കുന്നില്ല. ദേശീയനേതാക്കളെ വരവേല്‍ക്കാന്‍ സ്ഥാപിച്ച അലങ്കാരങ്ങള്‍ പൊലീസ് കടത്തിയതായും ആരോപിച്ചു. പിണറായിയെ ആക്രമിക്കാനെത്തിയ ആളെ പിടികൂടിയിട്ടുണ്ടെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. സേലം നാമക്കല്ലില്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി റാഗിങ്ങിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ മരിച്ച സംഭവത്തില്‍ കേസ് ദുര്‍ബലമാവാതിരിക്കാന്‍ തമിഴ്നാട് പോലീസിന് ഡി ഒ ലെറ്റര്‍ അയക്കുമെന്നും എസ് പി പറഞ്ഞു. വിഷുവിനോടനുബന്ധിച്ചും ഫെസ്റ്റ് നടക്കുന്ന സ്ഥലങ്ങളിലും ബീച്ചുകളിലും നിരീക്ഷണമുണ്ടാകും. പടക്കം, മദ്യം തുടങ്ങിയവയുടെ നിയമവിരുദ്ധ നീക്കങ്ങള്‍ നിരീക്ഷിക്കാനും കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കി. യോഗത്തില്‍ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ജയരാജന്‍, കെ പി സഹദേവന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശന്‍, കെ കെ നാരായണന്‍ എംഎല്‍എ, എഡിഎം സുരേഷ് ജോസഫ്, രാഷ്ട്രീയ പാര്‍ടി നേതാക്കളായ സി പി മുരളി, വി പി വമ്പന്‍, കെ രഞ്ജിത്ത്, ഹമീദ് ഇരിണാവ് ഇല്ലിക്കല്‍ അഗസ്തി തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani 130413

No comments:

Post a Comment