Wednesday, April 10, 2013
പീഡനം: കേന്ദ്രസര്‍വകലാശാല രജിസ്ട്രാര്‍ കുറ്റക്കാരന്‍
കാസര്‍കോട്: വനിതാ ജീവനക്കാരികളെ പീഡിപ്പിച്ച പരാതിയില്‍ കേന്ദ്രസര്‍വകലാശാല രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ് കുറ്റക്കാരനാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വൈസ്ചാന്‍സലര്‍ ജാന്‍സിജെയിംസ് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാരികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാല കംപ്ലയിന്റ് കമ്മിറ്റി അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജനുവരി നാലിനും മാര്‍ച്ച് 12 നുമാണ് പരാതി കിട്ടിയത്. രജിസ്ട്രാറുടെ പിഎയായി പ്രവര്‍ത്തിച്ചിരുന്ന യുവതിയാണ് ആദ്യം പരാതി നല്‍കിയത്. പരാതി കിട്ടിയ ഉടനെ വിസി ഇവരെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പരാതിപരിഹാര കമ്മിറ്റി പ്രവര്‍ത്തനം ഇല്ലാതിരുന്ന സര്‍വകലാശാലയില്‍ പെട്ടെന്ന്തന്നെ സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് ഡീന്‍ ജേക്കബ് ചാക്കോ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ച് പരാതി കൈമാറുകയായിരുന്നു. സ്കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഡീന്‍ അബ്ദുള്‍ കരീം, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എസ് ആശ, ശാലിനി മൂലച്ചാലില്‍, സ്വപ്ന എസ് നായര്‍, സ്റ്റാഫ് പ്രതിനിധി കെ വിബ്ജിയോര്‍, സാമൂഹ്യ പ്രവര്‍ത്തക കെ ചലന എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരാതി അന്വേഷിച്ചത്. ആദ്യ പരാതിയില്‍ അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് രണ്ടാമത്തെ പരാതി കിട്ടിയത്. കത്തുകള്‍ ടൈപ്പ് ചെയ്യുന്നതിന് രജിസ്ട്രാര്‍ ക്യാബിനുള്ളിലേക്ക് വിളിച്ചിരുന്ന യുവതിയാണ് രണ്ടാമത്തെ പരാതിക്കാരി. മോശമായ രീതിയില്‍ ജീവനക്കാരികളോട് പെരുമാറുന്നുവെന്നായിരുന്നു പരാതി.
പരാതിക്കാരെയും രജിസ്ട്രാറെയും മറ്റ് ജീവനക്കാരുടെയും മൊഴികളെടുത്ത് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നും മേലുദ്യോഗസ്ഥനില്‍നിന്നുണ്ടാവേണ്ട പെരുമാറ്റമല്ല രജിസ്ട്രാര്‍ അബ്ദുള്‍ റഷീദില്‍നിന്നും ഉണ്ടായതെന്നും കണ്ടെത്തി. അസമയത്തുള്ള ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ഉള്‍പ്പടെ കമീഷന്‍ തെളിവായി ശേഖരിച്ചിട്ടുണ്ട്. എല്ലാവരുടെയും മൊഴിയും കമ്മിറ്റിയുടെ നിഗമനവും അടങ്ങുന്ന റിപ്പോര്‍ട്ടാണ് വിസിക്ക് നല്‍കിയത്. രജിസ്ട്രാറെ നിയമിക്കുന്നത് രാഷ്ട്രപതിയായതിനാല്‍ വിസിക്ക് നടപടി എടുക്കാന്‍ അധികാരമില്ലാത്തതിനാലാണ് റിപ്പോര്‍ട്ട് പ്രസിഡന്റിന് സമര്‍പ്പിക്കുന്നതിനായി ഐഎച്ച്ആര്‍ഡിക്ക് നല്‍കിയത്.
ഇനി മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് നടപടി എടുക്കുക. റിപ്പോര്‍ട്ട് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി ശുപാര്‍ശ പ്രസിഡന്റിന് നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. രാഷ്ട്രീയ താല്‍പര്യത്തോടെയാണ് രജിസ്ട്രാറെ നിയമിച്ചതെന്നതിനാല്‍ റിപ്പോര്‍ട്ട് പൂഴ്ത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. മാനവവിഭവ ശേഷി മന്ത്രാലയത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നേതാവിന്റെ താല്‍പര്യപ്രകാരമായിരുന്നു രജിസ്ട്രാര്‍ നിയമനം. ആ നേതാവ് ഈ കേസിലും ഇടപെട്ട് രക്ഷപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
(എം ഒ വര്‍ഗീസ്)
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment