Saturday, April 20, 2013
സൂര്യനെല്ലി: നീതിനിഷേധത്തിനെതിരെ മലേഷ്യന്‍ പത്രം
സൂര്യനെല്ലി പെണ്‍കുട്ടി അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനും നീതിനിഷേധത്തിനുമെതിരെ ശക്തമായ പ്രതിഷേധവുമായി മലേഷ്യന്‍ പത്രം. 17 വര്‍ഷം കഴിഞ്ഞിട്ടും പീഡിപ്പിക്കപ്പെടുന്ന ഇരയുടെ ദൈന്യത "ദി ന്യൂ സ്ട്രെയ്റ്റ് ടൈംസ്" വികാരഭരിതമായ ഭാഷയിലാണ് വിവരിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പത്രത്തിന് 167 വര്‍ഷത്തെ ചരിത്രമുണ്ട്. 1996 ജനുവരി 16ന് കെണിയിലകപ്പെട്ടതുമുതല്‍ പെണ്‍കുട്ടി അനുഭവിക്കുന്ന വേദനയുടെ ആഴം വാര്‍ത്ത ഓര്‍മപ്പെടുത്തുന്നു. 16-ാം വയസ്സില്‍ പ്രണയകൗതുകം ചതിയുടെ രൂപത്തിലാണ് അവളെ പിടികൂടിയത്. വീടുവിട്ടിറങ്ങാന്‍ ഉപദേശിച്ച ബസ് കണ്ടക്ടര്‍ രാജുവിന്റെ കറുത്ത മനസ്സ് എല്ലാം തകര്‍ത്തു. 40 പേര്‍ 42 ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഗസ്റ്റ് ഹൗസുകളിലും വീടുകളിലും ഹോട്ടല്‍മുറികളിലുമായി തുടര്‍ച്ചയായി കടിച്ചുകീറപ്പെട്ടെന്ന് വിവരിക്കുന്ന പത്രം കാറുകളിലും ബസുകളിലുമായി രണ്ട് സംസ്ഥാനങ്ങളില്‍ 3200 കിലോമീറ്ററിലധികം ഓടിക്കുകയുണ്ടായെന്നും കണ്ടെത്തി. വിചാരണവേളയില്‍ ഇരയുടെയോ കുടുംബത്തിന്റെയോ വിശദാംശങ്ങള്‍ പുറത്തറിയരുതെന്നാണ് നിയമവും കീഴ്വഴക്കവും. എന്നാല്‍, അച്ഛനൊപ്പം സൂര്യനെല്ലി പെണ്‍കുട്ടിയെ പൊലീസ് വാഹനത്തിലിരുത്തി പലേടത്തും പരസ്യപ്പെടുത്തി. പീഡനവിവരം പുറത്തറിയിക്കാതിരിക്കാനും പൊലീസ് ആദ്യം ശ്രമിക്കുകയുണ്ടായി. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് "ദി ന്യൂ സ്ട്രെയിറ്റ് ടൈംസ്" ലേഖകന്‍ വാര്‍ത്ത തയ്യാറാക്കിയത്.
നീണ്ട തലമുടി വൃത്തിയായി ചീകി ഒതുക്കിവച്ച്, ചെറിയ സ്വര്‍ണ കമ്മലും ധരിച്ച് കൈയില്‍ ഭക്ഷണപാത്രവുമായി ഓഫീസിലേക്ക് പോകുന്ന അവളെ സാധാരണ ഇന്ത്യന്‍ സ്ത്രീ തൊഴിലാളിയോട് താരതമ്യംചെയ്യുകയാണ്. വീട്ടില്‍നിന്ന് ഇറങ്ങുംവരെ മാത്രമേ ഈ ഭാവത്തിന് ആയുസ്സുള്ളൂ. ഗേറ്റ് കടന്ന് പുറത്തിറങ്ങുമ്പോള്‍ ആകെ മാറും. ശരീരം സ്വയം മുറുകിപ്പിടിക്കും. കൈകള്‍ കെട്ടി കണ്ണുകള്‍ കീഴ്പ്പോട്ട് കൂര്‍പ്പിച്ച് നടക്കുന്ന രംഗം പത്രം ഹൃദയഭേദകമായി വിശദീകരിക്കുന്നു. പൊലീസും അഭിഭാഷകനും ബിസിനസുകാരനും ഉന്നത സര്‍ക്കാര്‍ ശ്രേണിയിലിരിക്കുന്നവരുല്ലൊം ഒന്നിച്ചുചേര്‍ന്നതിനാല്‍ നീതിവ്യവസ്ഥയും മെല്ലെപ്പോക്കിലായിരുന്നു. കേസ് കോടതിയിലെത്താനും വൈകി. വിചാരണയുടെ പേരില്‍ പ്രതികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. മറിച്ച് പെണ്‍കുട്ടിയുടെ സ്വഭാവഹത്യയായിരുന്നു നടന്നത്. ഡല്‍ഹിയില്‍ ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയെക്കുറിച്ച് സൂര്യനെല്ലി പെണ്‍കുട്ടി പ്രതികരിച്ചു. ""എനിക്ക് അവളോട് ഒരുതരത്തില്‍ അസൂയയാണ്. ജീവനെടുത്ത് ദൈവം അവളെ അനുഗ്രഹിച്ചു. ഞാന്‍ 17 വര്‍ഷമായി അനുഭവിക്കുന്നതില്‍നിന്ന് മരണം ആ വിദ്യാര്‍ഥിനിയെ രക്ഷിച്ചു.""
deshabhimani 190413
Subscribe to:
Post Comments (Atom)
No comments:
Post a Comment