Thursday, April 11, 2013

മമതയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധമിരമ്പി


എസ്എഫ്ഐ നേതാവ് സുദീപ്ത ഗുപ്തയുടെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിച്ച് സംഭവത്തെ നിസ്സാരമെന്ന് അധിക്ഷേപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധമിരമ്പി. ആസൂത്രണ കമീഷന്‍ ആസ്ഥാനമായ യോജന ഭവനില്‍ എത്തിയ മമത ബാനര്‍ജിക്കും സംസ്ഥാനമന്ത്രിമാര്‍ക്കുമെതിരെ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തില്‍ വിരണ്ട മമത ബാനര്‍ജി ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ അടക്കമുള്ളവര്‍ക്കെതിരെ തട്ടിക്കയറി. സംസ്ഥാനത്തിനുള്ള പദ്ധതിവിഹിതം നിശ്ചയിക്കാനുള്ള ചര്‍ച്ചയ്ക്കാണ് മമത ഡല്‍ഹിയില്‍ എത്തിയത്. മമത യോജന ഭവനിലെത്തുംമുമ്പേ സിപിഐ എം, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രവേശനകവാടത്തില്‍ നിലയുറപ്പിച്ചു. പ്രവര്‍ത്തകരെ തള്ളിമാറ്റാനുള്ള പൊലീസ് ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു. കാറില്‍ എത്തിയ മമത ബാനര്‍ജി പ്രകോപനത്തിനും ലക്ഷ്യമിട്ടു. പ്രതിഷേധക്കാര്‍ക്കിടയിലൂടെ ആസൂത്രണകമീഷന്‍ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെ പൊലീസ് തടഞ്ഞെങ്കിലും വഴങ്ങിയില്ല. പഞ്ചായത്ത് മന്ത്രി സുബ്രത മുഖര്‍ജി, നഗരവികസന മന്ത്രി ഫിര്‍ഹാദ് ഹക്കിം എന്നിവരും ഒപ്പമുണ്ടായിരുന്നു. പിന്നാലെ എത്തിയ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞുവച്ചു.

എസ്എഫ്ഐക്കാര്‍ കുര്‍ത്ത കീറിയതായി പിന്നീട് മിത്ര ആരോപിച്ചു. പൊലീസ് സഹായത്തോടെയാണ് അമിത്മിത്ര കമീഷന്‍ ആസ്ഥാനത്ത് എത്തിയത്. പ്രതിഷേധത്തില്‍ വിരണ്ട മമത ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയക്കുനേരെ തട്ടിക്കയറി. കമീഷന്റെ ക്ഷണപ്രകാരമാണ് എത്തിയതെന്നും സുരക്ഷ ഉറപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ആക്രോശിച്ചു. തനിക്കൊപ്പമുള്ള പത്തുലക്ഷംപേരെ ബംഗാളില്‍നിന്ന് കൊണ്ടുവന്ന് ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ അറിയാമെന്നും അവര്‍ ഭീഷണി മുഴക്കി. പ്രതിഷേധപ്രകടനത്തിന് സിപിഐ എം ഡല്‍ഹി സെക്രട്ടറി പുഷ്പീന്ദര്‍ ഗ്രേവാള്‍, വിജേന്ദര്‍ശര്‍മ, രവീന്ദ്രനാഥ്, എസ്എഫ്ഐ ജനറല്‍ സെക്രട്ടറി റിത്തബ്രത ബാനര്‍ജി എന്നിവര്‍ നേതൃത്വം നല്‍കി.

deshabhimani 110413

No comments:

Post a Comment