Monday, April 8, 2013
കുടിവെള്ള കമ്പനിയുടെ നിയന്ത്രണം സ്വകാര്യ ഓഹരി ഉടമകള്‍ക്ക്
സര്‍ക്കാര്‍ തുടങ്ങുന്ന കുടിവെള്ള കമ്പനിയുടെ നിയന്ത്രണം സര്‍ക്കാരിനും ജലഅതോറിറ്റിക്കുമാണെന്ന വാദം പൊള്ളയാണെന്ന് വ്യക്തമായി. കുടിവെള്ള കമ്പനിയുടെ നിയന്ത്രണം പുര്‍ണമായും സ്വകാര്യ കമ്പനികളുടെ കൈയിലാകുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഡബ്ല്യുആര്‍ഡി 103/2012 നമ്പരിലുള്ള സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് രൂപീകരിക്കുന്ന കേരള ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ കമ്പനിയുടെ പ്രാരംഭ മൂലധനം 10 കോടി രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഇതിന്റെ 26 ശതമാനമാണ് സര്‍ക്കാര്‍ ഓഹരി. അതായത് 2.6 കോടി രൂപ. ജലഅതോറിറ്റിക്ക് 23 ശതമാനം ഓഹരിയാണുള്ളത്. അതായത് 2.3 കോടി രൂപയുടെ പങ്കാളിത്തം. രണ്ടുംകൂടി ചേരുമ്പോള്‍ 49 ശതമാനമാകും. സ്വകാര്യ ഓഹരി ഉടമകള്‍ക്ക് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. കമ്പനി ഡയറക്ടര്‍ ബോര്‍ഡിലെ സര്‍ക്കാര്‍ നിയന്ത്രണത്തിന് ഇതൊന്നും തടസ്സമാകില്ലെന്നാണ് മുഖ്യമന്ത്രിയും ജലവിഭവമന്ത്രിയും അവകാശപ്പെടുന്നത്.
എന്നാല്‍, ഭരണസമിതി രൂപീകരണവുമായി ബന്ധപ്പെട്ട ഉത്തരവിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ വാദത്തെ തള്ളിക്കളയുന്നു. ജലവിഭവമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡില്‍ ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനസെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, ജലഅതോറിറ്റി മനേജിങ് ഡയറക്ടര്‍, സീനിയര്‍ എന്‍ജിനിയര്‍, നിര്‍ദിഷ്ട കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ്, ഓഹരി ഉടമകള്‍ എന്നിങ്ങനെയാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ പങ്കാളിത്തം. സ്വകാര്യ ഓഹരി ഉടമകളുടെ അംഗത്വം ക്ലിപ്തപ്പെടുത്തിയിട്ടില്ല. മൂന്ന് കോടിയില്‍പരം രൂപയുടെ ഓഹരി മൂലധനമുള്ള ആര്‍ക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം ലഭിക്കും. ഭാവിയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ മൂലധനമുള്ള കമ്പനി എന്നതാണ് സര്‍ക്കാരിന്റെ വിവക്ഷ. എങ്കില്‍, മൂന്നു കോടിയില്‍പരം രൂപ ഓഹരി പങ്കാളിത്തമുള്ള എല്ലാവരെയും ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കേണ്ടിവരും.
സാമൂഹിക അടിസ്ഥാനത്തിലുള്ള കുടിവെള്ളസംവിധാനത്തിന്റെ നിര്‍മാണം, വികസനം, പരിപാലനം, പ്രവര്‍ത്തിപ്പിക്കല്‍ തുടങ്ങിയ ചുമതലയെല്ലാം കമ്പനിക്കായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ആദ്യമായി കമ്പനി ലക്ഷ്യമിടുന്നത് തീരദേശമാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. തീരദേശത്തെ കായലുകള്‍ അടക്കമുള്ള കുടിവെള്ള സ്രോതസ്സുകള്‍ കമ്പനി കൈക്കലാക്കും. തുടര്‍ന്ന് പിപിപി മാതൃകയില്‍ ഡിസാലിനേഷന്‍ പ്ലാന്റുകള്‍ തുടങ്ങും. ഈ വെള്ളമായിരിക്കും തീരദേശവാസികള്‍ക്ക് വിലയ്ക്ക് ലഭിക്കുക. ശബരിമല അടക്കമുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലെ ശുദ്ധജല ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ചുമതലയും കമ്പനിക്ക് നല്‍കും. ഇതോടെ ശബരിമലയില്‍ പണം കൊടുക്കാതെ തുള്ളി വെള്ളംപോലും കിട്ടാത്ത സ്ഥിതിയാകും. ജലഅതോറിറ്റിയുടെ ജലം കമ്പനിക്ക് വന്‍തോതില്‍ മറിച്ചു നല്‍കാമെന്നും ഇത്തരവില്‍ പറയുന്നു. ഇതില്‍നിന്ന് ലഭിക്കുന്ന തുക ജല അതോറിറ്റി കമ്പനിയുമായി പങ്ക് വയ്ക്കണം. ഇതിനിടയില്‍ റിലയന്‍സ് അടക്കമുള്ള കമ്പനികളുടെ പ്രതിനിധികള്‍ ജല അതോറിറ്റിയിലും സര്‍ക്കാരിലും ഉന്നതതലത്തില്‍ ബന്ധപ്പെട്ടതായാണ് സൂചന. കേരളത്തിന്റെ ജലവിതരണ മേഖലയാകെ സ്വകാര്യവല്‍ക്കരിക്കുന്നതിന് സഹായകമായ രീതിയിലുള്ള കമ്പനി രൂപീകരണമാണ് ഈ അനൗദ്യോഗിക ചര്‍ച്ചകളുടെ പ്രധാന അജന്‍ഡ.
(ജി രാജേഷ്കുമാര്‍)
deshabhimani 080413
Subscribe to:
Post Comments (Atom)
No comments:
Post a Comment