Thursday, April 11, 2013

പൊലീസ് ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു: സാക്ഷി


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും പ്രോസിക്യൂഷന്‍ സാക്ഷികള്‍. ബുധനാഴ്ച വിസ്തരിച്ച പ്രോസിക്യൂഷന്‍ സാക്ഷികളായ മൂന്നുപേരുംപ്രോസിക്യൂഷനെതിരെ മൊഴി നല്‍കി. ഇതോടെ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയ സാക്ഷികളുടെ എണ്ണം 26 ആയി. ഇതുവരെ 56 സാക്ഷികളെയാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിച്ചത്.

കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രേഖകളില്‍ പൊലീസ് ഒപ്പിടുവിച്ചതെന്ന് 55-ാം സാക്ഷി ചൊക്ലി നീരാഞ്ചനയില്‍ പ്രകാശന്‍ ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ മൊഴി നല്‍കി. പ്രതിഭാഗം ക്രോസ് വിസ്താരത്തിലാണ് മൊഴി. പെയിന്റിങ് തൊഴിലാളിയാണ് പ്രകാശന്‍. പെയിന്റ് വാങ്ങാറുള്ള ചൊക്ലിയിലെ കടയില്‍ വന്നാണ് കടലാസില്‍ പൊലീസ് ഒപ്പിടുവിച്ചത്. ഒപ്പിടാന്‍ പറ്റില്ലെന്നു പറഞ്ഞപ്പോള്‍ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കേസെടുക്കുമെന്ന് പേടിച്ചാണ് രേഖയില്‍ ഒപ്പിട്ടതെന്ന് സാക്ഷി ബോധിപ്പിച്ചു. കേസിലെ പ്രതി അശ്വന്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി സാധനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നത് കണ്ടെന്ന് സ്ഥാപിക്കാനാണ് പ്രകാശനെ സാക്ഷിയാക്കിയത്. അശ്വന്തിന്റെ വീട്ടില്‍വന്ന് സാധനങ്ങള്‍ എടുക്കുന്നതിന് താന്‍ സാക്ഷിയല്ലെന്ന് പ്രോസിക്യൂഷന് മറുപടിയായി പ്രകാശന്‍ പറഞ്ഞു. ഇപ്രകാരം പൊലീസിന് മൊഴി നല്‍കിയിട്ടില്ല. അശ്വന്തിനെ തനിക്കറിയില്ല. അശ്വന്തിനെയുംകൂട്ടി പൊലീസ് വന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നു എന്നും പൊലീസിനോട് പറഞ്ഞിട്ടില്ല. പൊലീസ് ഇതുസംബന്ധിച്ച് മഹസര്‍ തയാറാക്കുന്നതും കണ്ടിട്ടില്ല. പൊലീസ് കണ്ടെടുത്ത തൊണ്ടിമുതലുകളാണ് കോടതിയിലുള്ളത് എന്ന് അറിയില്ലെന്നും പ്രകാശന്‍ വ്യക്തമാക്കി.

കേസിലെ പ്രതി ഷോബിയുടെ വീട്ടില്‍ പൊലീസ് വന്നത് കണ്ടിട്ടില്ലെന്ന് 56-ാംസാക്ഷി പുനത്തില്‍മുക്ക് പാച്ചാലി പറമ്പത്ത് പി മാത്യൂസ് മൊഴി നല്‍കി. ഷോബിയുടെ വീട് തന്റെ വീടിന് ഒന്നര കിലോമീറ്റര്‍ അകലെയാണ്. 2012 ജൂണ്‍ 11ന് കുറ്റ്യാടി സിഐ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അന്ന് അയല്‍വാസിയായ നാവുള്ളോര്‍ മീത്തല്‍ ലീലയുടെ വീട്ടില്‍ നിര്‍ത്തിയിട്ട സുമോ കാര്‍ ജോബി പൊലീസിന് കാണിച്ചുകൊടുത്തു എന്നു പറയുന്നത് ശരിയല്ല. ഇപ്രകാരം പൊലീസില്‍ മൊഴി നല്‍കിയിട്ടില്ലെന്നും മാത്യൂസ് പറഞ്ഞു. വെള്ളക്കടലാസില്‍ ഒപ്പിട്ടുപോകാന്‍ പൊലീസ് നിര്‍ദേശിച്ചതുപ്രകാരമാണ് ഒപ്പിട്ടതെന്നും സാക്ഷി ബോധിപ്പിച്ചു. 20123 ജൂണ്‍ 11ന് മകളുടെ പന്തക്കലുള്ള വീട്ടിനടുത്തുള്ള ഇടവഴിയില്‍ കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് എത്തിച്ച പ്രതിയെ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് 54-ാംസാക്ഷി ചമ്പാട് വിഷ്ണുപ്രഭയില്‍ എം വേലായുധന്‍ നമ്പ്യാര്‍ മൊഴി നല്‍കി. തുടര്‍ന്ന് സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ പി വി ഹരി, കെ എം രാമദാസ്, വിനോദ്കുമാര്‍ ചമ്പളോന്‍ എന്നിവര്‍ ക്രോസ് വിസ്താരം നടത്തി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി ഹാജരായി. കേസ് ഡയറിയിലെ 107 മുതല്‍ 111 വരെ സാക്ഷികളെ വ്യാഴാഴ്ച വിസ്തരിക്കും.

ഹാജരായില്ല; 105-ാം സാക്ഷിക്ക് വാറണ്ട്

കോഴിക്കോട്: വിസ്താരത്തിന് ഹാജരാകാത്ത പ്രോസിക്യൂഷന്‍ സാക്ഷിക്ക് കോടതിയുടെ വാറണ്ട്. ബുധനാഴ്ച ഹാജരാകേണ്ട കേസ് ഡയറിയിലെ 105-ാംസാക്ഷി പുനത്തില്‍മുക്ക് നാവുള്ളോര്‍മീത്തല്‍ എന്‍ എം ലീലയ്ക്കാണ് ജഡ്ജി ആര്‍ നാരായണ പിഷാരടി വാറണ്ടയച്ചത്. സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് വാറണ്ട്. സാക്ഷിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി.

deshabhimani 110413

No comments:

Post a Comment