Friday, June 14, 2013

"ഈ കുട്ടിയും അമ്മയോ"

അഗളി: ഈ കുട്ടിയും അമ്മയോ. നീണ്ടുമെലിഞ്ഞ ഏകദേശം 12വയസ്സ് മാത്രം തോന്നിക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ സിപിഐ എം പിബി അംഗം വൃന്ദകാരാട്ടിനും പി കെ ശ്രീമതിയടക്കമുള്ള മഹിള അസോസിയേഷന്‍ നേതാക്കള്‍ക്കും വിശ്വസിക്കാനായില്ല. നേതാക്കളുടെ ചോദ്യത്തിന് നിര്‍ജീവമായ കണ്ണുകളില്‍ ചിരിവിടര്‍ത്തിയായിരുന്നു പെണ്‍കുട്ടി പ്രതികരിച്ചത്. ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം അഗളി ആശുപത്രിയില്‍ കഴിയുന്ന രണ്ടുവയസുകാരി കാര്‍ത്തികയുടെ അമ്മയാണ് കവിത(19)യെന്ന പെണ്‍കുട്ടി. ആറ്മാസത്തില്‍ കൂടുതല്‍ പ്രായം തോന്നാത്ത കാര്‍ത്തികയെ കാണുമ്പോള്‍ ആരുമൊന്നു നടുങ്ങും. അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവിന്റെ ദയനീയ ചിത്രമാണ് ഈ അമ്മയും കുഞ്ഞും. കവിതയോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് വൃന്ദകാരാട്ടടക്കമുള്ളവര്‍ ശരിക്കും ഞെട്ടിയത്. പട്ടിമാളം ഊരിലെ വിനോദ്കുമാറിന്റെ ഭാര്യയായ കവിതയുടെ രണ്ടാമത്തെ കുഞ്ഞ് മെയ് 13ന് പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഭാരക്കുറവും ഹൃദയസംബന്ധമായ അസുഖവുമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രസവംകഴിഞ്ഞ് വീട്ടിലെത്തിയ കവിതക്കും രോഗാവസ്ഥയിലായ കാര്‍ത്തികക്കും പരിരക്ഷ നല്‍കാന്‍ ഇതുവരെ ആരുംഎത്തിയില്ല. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ഡിഎംഒയായി ചുമതലയെടുത്ത ഡോ. പ്രഭുദാസാണ് ഈ അമ്മയെയും കുഞ്ഞിനെയും അഗളി ന്യൂട്രീഷന്‍ റിഹാബലിറ്റേഷന്‍ സെന്ററില്‍ എത്തിച്ചത്. കവിതയുടെ അമ്മ മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സ്ത്രീയാണ്. ഭര്‍ത്താവ് വിനോദ്കുമാര്‍ കൂലിത്തൊഴിലാളിയും.

ഇതേ അവസ്ഥയില്‍ കാരറ ഊരിലെ വിജയലക്ഷ്മി- മുരുകേശ് ദമ്പതികളുടെ മകള്‍ നിമിഷയും ചികിത്സയിലുണ്ട്.ന്യൂട്രിഷന്‍ റിഹാബലിറ്റേഷന്‍ സെന്റര്‍ അഗളിയില്‍ തുടങ്ങിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. ദയനീയാവസ്ഥ പരിഗണിച്ച് ഒരു സ്വകാര്യവ്യക്തി നല്‍കിയ കട്ടിലും കിടക്കയുമാണിവിടെ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ആശുപത്രിയിലെത്തുന്നവര്‍ക്ക് പോഷകാഹാരവും മരുന്നും നല്‍കുന്നത് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കീശയില്‍നിന്ന് പണമെടുത്താണ്. ഡോക്ടര്‍മാര്‍ക്ക് പരിശോധനക്കായി കമ്പനികള്‍ നല്‍കുന്ന മരുന്നും ഉപയോഗിക്കുന്നു.

അട്ടപ്പാടിയില്‍ അഞ്ച്വയസിന് താഴെയുള്ള 281 കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം ഗുരുതരമായ രോഗാവസ്ഥയിലാണ്. എന്നിട്ടും പ്രഖ്യാപനമല്ലാതെ ക്രിയാത്മക നടപടി സര്‍ക്കാര്‍ ഭാഗത്ത്നിന്നുണ്ടായിട്ടില്ല. ചെമ്മണ്ണൂര്‍, പലകയൂര്‍, ചാളയൂര്‍ എന്നീ ഊരുകളിലാണ് വൃന്ദകാരാട്ടടക്കമുള്ള മഹിള അസോസിയേഷന്‍ നേതാക്കള്‍ സന്ദര്‍ശിച്ചത്. കുഞ്ഞുങ്ങള്‍ മരിച്ച അമ്മമാര്‍, പ്രായമായവര്‍, കൗമാരക്കാര്‍ എന്നിവരുമായൊക്കെ സംസാരിച്ചു. മഹിളാ അസോസിയേഷന്‍ കേന്ദ്ര-സംസ്ഥാനനേതാക്കളായ പി കെ ശ്രീമതി, കെ കെ ശൈലജ, ടി എന്‍ സീമ, സി എസ് സുജാത, അഡ്വ. പി സതീദേവി, ഗിരിജാസുരേന്ദ്രന്‍, സോണി കോമത്ത്, അഡ്വ. തുളസി, പി വിജയലക്ഷ്മി, എന്‍ സുശീല, എന്‍ ഇ ബേബി എന്നിവരും വൃന്ദകാരാട്ടിനൊപ്പം ഉണ്ടായിരുന്നു.മുക്കാലിയില്‍ വച്ച് സിപിഐ എം അട്ടപ്പാടി ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ചന്ദ്രബോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസഹാഖ്, മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മേഴ്സി മാത്യു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, ലിസി വിജയന്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

deshabhimani

No comments:

Post a Comment