Friday, June 14, 2013

ചെമ്പന്മുടി: നാട്ടുകാരെ കബളിപ്പിച്ച് കോണ്‍ഗ്രസ് ഭരണസമിതി

ചെമ്പന്മുടിയിലെ അനധികൃത ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരായ സമരത്തില്‍ ജനങ്ങളെ കബളിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. പരസ്യമായി സമരക്കാരോടൊപ്പം നില്‍ക്കുകയും രഹസ്യമായി പാറമടക്ക് ലൈസന്‍സ് അനുവദിക്കുകയും ചെയ്ത നാറാണംമൂഴി പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് വ്യാഴാഴ്ചയോടെ പുറത്തായത്.

മണിമലേത്ത് പാറയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഇരു വിഭാഗങ്ങളുടെയും വാദങ്ങള്‍ കേള്‍ക്കാന്‍ വ്യാഴാഴ്ച രാവിലെ പത്തിന് കലക്ടറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മണിമലേത്ത് ക്രഷര്‍ ഉടമ ടോമി ഏബ്രഹാം തന്റെ പാറമടക്ക് പഞ്ചായത്ത് നല്‍കിയ ഡി ആന്‍ഡ് ഒ ലൈസന്‍സ് ഹാജരാക്കിയത്. ക്രഷറുകള്‍ക്കെതിരെ സമരം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് മാര്‍ച്ച് 31ന് ഒപ്പം നിന്ന് സമരത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെ ലൈസന്‍സ് നല്‍കിയെന്ന വാര്‍ത്ത സമരക്കാരെ ഞെട്ടിച്ചു. അതേസമയം, ലൈസന്‍സ് നല്‍കിയതിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് സെക്രട്ടറിയുടെ തലയില്‍ കെട്ടിവച്ച് തടി തപ്പാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ചെമ്പന്മുടി മലയിലെ കാവുങ്കല്‍, മണിമലേത്ത് ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരെ നാട്ടുകാര്‍ നടത്തിവരുന്ന ഉപരോധസമരം 83 ദിവസം പിന്നിട്ടു. പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തിയ സമരത്തില്‍ നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസും കോണ്‍ഗ്രസ് നേതാക്കളും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പഞ്ചായത്തിലെ എല്ലാ പാറമടകള്‍ക്കും ലൈസന്‍സ് നല്‍കാന്‍ മാര്‍ച്ച് 19ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ച് മിനിറ്റ്സില്‍ രേഖപ്പെടുത്തി. വിവരം സമരസമിതി അറിയാതിരിക്കാന്‍ വേണ്ട ഒത്താശകള്‍ ഭരണസമിതി കൈക്കൊണ്ടിരുന്നു. ഇതിനിടയില്‍ തിരുവല്ല ആര്‍ഡിഒ ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. ഇതെല്ലാം നടക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാക്കളും സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരത്തെ നയിച്ചു. 31നാണ് മണിമലേത്ത് ക്രഷര്‍ യൂണിറ്റിന് ലൈസന്‍സ് നല്‍കിയത്. കള്ളി വെളിച്ചത്തായതോടെ ഹിയറിങ്ങിനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാഴാഴ്ച കലക്ടറുടെ ചേംബറില്‍ നിന്നും ഇറങ്ങിപ്പോയി. വിവരം അറിഞ്ഞ സമരസമിതിയുടെ നേതൃത്വത്തില്‍ പകല്‍ 12.30 മുതല്‍ വൈകിട്ട് അഞ്ചുവരെ പഞ്ചായത്തോഫീസ് ഉപരോധിച്ചു. നാട്ടുകാരുടെ മുമ്പില്‍ മുഖം രക്ഷിക്കാന്‍ അടിയന്തര പഞ്ചായത്ത് കമ്മിറ്റി കൂടി കുറ്റം സെക്രട്ടറിയുടെ ചുമലില്‍ കെട്ടി വയ്ക്കാനുള്ള തീരുമാനം എടുത്തു പിരിഞ്ഞു.

No comments:

Post a Comment