Wednesday, October 9, 2013

മുഖ്യമന്ത്രി നഗ്‌നന്‍

രാഷ്ട്രീയ ധാര്‍മ്മികത തെല്ലെങ്കിലും അവശേഷിക്കുന്നെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തല്‍സ്ഥാനം ഉടന്‍ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ സന്നദ്ധമാവണം. സോളാര്‍ കേസില്‍ മുഖ്യമന്ത്രി സംസ്ഥാന നിയമസഭയോടും ജനങ്ങളോടും പച്ചക്കള്ളം പറഞ്ഞാണ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചിരുന്നതെന്ന് ഇന്നലെ ഹൈക്കോടതിയില്‍ നടന്ന നാടകീയ വെളിപ്പെടുത്തലുകള്‍ അസന്നിഗ്ധമായി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. രഞ്ജിത് തമ്പാന്‍ മുഖേന പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരം സമര്‍പ്പിച്ച ഹര്‍ജിയുടെ അന്തിമവാദത്തിനിടയിലാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്നും പുറത്ത് ചാടിയത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയെ ക്രിമിനല്‍ കേസില്‍ വിചാരണ ചെയ്തുവെന്നതാണ് അവയില്‍ ഒന്ന്. മുഖ്യമന്ത്രിക്കെതിരെ സോളാര്‍കേസില്‍ പരാതികളൊന്നുമില്ലെന്ന അന്വേഷണ ചുമതല വഹിക്കുന്ന എ ഡി ജി പി ഹേമചന്ദ്രനും എ ജി, കെ പി ദണ്ഡപാണിയും നാളിതുവരെ നടത്തിയിരുന്ന വാദമാണ് എ ജി തന്നെ പൊളിച്ച് അടുക്കിയത്. തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിക്കെതിരെ പരാതി ഉന്നയിച്ചിട്ടില്ലെന്ന് വരുത്തി സോളാര്‍ കേസ് അട്ടിമറിക്കാന്‍ എ ഡി ജി പി ഹേമചന്ദ്രന്‍ നടത്തിയ ശ്രമവും ഇതോടെ ജനങ്ങള്‍ക്ക് മുന്നില്‍ സംശയാതീതമായി തുറന്നു കാട്ടപ്പെട്ടു. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്കിനെപ്പറ്റി താന്‍ കോടതിയില്‍ 164-ാം വകുപ്പനുസരിച്ച് പ്രസ്താവന നടത്തിയിട്ടുണ്ടെന്ന നിലപാടിനെ തകര്‍ക്കാന്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴി നല്‍കിയതായാണ് എ ഡി ജി പി കോടതിയില്‍ പറഞ്ഞത്. അതിനെതിരെ 164 പ്രസ്താവനയില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായി ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തുവെന്നത് ആ നിലപാടുകളെ സാധൂകരിക്കുകയും എ ഡി ജി പിയുടെയും എ ജിയുടെയും വാദമുഖങ്ങളെ തകര്‍ക്കുകയുമാണ്.

തന്റെ ഓഫീസിലെ സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാന്‍ സംവിധാനമില്ലെന്നും മാഞ്ഞുപോയ ദൃശ്യങ്ങള്‍ വീണ്ടെടുക്കുക പ്രയാസമാണെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ആ വാദം തട്ടിപ്പു റാണി സരിതാനായരും ശ്രീധരന്‍ നായരും 2012 ജൂലൈ 9 ന് രാത്രി 8 മണിക്ക് തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നത് നിരാകരിക്കാന്‍ ഉതകുമെന്ന വിശ്വാസത്തിലായിരുന്നു. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ അഡ്വക്കേറ്റ് ജനറല്‍ തന്നെ, 32 തവണ മായ്ച്ചു കളഞ്ഞാലും ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവുമെന്ന് കോടതിയെ ബോധിപ്പിച്ചു. ഈ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നിയമസഭയെയും കേരള ജനതയെയും തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനുമായി ബോധപൂര്‍വം ശ്രമിച്ചതെന്ന് വ്യക്തമാക്കുന്നു. സി സി ടി വിയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്ന നിലപാടാണ് പൊലീസ് അന്വേഷണ ചുമതല വഹിക്കുന്ന എ ഡി ജിപിയും നാളിതുവരെ വാദിച്ചു പോന്നിരുന്നത്. എ ഡി ജി പിയുടെ ഈ നിലപാട് സോളാര്‍ കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ നേതൃത്വം നല്‍കുന്നുവെന്ന ആരോപണത്തിന് കരുത്തു പകരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നേരിട്ട് പങ്കുവഹിച്ച തട്ടിപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ച നിയമവൈദഗ്ധ്യം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

ഹൈക്കോടതിയില്‍ ഇന്നലെയുണ്ടായ നാടകീയ വെളിപ്പെടുത്തലുകളും മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും ബന്ധപ്പെട്ട് അനുദിനം ഉയര്‍ന്നു വരുന്ന വിവാദങ്ങളും കണ്ടില്ലെന്നു നടിച്ച് അധികാരത്തില്‍ എങ്ങനെയും കടിച്ചു തൂങ്ങാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. 'നിയമം നിയമത്തിന്റെ വഴിക്കുപോവും' എന്ന് മുട്ടിന് മുട്ടിന് ആവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടി നിയമസംവിധാനത്തെയും നിയമവാഴ്ചയേയും പരിഹസിക്കുകയല്ലെങ്കില്‍ മറ്റെന്താണ് ചെയ്യുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമാണെന്ന് സംസ്ഥാന പൊലീസ് മേധാവി, ഡി ജി പി  കെ എസ് ബാലസുബ്രഹ്മണ്യന്‍ തന്നെ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കുള്ള കത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. തട്ടിപ്പ് ഇടപാടുകളില്‍ മുഖ്യമന്ത്രിക്ക് നിശ്ചിത കമ്മിഷന്‍ ഉണ്ടെന്ന് വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. തന്റെ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ ഭൂഉടമകളെ മുഖ്യമന്ത്രി അവരുടെ ഭൂമി ഏറ്റെടുക്കുമന്ന് ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നു. ഭരണമുന്നണിയിലെ ഘടക കക്ഷിനേതാക്കളും കോണ്‍ഗ്രസിലെ തന്നെ പല നേതാക്കളും മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത മൂല്യത്തകര്‍ച്ചയുടെയും നാണംകെട്ട അധികാര ദുരയുടെയും മൂര്‍ത്തിമദ്ഭാവമായി ഉമ്മന്‍ചാണ്ടി മാറിയിരിക്കുന്നു. ജനാധിപത്യത്തോടും രാഷ്ട്രീയ ധാര്‍മ്മികതയോടും തരിമ്പെങ്കിലും ബഹുമാനം അവശേഷിച്ചിട്ടുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദം രാജിവച്ച് അന്വേഷണത്തെ നേരിടാന്‍ തയാറാവണം. മുഖ്യമന്ത്രി നഗ്നനെന്നാണ് കോടതിയിലെ വെളിപ്പെടുത്തലുകള്‍ വിളിച്ചു പറയുന്നത്.

janayugom editorial

No comments:

Post a Comment