Wednesday, October 2, 2013

വായു - ജല മലിനീകരണം തടയുക: കാതികുടത്ത് ഇന്ന് അതിജീവനസമരം

ചാലക്കുടി: കാതിക്കുടം നിറ്റ ജലാറ്റിന്‍ കമ്പനിയുടെ വായു-ജല മലിനീകരണം പൂര്‍ണമായി തടയണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജനകീയ സമരസമിതി ബുധനാഴ്ച കമ്പനി പരിസരത്ത് അതിജീവന സമരം നടത്തും. മലിനീകരണം പൂര്‍ണമായി അവസാനിപ്പിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കമ്പനി മലിനീകരണത്തിനെതിരെ ഇടതുസംഘടനകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രതിരോധ സമരം നടത്തിയിരുന്നു. കമ്പനിയിലെ ബയോഗ്യാസ് പൊട്ടിയതിനെത്തുടര്‍ന്നാണ് സമരം ശക്തമായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായമന്ത്രിയായിരുന്ന എളമരം കരീം ജനങ്ങളുടെ പരാതി പരിഹരിക്കാന്‍ 13 ഇന നിര്‍ദേശം നടപ്പാക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ മൂന്ന് നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി. ഈ 16 നിര്‍ദേശങ്ങള്‍ നടപ്പാക്കിയെന്ന് കമ്പനി അവകാശപ്പെടുമ്പോഴും മലിനീകരണത്തിന്റെ ദുരിതം അവസാനിച്ചിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി. ജനങ്ങളുടെ പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫ് പഞ്ചായത്ത് തലത്തില്‍ സമരസമിതിക്ക് രൂപം നല്‍കിയത്. വായു-ജല മലിനീകരണത്തെക്കുറിച്ച് ദേശീയ അടിസ്ഥാനത്തിലുള്ള ഏജന്‍സി അന്വേഷിക്കുക, സര്‍ക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കുക, മലിനജലം പുഴയിലേക്കും പാടശേഖരത്തിലേക്കും ഒഴുക്കുന്നത് നിര്‍ത്തിവയ്ക്കുക, നിലവിലുള്ള മാലിന്യം പൂര്‍ണമായി നീക്കം ചെയ്യുക, പൊലീസ് അതിക്രമത്തില്‍ കേടുവന്ന വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുക, ശുചീകരിച്ച് ഉണക്കിയ എല്ലുകള്‍ മാത്രം കമ്പനിയില്‍ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ എല്‍ഡിഎഫ് ജനകീയ സമരസമിതി മുന്നോട്ടുവച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ടി വി സുരേഷ്, കെ കെ നസീര്‍, സി കെ രാമദാസ്, സി ഡി പോള്‍സണ്‍, കെ ബി സുബ്രന്‍ എന്നിവര്‍ പങ്കെടുത്തു.

നിറ്റ ജലാറ്റിന്‍ കാതികുടത്ത് സംഘര്‍ഷം; 6 പേര്‍ക്ക് പരിക്ക്

ചാലക്കുടി: കാതികുടം നിറ്റ ജലാറ്റിന്റെ പൊട്ടിയ മാലിന്യപ്പൈപ്പ് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇരുവിഭാഗവും ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് ആറുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും മൂന്നുപേരെ ചാലക്കുടിയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പകല്‍ രണ്ടരയോടെയാണ് സംഘര്‍ഷം. ആരുടെയും പരിക്ക് ഗുരുതരമല്ല.

കമ്പനിയിലെ മാലിന്യം ഒഴുക്കുന്ന പൈപ്പ് പൊട്ടിയത് പരിശോധിക്കാന്‍ കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് പ്രശ്നമാരംഭിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. പുറത്ത് ബഹളം ഉയര്‍ന്നപ്പോള്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും സ്ഥലത്തെത്തി. ഇതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടയില്‍ കമ്പനി എന്‍ജിനിയര്‍മാരായ അസിന്‍, ജോര്‍ജ് എന്നിവര്‍ക്കും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരായ സുനില്‍കുമാര്‍, ഷിബു, ജനകീയ സമരസമിതി പ്രവര്‍ത്തകന്‍ കണ്ണന്‍, കമ്പനിയിലെ ജീവനക്കാരനായ, ജബ്ബാര്‍, മനുരാജ് എന്നിവര്‍ക്കും പരിക്കേറ്റു. സംഭവമറിഞ്ഞ് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. എസ്പി അജിതാബീഗം, ഡിവൈഎസ്പി ടി കെ തോമസ്, സിഐ വി ടി ഷാജന്‍, കൊരട്ടി എസ്ഐ വി കെ ദാസന്‍ എന്നിവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും തൊഴിലാളികളും എല്‍ഡിഎഫ് ജനകീയ സമരസമിതി പ്രവര്‍ത്തകരും കമ്പനി പരിസരത്ത് പ്രകടനം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ അന്നമനട, കാടുകുറ്റി പഞ്ചായത്തുകളില്‍ ബുധനാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

deshabhimani

No comments:

Post a Comment