Thursday, October 10, 2013

ആദിവാസികള്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കണം

പാലക്കാട്: സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ആദിവാസികള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ 14þാം സംസ്ഥാന സമ്മേളനം കേരള സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസിമേഖലയില്‍ ആറ് കുടിവെള്ളപദ്ധതികള്‍ വാട്ടര്‍ അതോറിറ്റിയുടെ ചുമതലയില്‍ നടത്തിയിരുന്നു. എന്നാല്‍, ലോക ബാങ്ക് പദ്ധതിയായ ജലനിധിയുടെ കടന്നുവരവോടെ ഈ പദ്ധതികള്‍ ജലനിധിക്കു കൈമാറി. ജലനിധിപദ്ധതികളുടെ നിര്‍മാണ നടത്തിപ്പ് സര്‍ക്കാരിതര ഏജന്‍സിക്കാണ്. പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ ഈ എന്‍ജിഒകള്‍ കുടിവെള്ളപദ്ധതികള്‍ ഗുണഭോക്തൃസമിതികളെ ഏല്‍പ്പിച്ച് രംഗംവിടുന്നതോടെ ആദിവാസികള്‍ക്ക് കുടിവെള്ളം കിട്ടാതെ വരും. പദ്ധതി നടത്തിപ്പിന്റെ ബാധ്യത ആദിവാസികള്‍ അടക്കുന്ന ഗുണഭോക്തൃസമിതികള്‍ക്കായതിനാല്‍ തുടര്‍ന്ന് പോകാന്‍ ആവശ്യമായ വൈദ്യുതിച്ചാര്‍ജ്, അറ്റകുറ്റപ്പണിക്കുള്ള പണം എന്നിവ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയില്ല. അതുമൂലം പദ്ധതികളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും കുടിവെള്ളം കിട്ടാതെ വരുമ്പോള്‍ മാലിന്യം കലര്‍ന്ന കുടിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടുമാകും അട്ടപ്പാടിമേഖലയിലെ ആദിവാസികള്‍.

അട്ടപ്പാടി മേഖലയില്‍ 106 ജല നിധിപദ്ധതികള്‍ നടപ്പാക്കിയതില്‍ 31എണ്ണം മാത്രമേ ഇപ്പോള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുള്ളു. 24 പദ്ധതികളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരുതുള്ളിവെള്ളംപോലും ആദിവാസികള്‍ക്ക് കിട്ടുന്നില്ല. ഈ ഗൗരവമേറിയ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിയുന്നില്ല. അട്ടപ്പാടി മേഖലയില്‍ വര്‍ധിച്ച തോതില്‍ നവജാതശിശുക്കള്‍ മരിക്കുന്നതില്‍ ഒരു കാരണം ശുദ്ധമായ കുടിവെള്ളംകിട്ടാത്തതിനാലാണ്. ഇത് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രശ്നം പരിഹരിക്കേണ്ടത് ഭരണാധികാരികളാണ്. എന്നാല്‍, ഇതിനുപകരം ഭരണാധികാരികള്‍ ആദിവാസികളെ മദ്യപന്മാരായി ചിത്രീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലജനവിഭാഗമായ ആദിവാസികളുടെ ജീവന്‍ നിലനിര്‍ത്താന്‍ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment