Thursday, October 10, 2013

സ്പെഷ്യല്‍ ബ്രാഞ്ച് മിനിസ്റ്റീരിയല്‍ സ്റ്റാഫ് പരീക്ഷാ ഒരുക്കത്തിനിടെ നിയമനം പിഎസ്സിയില്‍നിന്ന് മാറ്റി

പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫ് തസ്തികയില്‍ പരീക്ഷയുടെ ഒരുക്കത്തിനിടെ നിയമനം പിഎസ്സിയില്‍നിന്ന് മാറ്റി സര്‍ക്കാര്‍ ഉത്തരവ്. സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിലെ ഒഴിവുകളിലേക്ക് 26ന് ഒഎംആര്‍ പരീക്ഷ നടക്കാനിരിക്കെയാണ് ഉത്തരവ് എത്തിയത്. രണ്ടു ലക്ഷത്തിലേറെ വരുന്ന അപേക്ഷര്‍ക്കാണ് ഈ തീരുമാനം തിരിച്ചടിയാവുക. നിയമനം പിഎസ്സിക്ക് വിട്ട ഉത്തരവ് സര്‍ക്കാര്‍ റദ്ദുചെയ്തതിനാല്‍ പരീക്ഷയടക്കമുള്ള തുടര്‍നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎസ്സിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

പിഎസ്സി മുഖേന നിയമിക്കപ്പെടുന്നവര്‍ക്ക് സ്പെഷ്യല്‍ബ്രാഞ്ചിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കാനാകില്ലെന്ന വിചിത്രവാദമാണ് സര്‍ക്കാര്‍ കാരണമായി പറയുന്നത്്. സര്‍ക്കാര്‍ ഉത്തരവിലും ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തിലും ഈ വാദം ഉന്നയിക്കുന്നുണ്ട്. പൊലീസ് വകുപ്പിലെ കോണ്‍സ്റ്റബിള്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെയുള്ള മുഴുവന്‍ ജീവനക്കാരെയും പിഎസ്സി/ യുപിഎസ്സി വഴിയാണ് നിയമിക്കുന്നത്. ഈ വസ്തുത മറച്ചുവച്ചാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. ബിരുദം അടിസ്ഥാന യോഗ്യതയായുള്ള പരീക്ഷയ്ക്ക് 2,16,316 പേരാണ് അപേക്ഷിച്ചത്. പരീക്ഷയുടെ എല്ലാ ഒരുക്കവും പിഎസ്സി പൂര്‍ത്തിയാക്കി. എല്ലാ ജില്ലകളിലും പരീക്ഷാസെന്ററുകളും ക്രമീകരിച്ചു.

ഒഴിവ് റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ നിയമന നടപടി നിര്‍ത്തിവയ്ക്കാനാകില്ലെന്നാണ് പിഎസ്സി നിലപാട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്് പൊലീസ് വകുപ്പിലെ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് ഗ്രേഡ് -2, ടൈപ്പിസ്റ്റ്, ഷോര്‍ട്ട് ഹാന്‍ഡ് റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് സ്റ്റെനോഗ്രാഫേഴ്സ് എന്നിവയടക്കമുള്ള മിനിസ്റ്റീരിയല്‍ സ്റ്റാഫ് നിയമനം പിഎസ്സിക്ക് വിട്ടത്. ദീര്‍ഘകാലമായി പൊലീസ് തലപ്പത്തുള്ളവര്‍ എല്ലാ ചട്ടവും ലംഘിച്ച് നിയമനം നടത്തിയ സാഹചര്യത്തിലായിരുന്നു ഇത്. നിയമനം പിഎസ്സിക്ക് വിടണമെന്ന് ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഈ അഴിമതി നിയമനത്തിനാണ് വീണ്ടും കളമൊരുങ്ങുന്നത്.

ഇന്റലിജന്‍സ് എഡിജിപി 2011 ആഗസ്ത് 31ന് അസിസ്റ്റന്റ് ഗ്രേഡ് -2 തസ്തികയില്‍ 20 ഒഴിവ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി പിഎസ്സി സ്വീകരിച്ചത്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ റദ്ദു ചെയ്യാനാകില്ലെന്ന് പിഎസ്സി അറിയിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി വീണ്ടും കത്തയച്ചിരിക്കുകയാണ്.
(ദിലീപ് മലയാലപ്പുഴ)

deshabhimani

No comments:

Post a Comment