Saturday, October 12, 2013

നിലപാടില്‍ മാറ്റമില്ലെന്ന് ഫ്രഞ്ച് സ്ഥാനപതിയോട് സിപിഐ എം

ആണവദുരന്തമുണ്ടായാല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനിയും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണെന്ന നിലപാടില്‍നിന്ന് പിന്നോക്കം പോകില്ലെന്ന് സിപിഐ എം ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതിയെ അറിയിച്ചു. ആണവബാധ്യതാ നിയമത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ എകെജി ഭവനിലെത്തിയ ഫ്രഞ്ച് സ്ഥാനപതി ഫ്രാന്‍കോയിസ് റിഷിയറുമായുള്ള കൂടിക്കാഴ്ചയില്‍ പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. സിപിഐ എം നിലപാടില്‍ മാറ്റം വരുത്തണമെന്ന അഭ്യര്‍ഥനയുമായാണ് സ്ഥാനപതി എ കെ ജി ഭവനില്‍ വന്നത്. ആണവ ബാധ്യതാ വിഷയത്തില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ നിലപാട് അറിയിച്ചുവെന്ന് റിഷിയര്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ആണവ സഹകരണത്തില്‍ ഏര്‍പ്പെടുന്ന രാജ്യത്തെ നിയമത്തെ മാനിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ആണവബാധ്യതയെന്നത് ഒരു സുപ്രധാന ഘടകമാണ്. സിപിഐ എമ്മിന് ഈ വിഷയത്തില്‍ സുശക്തമായ നിലപാടുണ്ട്. ആണവ മേഖലയിലെ ഇപ്പോഴത്തെ പ്രവണതയെക്കുറിച്ചും ആണവോര്‍ജ ഉല്‍പ്പാദനത്തിലെ വര്‍ധിച്ചുവരുന്ന സഹകരണത്തെക്കുറിച്ചും സിപിഐ എം നേതൃത്വവുമായി ചര്‍ച്ചചെയ്തു- റിഷിയര്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ ജെയ്താപുരില്‍ സ്ഥാപിക്കുന്ന ആണവനിലയത്തിലേക്ക് ആറ് യൂറോപ്യന്‍ പ്രഷറൈസ്ഡ് റിയാക്ടറുകള്‍ വിതരണംചെയ്യാന്‍ ഫ്രഞ്ച് കമ്പനിയായ അറീവ തയ്യാറെടുക്കുന്നതിനിടെയാണ് ഫ്രഞ്ച് അംബാസഡര്‍ കൂടിക്കാഴ്ചയ്ക്കെത്തിയത്. ആണവബാധ്യതാ നിയമത്തില്‍ വിതരണ കമ്പനിക്ക് കൂടി ഉത്തരവാദിത്തം ഉറപ്പാക്കുന്ന വ്യവസ്ഥ കടുപ്പം നിറഞ്ഞതാണെന്ന നിലപാടാണ് ഫ്രാന്‍സിന്. സിപിഐ എം ഇടപെടലിനെ തുടര്‍ന്നായിരുന്നു ഈ വ്യവസ്ഥ നിയമത്തിന്റെ ഭാഗമാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായത്. വ്യവസ്ഥ ദുര്‍ബലമാക്കാനുള്ള ശ്രമം അമേരിക്കയും ഫ്രാന്‍സും മറ്റും സജീവമാക്കിയിട്ടുണ്ട്. വിതരണ കമ്പനിയെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അനുവദിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ മാറ്റം അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ പാര്‍ടിയുടെ നിലപാട് ആവര്‍ത്തിച്ചു. നിര്‍മാണപ്പിഴവ് മൂലം ദുരന്തമുണ്ടായാല്‍ വിതരണ കമ്പനിക്ക് നഷ്ടപരിഹാര ബാധ്യത നിയമത്തില്‍ ഉറപ്പുവരുത്തുന്നുണ്ട്- യെച്ചൂരി പറഞ്ഞു. അമേരിക്കന്‍ ആണവകമ്പനികളെ സഹായിക്കുന്നതിന് ആണവബാധ്യതാ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ യുപിഎ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ മാറ്റം അനുവദിക്കില്ലെന്ന് സിപിഐ എം വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ തല്‍ക്കാലം പിന്മാറുകയായിരുന്നു.

deshabhimani

No comments:

Post a Comment