Thursday, October 10, 2013

സീമാന്ധ്രയില്‍ അരക്ഷിതാവസ്ഥ

തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെയുള്ള രൂക്ഷമായ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടന്നതോടെ റായലസീമയും തീര ആന്ധ്രയും ഉള്‍പ്പെടുന്ന സീമാന്ധ്ര അക്ഷരാര്‍ഥത്തില്‍ നിശ്ചലം. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടരുന്നതിനാല്‍ സീമാന്ധ്രയിലെ 13 ജില്ലയും ഇരുട്ടിലായി.വൈദ്യുതി ഇല്ലാതായതോടെ ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നീട്ടിവച്ചു.

കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്ന രോഗികള്‍ അങ്ങേയറ്റം വിഷമത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും സമരത്തിലാണ്. 4000 മെഗാവാട്ടിന്റെ വൈദ്യുത നിലയങ്ങള്‍ ഉല്‍പ്പാദനം മുടക്കി. ചൊവ്വാഴ്ച മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സമരം തുടരാന്‍ തീരുമാനിച്ചത്. ആന്ധ്രപ്രദേശിനെ വിഭജിക്കാനുള്ള തീരുമാനം പിന്‍ലിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. ആറ് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുകയാണ്.

സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടക്കുകയാണ്. ആഗസ്ത് 12 മുതല്‍ സര്‍ക്കാര്‍ ബസുകള്‍ നിരത്തിലിറങ്ങുന്നില്ല. ബുധനാഴ്ചയും ജീവനക്കാരുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല, നിരാഹാരം, ധര്‍ണ തുടങ്ങിയവയും നടന്നു. അതേസമയം വിജയനഗരത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ബുധനാഴ്ച രണ്ടു മണിക്കൂര്‍ ഇളവു വരുത്തി. ആളുകള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി രാവിലെ ഏഴു മുതല്‍ ഒമ്പതുവരെയാണ് ഇളവ് വരുത്തിയത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി എംപിയുടെ അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

ജഗന്റെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം താഴ്ന്ന നിലയിലാണെന്നും ഇത് കോമയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചികിത്സയും മരുന്നും അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് തെലങ്കാന രാഷ്ട്രസമിതി(ടിആര്‍എസ്) ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഡിപി നേതാവ് ചന്ദ്രബാബുനായിഡു ഡല്‍ഹിയില്‍ നടത്തുന്ന നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. എപി ഭവനില്‍ നിരാഹാരം നടത്തുന്നത് നിയമവിരുദ്ധമായതിനാല്‍ നായിഡുവിനെ അവിടെനിന്ന് നീക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു. തെലങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച കേന്ദ്രമന്ത്രിസഭാ സമിതിയുടെ യോഗം വെള്ളിയാഴ്ച ചേരുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു.

പള്ളം രാജുവിനെ ഒഴിവാക്കി എ കെ ആന്റണിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംസ്ഥാന അതിര്‍ത്തി, ഉള്‍ക്കൊള്ളിക്കേണ്ട ലോക്സഭാ മണ്ഡലങ്ങള്‍, നീതിന്യായ സംവിധാനം, ഭരണസംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കും. സീമാന്ധ്രയ്ക്കുള്ള പുതിയ തലസ്ഥാനം, പിന്നാക്ക മേഖലകള്‍ക്കും ജില്ലകള്‍ക്കുമുള്ള പരിഗണനകള്‍, തുടങ്ങിയ കാര്യങ്ങളും പരിഗണിക്കും

deshabhimani

No comments:

Post a Comment